തിരുവനന്തപുരം: മരുതംകുഴിയില്‍ റോഡുവക്കില്‍ നിന്ന കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. അതേസമയം മരം മുറിച്ചു നീക്കാനുള്ള രക്ഷാ പ്രവര്‍ത്തനത്തിനിടെ ക്രയിനിന്റെ ഒരു ഭാഗം തകര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിനുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.
കാഞ്ഞിരംപാറ, ബികെപി നഗര്‍, ടിസി 7/351ല്‍ മണിയന്‍(65)ആണ് മരിച്ചത്. ആല്‍മരത്തിനു താഴെയുള്ള കൊച്ചാര്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു മണിയന്‍. മരം വീണ് കാഞ്ഞിരംപാറ സ്വദേശികളായ പൊടിമോന്‍, അനിക്കുട്ടന്‍ എന്നിവര്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ക്രയിന്‍ തകര്‍ന്നുവീണ് മരുതംകുഴി സ്വദേശി മഹേഷ്, കൊച്ചാര്‍ സ്വദേശി രാജേന്ദ്രന്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ തലക്കു പരിക്കേറ്റ രാജേന്ദ്രന്റെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മണിയന്റെ വീട്ടില്‍ മന്ത്രി വി.എസ്.ശിവകുമാറെത്തി. പരുക്കേറ്റവരെയും മന്ത്രി സന്ദര്‍ശിച്ചു. പരുക്കേറ്റ് ആശുപ്ര തിയില്‍ കഴിയുന്നവര്‍ ക്ക് 5000 രൂപ ചികിത്സാ സഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ തുക നല്‍കുന്ന കാര്യം മുഖ്യമന്ത്രി യോടും ധനമന്ത്രി യോടും ആലോചിച്ച് തീരു മാനിക്കും.
ഇന്നലെ രാവിലെ 11 മണിയോടെയാണ് മരുതംകുഴി എല്‍പി സ്കൂളിനു സമീപം റോഡരികില്‍ അപകടാവസ്ഥയില്‍നിന്ന കൂറ്റന്‍ മരം കടപുഴകി റോഡിലേക്ക് വീണത്. ഇതുവഴി ബൈക്കില്‍ പോകുകയായിരുന്ന അനിക്കുട്ടനും പ്രദേശത്തെ മണല്‍വാരല്‍ തൊഴിലാളിയായ പൊടിമോനുമാണ് പരിക്കേറ്റത്. ഇവര്‍ രണ്ടും പേരും അകപ്പെട്ടത് മരത്തിന്റെ ചില്ലകളുടെ ഭാഗത്തായതിനാല്‍തന്നെ രക്ഷാ പ്രവര്‍ത്തനം എളുപ്പത്തിലായി.
അതേസമയം മരിച്ച മണിയന്‍ തടിക്കടിയിലാണ് അകപ്പെട്ടത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മണിയനെ പുറത്തെടുക്കാന്‍ സാധിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്കിനു പുറമെ മറ്റൊരു ബൈക്കും ഒരു മിനി ലോറിയും മരത്തിനടിയില്‍പ്പെട്ടിരുന്നു. അതേസമയം ഹര്‍ത്താലായതിനാല്‍ റോഡില്‍ വാഹനങ്ങളുടെ എണ്ണം കുറവായത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
റോഡിലേക്കുവീണ മരം മുറിച്ചു നീക്കുന്നതിനിടെ ഉച്ചക്ക് മൂന്നു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനത്തിനുപയോഗിച്ച ക്രയിനിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്. കെഎസ്‌ഇബിയുടെ ക്രയിനിന്റെ ക്ലിപ്പ് ഇളകി മാറിയതാണ് അപകട കാരണം. തുടര്‍ന്ന് പരിക്കേറ്റ രണ്ടുപേരെ സ്ഥലത്തുണ്ടായിരുന്ന പോലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ മരിച്ച മണിയന്റെ കുടുംബത്തിന് 10000 രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി അടൂര്‍ പ്രകാശം അറിയിച്ചു. സുശീലയാണ് മണിയന്റെ ഭാര്യ. ബിന്ദു, സിന്ധു, ബിജു, സുനില്‍ എന്നിവര്‍ മക്കളാണ്.













Discussion about this post