തിരുവനന്തപുരം: മനുഷ്യാവകാശം സംരക്ഷിച്ചുക്കൊണ്ട് കോടതി വിധികള്‍ പാലിക്കുകയാണ് കേരളത്തിലെ ജയിലുകളുടെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരത്ത് കുഞ്ചാലുംമൂട് പ്രത്യേക സബ് ജയിലില്‍ സോളാര്‍ യൂണിറ്റിന്റെ കമ്മീഷനിങ്, ബിരിയാണി നിര്‍മ്മാണ യൂണിറ്റ്, ബയോഗ്യാസ് പ്ലാന്റ്, അന്തേവാസികള്‍ക്കായുള്ള വീഡിയോ ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജയില്‍ നിയമങ്ങള്‍ പാലിക്കേണ്ട ഉത്തരവാദിത്തം തടവുകാര്‍ക്കുണ്ട്.ജയില്‍ നിയമങ്ങള്‍ കര്‍ക്കശമാക്കും. തടവുകാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ജയിലുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് കെല്‍ട്രോണിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഏഴ് ജയിലുകളിലും ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കെല്‍ട്രോണും രാജസ്ഥാന്‍ ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രമെന്റേഷനും സംയുക്തമായാണ് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത്. 47.6 കിലോവാട്ട് ശേഷിയുള്ള പാനലാണ് ജയിലില്‍ സ്ഥാപിച്ചിരിക്കുന്നത്. അറുപതിനായിരം യൂണിറ്റ് വൈദ്യുതി പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കാനാകും. ഇതുവഴി 3.6 ലക്ഷം രൂപ പ്രതി വര്‍ഷം ലാഭിക്കാം. മൂവായിരം ലിറ്റര്‍ ക്ഷമതയുള്ള സോളാര്‍ തെര്‍മ്മല്‍ വാട്ടര്‍ ഹീറ്ററും സ്ഥാപിച്ചിട്ടുണ്ട്. ഭാവിയില്‍ നീരാവി ഉപയോഗിച്ച് ഇഡ്ഡലിയും ചോറും പാചകംചെയ്യാനാകും. വൈകിട്ട് ആറ് മണി മുതല്‍ രാവിലെ ആറ് മണി വരെ സൗരോര്‍ജ്ജം ഉപയോഗിച്ച് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും. ഫാനുകള്‍ ആറ് മണിക്കൂര്‍ പ്രവര്‍ത്തിക്കും. തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ. എന്‍. സതീഷ് ,ജയില്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ്, സിനിമാതാരം ശ്രീലക്ഷ്മി, കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ സി. പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post