അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ ഭരണ നടത്തിപ്പുകള്‍ ദീര്‍ഘനാളത്തെ നിയമ പോരാട്ടങ്ങള്‍ക്ക് ശേഷം ദേവസ്വം ബോര്‍ഡില്‍ നിന്ന് ഭക്തജനങ്ങള്‍ക്കായി വീണ്ടെടുത്ത ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങളെ കേരള സന്യാസി മാര്‍ഗദര്‍ശക മണ്ഡലം അഭിനന്ദിക്കുകയും ക്ഷേത്രം ട്രസ്റ്റ ഭാരവാഹികള്‍ക്ക് മംഗളപത്രം സമര്‍പ്പിക്കുകയും ചെയ്തു. ക്ഷേത്ര ട്രസ്റ്റ ഭാരവാഹികളായ കൃഷ്ണകുമാര വര്‍മരാജ, പ്രകാശ് രാജ, രാഗേഷ് രാജ എന്നിവരുടെ നേതൃത്വ ത്തില്‍ സ്വാമിമാര്‍ക്ക് ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി.
ഇതര മതങ്ങളുടെ ആരാധനാലയങ്ങള്‍ അവരുടെ മതസ്ഥാപനങ്ങളും സംഘടനകളും കൈവശം വെച്ച് അവരുടെ സാമൂഹിക പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്ന കാര്യം ഹിന്ദുസമൂഹം വിസ്മരിക്കരുതെന്നും, തിരുമാന്ധാംകുന്നിലമ്മയുടെ അനുഗ്രഹത്താല്‍ നേടിയ ഈ വിജയം അനുകരണീയമായ മാതൃകയാണെന്നും സ്വാമിമാര്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ മാത്രമല്ല, ഭാരതത്തിലുടനീളം ഹൈന്ദവ സമൂഹം തിരുമാന്ധാംകുന്ന് മാത്യക പിന്തുടരണമെന്നും അവര്‍ വ്യക്തമാക്കി. മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. ധര്‍മാനന്ദ സ്വാമികള്‍ (മഠാധിപതി രാമാനന്ദാശ്രമം, മണ്ണൂര്‍), സ്വാമി ആത്മസ്വരൂപാനന്ദ (പാലേമാട്, ശ്രീരാമക്യഷ്ണാശ്രമം), സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി (മഠാധിപതി, ആഞ്ജനേയാശ്രമം, ചെറുകോട്) തുടങ്ങിയ സന്യാസിമാരാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം സന്ദര്‍ശിച്ചത്.













