ശ്രീ ചട്ടമ്പി സ്വാമിതിരുവടികള്‍ ആരായിരുന്നു? അദ്ദേഹത്തിന്റെ മഹത്വം എങ്ങനെയുള്ളതായിരുന്നു? അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്നത് എന്തിനുവേണ്ടിയാണ്? എന്നിങ്ങനെ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ അപ്രസക്തങ്ങളാണ് എന്ന് മുദ്രകുത്തി തള്ളിക്കളയരുത്. ശ്രീ ചട്ടമ്പിസ്വാമികള്‍ ഭാരതീയ സംസ്‌കാരചരിത്രത്തില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന ഒരത്ഭുതരമണീയമായ അദ്ധ്യാത്മീകജോതിസ്സാണ്. ചട്ടമ്പിസ്വാമികളെപ്പറ്റി അറുപതിനായിരത്തിലധികം സംസ്‌കൃതശ്ലോകങ്ങള്‍ രചിച്ച ദിവംഗതനായ പ്രൊഫസര്‍ എ.വി.ശങ്കരന്റെ വാക്കുകളാണിവ. മഹാസമാധിയിലൂടെ വിദേഹമുക്തി വരിച്ച ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണഗുരുവിന്റെ ദൃഷ്ടിയില്‍ സര്‍വ്വജ്ഞനാണ്, ഋഷിയാണ്, സദ്ഗുരുവാണ്, മഹാഗുരുവാണ്, മഹാപ്രഭുവാണ് അദ്ദേഹം പറയുന്നു.
സര്‍വ്വജ്ഞഋഷിരുത്ക്രാന്തഃ
സദ്ഗുരുഃശുകവര്‍ത്മനാ
ആഭാതിപരമവ്യോമ്‌നി
പരിപൂര്‍ണ്ണകലാനിധിഃ
ലീലയാകാലമധികം
നീത്വാന്തേ സമഹാപ്രഭുഃ
നിഃസ്വംവപുഃസമുദ്‌സ്യജ്യസ്വം
ബ്രഹ്മവപുരാസ്ഥിതഃ
ഈ മഹാസമാധി പദ്യത്തില്‍ ഗുരുദേവന്‍ ഉപയോഗിച്ചിട്ടുള്ള സര്‍വ്വജ്ജ-മഹാപ്രഭു-പരിപൂര്‍ണ്ണകലാനിധി ശബ്ദങ്ങള്‍ സാക്ഷാല്‍ ഈശ്വരന്ന് മാത്രം ചേര്‍ന്നവയാണ് എന്ന് നാം അറിയണം. വ്യാസനും ശങ്കരനും കൂടിച്ചേര്‍ന്നാല്‍ നമ്മുടെ സ്വാമിയായി – മൂലവും ഭാഷ്യവും കൂടിച്ചേര്‍ന്നതാണല്ലോ എന്നും നാരായണഗുരുദേവന്‍ പറഞ്ഞിട്ടുണ്ട്.
മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വയ്യര്‍ എഴുതിയ മഹാസമാധിപദ്യത്തില്‍ നിന്ന് ഉദ്ധരിക്കാം.
പ്രത്യങ് മുഖര്‍ക്ക് പരിചില്‍ പരചിത്സ്വരൂപം
പ്രത്യക്ഷമാക്കിനവിഭോപരിപക്വഹൃത്തേ
പ്രത്യഗ്രശങ്കര ഭവാന്റെ ചരിത്രമെന്നും
പ്രത്യക്ഷരം പരമപാവനമായ് വിളങ്ങും!
