ആലപ്പുഴ: സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കേന്ദ്രസംഘം സന്ദര്‍ശനം ആരംഭിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലവര്‍ഷക്കെടുതികള്‍ സംഭവിച്ച കുട്ടനാട്ടിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തുന്നത്. ഏഴംഗ സമിതിയാണ് സന്ദര്‍ശനം നടത്തുന്നത്.
ആലപ്പുഴയ്ക്കു പുറമെ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും. വിവിധ മന്ത്രാലയങ്ങളിലുള്ള ഏഴു പേരാണ് സംഘത്തിലുള്ളത്.
കാലവര്‍ഷക്കെടുതി നേരിടാന്‍ 481 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടത്. കുട്ടനാട്ടിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. സംസ്ഥാനത്തെ 891 വില്ലേജുകളെ മഴക്കെടുതി ബാധിച്ചു. 140 ഓളം പേര്‍ മരണപ്പെട്ടു. 549 വീടുകള്‍ പൂര്‍ണമായും 9,499 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയ തുക 65.84 കോടി രൂപയാണ്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസംഘം എത്തുന്നത്. സമിതി രണ്ട് സംഘമായി ദുരിതബാധിത മേഖല സന്ദര്‍ശിക്കും. ഇരു സംഘങ്ങളും ജൂലൈ 23ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സംഘത്തെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും.












