തിരുവനന്തപുരം: ഒരു ലക്ഷം യുവകര്‍ഷകര്‍ക്ക് കാര്‍ഷികമേഖലയില്‍ പ്രത്യേക തൊഴില്‍ദാന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിനുള്ളില്‍ സ്‌കീമുകള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ കൃഷിമന്ത്രി കെ.പി.മോഹനന്റെ സാന്നിദ്ധ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
സ്‌കീമിനായുള്ള അഡീഷണല്‍ ഫണ്ടിന്റെ കാര്യം ക്യാബിനറ്റില്‍ അവതരിപ്പിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാളികേര ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ജോസിനെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുവാനും സ്‌കീമുകള്‍ തയ്യാറാക്കി യുവകര്‍ഷക സമിതിയുമായി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കുവാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്‌കീമുകള്‍ക്ക് സര്‍ക്കാര്‍ ലോണ്‍ നല്‍കും. ഇത് കര്‍ഷകര്‍ തിരിച്ചടയ്ക്കണം. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡികള്‍ യുവകര്‍ഷകര്‍ക്ക് നേടിക്കൊടുക്കണമെന്നും നീര ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ യുവകര്‍ഷകരെ സഹകരിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യം തീരുമാനിച്ച് അറിയിക്കാണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
മന്ത്രി കെ.പി.മോഹനന്‍, അഗ്രിക്കള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ സുബ്രതോ ബിശ്വാസ്, പൊതുഭരണ വകുപ്പ് സെക്രട്ടി കെ.ആര്‍.ജ്യോതിലാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.













Discussion about this post