ഇതിലെ വിഭു, പരിപക്വഹൃത്ത്, പ്രത്യഗ്രശങ്കരന്‍ എന്നീ പദങ്ങളുടെ ഗൗരവം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. സച്ചിദാനന്ദനയ്യപ്പന്‍ ശങ്കരാചാര്യസദ്ഗുരു വിദ്യാധിരാജനയ്യപ്പന്‍ ഭാര്‍ഗ്ഗവക്ഷേത്രമൂര്‍ത്തികള്‍ ശ്രീ എം.എസ്സ്. കുമാരന്‍ നായര്‍ കേരളീയരുടെ മൂന്നുപാസനാ മൂര്‍ത്തികളിലൊന്നായി വിദ്യാധിരാജനായ അയ്യപ്പനെ പ്രകീര്‍ത്തിച്ചിരിക്കുന്നു. അയ്യപ്പന്‍ എന്നത് സ്വാമികളുടെ പൂര്‍വ്വാശ്രമനാമവും, വിദ്യാധിരാജന്‍ എന്നത് സ്വാമികളുടെ കാരണനാമവും ആണല്ലോ. ചിത്തംകൊണ്ട് സങ്കല്‍പിക്കാന്‍ പോലും നിര്‍വ്വാഹമില്ലാത്ത മട്ടില്‍ അപരിമേയമായിരുന്നു സ്വാമിതിരുവടികളുടെ മാഹാത്മ്യം എന്ന് മഹാകവി വള്ളത്തോള്‍ അദ്ദേഹത്തിന്റെ ഒരു സമാധിപദ്യത്തില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. പരമഭഗവതോത്തമനും, ബ്രഹ്മസൂത്രം, മഹാഭാരതം മുതലായ ഭക്തിജ്ഞാന ഗ്രന്ഥങ്ങളുടെ വിശിഷ്ട വ്യാഥ്യാതാവും ആയ കൊല്ലങ്കോട് പണ്ഡിറ്റ് ഗോപാലന്‍ നായര്‍ എഴുതുന്നു.
‘അഖണ്ഡജ്ഞാനാനന്ദ സ്വരൂപനായ സര്‍വ്വേശ്വരന്‍ അജ്ഞാനാന്ധകാരത്തിലകപ്പെട്ട് സ്വസ്വരൂപത്തെ അറിയാതെ ജന്മാദി ദുഃഖസമുദ്രത്തില്‍ കിടന്ന് വലയുന്ന ജീവരാശികളെ അനുഗ്രഹിപ്പാന്‍ സ്വേച്ഛയാ സ്വീകരിച്ച ഒരവതാരവിഗ്രഹം തന്നെയാണ് ശ്രീ ചട്ടമ്പിസ്വാമിഗുരുദേവന്‍. അവിഭക്തം വിഭക്തേഷു വിഭക്തമിവചസ്ഥിതം… എന്ന ഗീതാവാക്യങ്ങളുടെ ആന്തരാര്‍ത്ഥത്തെ മനുഷ്യദൃഷ്ടിയില്‍ കാട്ടിക്കൊടുത്ത് ശ്രീ ഗുരുപരമഭട്ടാരചട്ടമ്പിസ്വാമി തിരുവടികള്‍ മാനുഷാകൃതിയില്‍ സഞ്ചരിച്ചിരുന്ന സര്‍വ്വേശ്വരന്‍ തന്നെയായിരുന്നു എന്ന് കാണുന്നവര്‍ തന്നെ ആ മഹാത്മാവിനെകണ്ടവര്‍’.
ബ്രഹ്മശ്രീ ഹിമവദ് വിഭൂതി തപോവനസ്വാമികള്‍ പറയുന്നത് ഒന്ന് ശ്രദ്ധിക്കാം.
