തിരുവനന്തപുരം: തിരുവനന്തപുരത്ത് കാനറാ ബാങ്കില്‍ നിന്നും കൊണ്ടുപോയ 35 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തിരുവനന്തപുരം ആയുര്‍വേദ കോളജിനു മുന്നിലായിരുന്നു സംഭവം നടന്നത്. മത്സ്യതൊഴിലാളി സഹകരണ സംഘത്തിന്റെ പണമാണ് പട്ടാപ്പകല്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. പണമെടുത്തുകൊണ്ടുപോകുകയായിരുന്ന സഹകരണ സംഘത്തിലെ ജീവനക്കാരന്‍ യേശുരാജന്റെ കൈയില്‍ നിന്നാണ് പണമടങ്ങിയ ബാഗ് കവര്‍ച്ചാസംഘം തട്ടിയെടുത്തത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് യേശുരാജനില്‍ നിന്ന് ബാഗ് തട്ടിയെടുത്തത്. ബൈക്കിലുണ്ടായിരുന്ന നാലുപേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. യേശുരാജന്‍ ഇവര്‍ക്കു പിന്നാലെ ഓടിയെങ്കിലും കവര്‍ച്ചാസംഘത്തെ പിടിക്കാനായില്ല. തുടര്‍ന്ന് ഇയാള്‍ ഇവിടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് പ്രദേശത്തെ നിരീക്ഷണകാമറയില്‍ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച് പണാപഹരണം നടത്തിയവരെക്കുറിച്ച് വിവരങ്ങള്‍ തേടി. നഗരത്തിനും പുറത്തും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. യേശുരാജനെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. ഇയാള്‍ക്ക് സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോയെന്ന വിവരവും പോലീസ് അന്വേഷിക്കുന്നുണ്ട്.













Discussion about this post