കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ തുടര്‍നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നു കൂടുതല്‍ സമയം വിചാരണക്കോടതിക്കു ചോദിച്ചുവാങ്ങേണ്ടി വരും. ഈ മാസം 31-നകം വിചാരണയും പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയും ചെയ്ത ശേഷം വിധി പ്രഖ്യാപിക്കണമെന്നായിരുന്നു ഹൈക്കോടതിയില്‍ നിന്നുള്ള നിര്‍ദേശം.
എന്നാല്‍ സാക്ഷി വിസ്താരം നീളുകയാണ്. ഫെബ്രുവരി 11-നാണു ടി.പി. വധക്കേസിന്റെ സാക്ഷിവിസ്താരം എരഞ്ഞിപ്പാലം പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്. 48 പ്രവൃത്തിദിനങ്ങളിലായി സാക്ഷിവിസ്താരവും തുടര്‍വിചാരണയുമെല്ലാം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കേസിന്റെ പ്രത്യേക സാഹചര്യത്തെ തുടര്‍ന്നു നീണ്ടു പോകുകയായിരുന്നു.
പോലീസിന്റെ സാക്ഷിപ്പട്ടികയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 284 പേരാണുണ്ടായിരുന്നത്. ഇവരില്‍ 166 പേരെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. കോഴിക്കോട് ജില്ലയിലേയും കണ്ണൂര്‍ ജില്ലയിലേയും കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലേയും സിപിഎം, ആര്‍എസ്എസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ സാക്ഷികളായിരുന്നു. സാക്ഷി വിസ്താരത്തില്‍ 52 പേര്‍ പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയപ്പോള്‍ 114 പേര്‍ പ്രോസിക്യൂഷന് അനുകൂലമായിട്ടാണു മൊഴി നല്‍കിയത്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ബിഎസ്എന്‍എല്‍, എയര്‍ടെല്‍, വോഡാഫോണ്‍, ടാറ്റാ ഡോകോമോ എന്നീ ഫോണ്‍ കമ്പനികളുടെ നോഡല്‍ ഉദ്യോഗസ്ഥന്മാര്‍ എന്നിവരുള്‍പ്പെടെ സാക്ഷിപ്പട്ടികയില്‍ ഇടംനേടിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്മാരായ തലശേരി ഡിവൈഎസ്പി എ.പി.ഷൌക്കത്തലി, കുറ്റ്യാടി സിഐ വി.വി. ബെന്നി എന്നിവരുടെ വിസ്താരം പൂര്‍ത്തിയായി. മറ്റു രണ്ടുദ്യോഗസ്ഥരായ വടകര ഡിവൈഎസ്പി ജോസി ചെറിയാന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി.സന്തോഷ് എന്നിവരുടെ വിസ്താരമാണു പൂര്‍ത്തിയാകാനുള്ളത്. ഇതില്‍ ജോസി ചെറിയാന്റെ പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഈ മാസം 23 ഓടുകൂടി രണ്ട് അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രതിഭാഗത്തിന്റെ ക്രോസ് തുടങ്ങുമെന്നാണ് കോടതിയുടെ നേരത്തെയുള്ള ഷെഡ്യൂള്‍ പ്രകാരം അറിയിച്ചിട്ടുള്ളത്.
ഇതിനിടയില്‍ നേരത്തെ വിസ്തരിച്ച രണ്ടു സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രതിഭാഗത്തിന്റെ ഹര്‍ജിയില്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. കേസിലെ 18-ാം സാക്ഷി ആര്‍എസ്എസ് പൊയിലൂര്‍ കാര്യവാഹക് സന്തോഷ്, 20-ാം സാക്ഷി വത്സന്‍ എന്നിവരെയാണ് വീണ്ടും വിസ്തരിക്കുക. അന്വേഷണ ഉദ്യോഗസ്ഥരുടെ വിസ്താരം കഴിയുന്ന മുറയ്ക്കായിരിക്കും ഇവരുടെ വിസ്താരം തുടങ്ങുക. പ്രത്യേക നിബന്ധനകളോടെയാണ് ഇവരെ വിസ്തരിക്കാന്‍ കോടതി പ്രതിഭാഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
സാക്ഷി വിസ്താരം കഴിഞ്ഞാല്‍ എല്ലാ പ്രതികള്‍ക്കും എതിരായ സാക്ഷിമൊഴി വായിച്ചു കേള്‍പ്പിക്കും. പിന്നീട് പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റെയും വാദം കൂടി കേട്ടശേഷമേ വിധി പ്രഖ്യാപിക്കാന്‍ കഴിയൂ. മൊത്തം 76 പ്രതികളാണുള്ളത്.ഇവരില്‍ 26 പേര്‍ ഒളിവിലാണ്. ശേഷിക്കുന്ന 50 പേര്‍ക്കെതിരേയാണു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. വിചാരണ നടത്തുന്നതിനിടെ ഒന്‍പതാം പ്രതിയും എന്‍ജിഒ യൂണിയന്‍ മുന്‍സംസ്ഥാന നേതാവും സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ സി.എച്ച്.അശോകന്‍ മരിച്ചു. ശേഷിക്കുന്ന 49 പേരാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്.













Discussion about this post