‘…. ഒരു വിധ ദുഷ്ടപ്രാരബ്ധങ്ങളും അനര്‍ഥങ്ങളും ഒന്നും കൂടാതെ സ്വധര്‍മ്മയായ ത്യാഗത്തില്‍ നിഷ്ഠിതനായി, അസംഗനായി, അപരിഗ്രഹനായി, ഭിക്ഷുകനായി അതേ രൂപത്തില്‍ വര്‍ത്തിച്ച് കൊണ്ടുതന്നെ ബ്രഹ്മവിദ്യയെ അധികാരികള്‍ക്കായി പ്രചാരം ചെയ്യുക എന്നുള്ള ലോകോപകാര്യത്തേയും അനുഷ്ഠിച്ചിരുന്ന ജീവന്മുക്തനായ ചട്ടമ്പിസ്വാമികള്‍ ഒരു ആദര്‍ശപരമഹംസനായിരുന്നു എന്നതിന് രണ്ടുപക്ഷമില്ല.’
മന്നത്ത് പത്മനാഭന്റെ വര്‍ണ്ണന ഒരു പശ്ചാത്താപമാണ്’. ഇത്ര വിശിഷ്ടനായ ഒരു മഹാപുരുഷന്‍ നമ്മുടെ ഇടയിലുണ്ടായിട്ട് വേണ്ടവണ്ണം ഉപയോഗിക്കുവാന്‍ കഴിയാതെ പോയത് വലിയ നിര്‍ഭാഗ്യമായിപ്പോയി എന്നോര്‍ത്ത് പശ്ചാത്തപിക്കേണ്ടിയിരിക്കുന്നു.’
ദയയില്‍ ശ്രീബുദ്ധനേയും പ്രതിഭയില്‍ ശ്രീ ശങ്കരനെയും സ്വാമി തിരുവടികള്‍ അതിശയിച്ചിരിക്കുന്നു എന്നാണ് ഗ്രന്ഥകര്‍ത്താവായ പറവൂര്‍ ഗോപാലപിള്ള സ്വാമികളെ വിശേഷിപ്പിച്ചത്. ചട്ടമ്പിസ്വാമികളെപ്പറ്റി, അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെയും സിദ്ധികളുടെയും, പാണ്ഡിത്യത്തിന്റെയും, സ്‌നേഹവാത്സല്യത്തിന്റെയും, പല പല കഥകളും പ്രചാരത്തിലുണ്ട്.
1892ല്‍ എറണാകുളത്ത് വെച്ച് സ്വാമി വിവേകാനന്ദനുമായുള്ള സംഗമം ഏറ്റവും മഹത്തായതാണ്. സ്വാമിജിക്ക് കുറേ നാളായി ഉത്തരം കിട്ടാതിരുന്ന ചിന്മുദ്രയെപ്പറ്റിയുള്ള ചില സംശയങ്ങള്‍ ചട്ടമ്പിസ്വാമികള്‍ ഉപനിഷത്തിലെ ചില അപ്രകാശിത ഭാഗം ഉദ്ധരിച്ച്, പരിഹരിക്കുകയുണ്ടായി. ‘ഞാന്‍ ബംഗാളില്‍ നിന്ന് വളരെ ദൂരം സഞ്ചരിച്ചു. വടക്കുമുതല്‍ തെക്ക് ഇവിടംവരെ എത്തി. പല സന്യാസിമാരേയും കണ്ടു. ചിന്മുദ്രയെപ്പറ്റി ഇത്രയും തൃപ്തികരമായ ഒരു സമാധാനം ഇന്നുവരെ ആരും എനിക്ക് പറഞ്ഞുതന്നിട്ടില്ല.’ എന്ന് സ്വാമി വിവേകാനന്ദന്‍ ശ്രീ സ്വാമി തിരുവടികളോടു പറഞ്ഞു. മാത്രമല്ല, തന്റെ ഡയറിയില്‍ ‘Here I have seen a remarkable person’ എന്ന് കുറിച്ചിടുകയും ചെയ്തു. ‘ആ പൊന്നിന്‍ കുടം വാ തുറന്നാല്‍ മണല്‍ത്തരി പോലും മധുരിക്കും’ എന്നാണ് സ്വാമികള്‍ വിവേകാനന്ദജിയെക്കുറിച്ച് പറഞ്ഞത്. ഒരു കാര്യം ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. സര്‍വ്വജ്ഞനും സകലകലാവല്ലഭനും യോഗീശ്വരനുമായ സ്വാമിതിരുവടികള്‍ക്ക്, ചിന്മുദ്രയെപ്പറ്റിയുള്ള സംശയങ്ങള്‍ തീര്‍ത്തുകൊടുത്തത്, ഒരു വലിയ പ്രശംസയായി പറയാനില്ല. എന്നാല്‍, ലോകശ്രേഷ്ഠ സന്യാസിവര്യന്‍ ‘ഭ്രാന്താല’ യമായിരുന്ന ഇവിടെ വന്ന് സ്വാമിതിരുവടികളുടെ നിസ്വാര്‍ത്ഥപ്രവര്‍ത്തനങ്ങളെ അംഗീകരിച്ച് പ്രശംസിക്കുകയും വിശിഷ്ട വ്യക്തിയായി രേഖപ്പെടുത്തുകയും ചെയ്തു എന്നതാണ് കൂടുതല്‍ പ്രശംസനീയവും അഭിമാനകരവുമായ വസ്തുത.
