പുതുപ്പള്ളി(കോട്ടയം): കുളിപ്പിക്കുന്നതിനിടെ ആന പാപ്പനെ ചവിട്ടികൊന്നു. പുതുപ്പള്ളി കൈതേപ്പാലം പാപ്പാലപറമ്പില്‍ വര്‍ഗീസിന്റെ ഉടമസ്ഥയിലുള്ള പുതുപ്പള്ളി അര്‍ജുനന്‍ എന്ന ആനയാണ് ഒന്നാം പാപ്പനായ പായിപ്പാട് തുരുത്തിപള്ളില്‍ ശശിധര(45)നെ ചവിട്ടികൊന്നത്. വൈകുന്നേരം പന്നിക്കോട്ടുപാലത്തിനുസമീപമുള്ള പാപ്പാലപറമ്പിലാണ് സംഭവം നടന്നത്. മദപ്പാടിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ ആനയെ ഉടമയുടെ പുരയിടത്തില്‍ തളച്ചിരിക്കുകയായിരുന്നു. രാവിലെ മുതല്‍ പാപ്പനുമായി പിണങ്ങി നിന്നിരുന്ന ആനയെ കുളിപ്പിക്കുന്നതിന് ടാങ്കില്‍ ഇറക്കി തേയ്ക്കുവാന്‍ ശ്രമിക്കുമ്പോള്‍ തുമ്പികൈക്ക് ശശിധരനെ അടിച്ചുവിഴ്ത്തുകയായിരുന്നു. അടിയേറ്റുതെറിച്ചു വീണപാപ്പാനെ ടാങ്കില്‍ നിന്നും ചാടിയിറങ്ങിയ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. ഒരു തവണ കുത്തുകയും ചെയ്തു. ചവിട്ടേറ്റ ശശിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാപ്പാനെ കൊലപ്പെടുത്തിയശേഷം പുരയിടത്തിലെ വാഴയും മറ്റും നശിപ്പിച്ച ആന ഇവിടുതെ കെട്ടിടത്തിന്റെ പിന്‍വശവും തകര്‍ക്കുവാന്‍ ശ്രമിച്ചു. ഇടഞ്ഞ ശേഷം പുരയിടത്തില്‍ തന്നെ നിലയുറപ്പിച്ച് വിഭ്രാന്തി കാട്ടിയ ആനയെ എലിഫന്റ് സ്ക്വാഡിലെ വെറ്റിനറി സര്‍ജന്‍ സാബു സി. ഐസക്ക് മയക്കുവെടിവച്ചു. തുടര്‍ന്ന് ശാന്തനായ ആനയെ തളക്കുകയായിരുന്നു. കോട്ടയം ഡിഎഫ്ഒ തോമസ്, ആര്‍ഡിഒ മോഹന്‍പിള്ള, വാകത്താനം പോലീസ് എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു. ആന ഇടഞ്ഞെന്ന വാര്‍ത്ത കേട്ട് നൂറുകണക്കിനു ആളുകള്‍ സംഭവസ്ഥലത്തെത്തി. ഓമനയാണ് മരിച്ച ശശിയുടെ ഭാര്യ. മക്കള്‍ സൂര്യ, കലേഷ് മരുമകന്‍ സുനില്‍.













Discussion about this post