തിരുവനന്തപുരം: കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം
പ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ പുതിയ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്‍പ് ഓം പ്രകാശ് മാഥൂര്‍ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. കേരളത്തിന്റെ പുതിയ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ക്ഷേത്രദര്‍ശനം.
സിക്കിം ഗവര്‍ണര്‍ പദവിയില്‍ നിന്ന് കേരളത്തിലേക്ക്
നേരത്തെ സിക്കിം ഗവര്‍ണറായിരുന്ന ഓം പ്രകാശ് മാഥൂറിനെ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 12-നാണ് കേരള ഗവര്‍ണറായി നിയമിച്ചത്. തമിഴ്നാട് ഗവര്‍ണറായി നിയമിതനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ പിന്‍ഗാമിയായാണ് മാഥൂര്‍ ചുമതലയേറ്റത്. ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ നിയമനവും സ്ഥലംമാറ്റവും ഉള്‍പ്പെട്ട പുനഃസംഘടനയുടെ ഭാഗമായിരുന്നു ഈ മാറ്റം.
ആര്‍എസ്എസ് പ്രചാരകനായി പൊതുപ്രവര്‍ത്തനം തുടങ്ങി
1952 ജനുവരി 2-ന് രാജസ്ഥാനിലെ പാലി ജില്ലയിലെ ബേദല്‍ ഗ്രാമത്തിലാണ് ഓം പ്രകാശ് മാഥൂര്‍ ജനിച്ചത്. രാജസ്ഥാന് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം 1972-ല്‍ ആര്‍എസ്എസ് പ്രചാരകനായാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ബിജെപിയുടെ സംഘടനാ രംഗത്ത് നിര്‍ണായക ചുമതലകള്‍ വഹിച്ചു.
രാജസ്ഥാനില്‍ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായും ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുജറാത്ത് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കി. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായും രണ്ട് തവണ പ്രവര്‍ത്തിച്ചു. ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയിലേക്ക് എത്തുന്ന മാഥൂറിന് പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനത്തിലും ദേശീയ രാഷ്ട്രീയത്തിലും ദീര്‍ഘകാല അനുഭവസമ്പത്തുണ്ട്.