സ്വാമിതിരുവടികളുടെ കഴിവിന്റെ ഒരു ഉദാഹരണം മാത്രം നമുക്ക് ശ്രദ്ധിക്കാം. പലതും വായിച്ചതില്‍ ഇത് വളരെ ഹൃദ്യമായി തോന്നി.
ഒരിക്കല്‍ ഇരിങ്ങാലക്കുടയില്‍ വെച്ച് ഒരു വലിയ സംസ്‌കൃത വൈയാകരണനുമായി സ്വാമി തിരുവടികള്‍ ഒരു സംവാദത്തിലേര്‍പ്പെട്ടു. ആഗതനായ പണ്ഡിതന്‍ അനാര്‍ഭാടദര്‍ശനനായ സ്വാമിയെ അത്ര കാര്യമാക്കിയില്ല. വ്യാകരണ വിഷയത്തില്‍ അല്‍പനേരം കൊള്ളക്കൊടുക്കല്‍ വേലകള്‍ നടന്നപ്പോള്‍, പണ്ഡിതന്‍ വിയര്‍ത്തൊലിച്ചു. പരാജയം സമ്മതിച്ചു. അപ്പോള്‍ വളരെ സൗഹൃദത്തോടെ ചട്ടമ്പിസ്വാമി തിരുവടികള്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു, ‘വ്യാകരണ സൂത്രങ്ങള്‍ തുടങ്ങുന്നത് അ, ഇ, ഉണ്ട്, എ, ഓങ്ങ് ഇങ്ങനെയാണല്ലോ ഇത് അ മുതല്‍ തുടങ്ങുന്നതിന് വല്ല കാരണവും പറയാനുണ്ടോ?
‘പാണിനിയോ പതജ്ഞലിയോ ഇതിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല, ഞങ്ങളെ ഗുരുക്കന്മാര്‍ പഠിപ്പിച്ചിട്ടുമില്ല.’ എന്നായിരുന്നു പണ്ഡിതന്റെ മറുപടി.
അതിന് സ്വാമികള്‍ പറഞ്ഞുകൊടുത്ത മറുപടി വളരെ അര്‍ത്ഥവത്തായതിനാല്‍ തികച്ചും ശ്രദ്ധേയമാണ്. ‘മനുഷ്യോത്പത്തിക്കും ഭാഷോത്പത്തിക്കും തമ്മില്‍ സാമ്യമുണ്ടെന്നുള്ളത് വിശേഷിച്ച് പറയേണ്ടതില്ല്‌ല്ലോ, ഗര്‍ഭപാത്രത്തില്‍ വെച്ച് മാത്രമല്ല, പ്രസവം വരെ പ്രജപൂര്‍ണ്ണമൗനം ഭജിച്ചിരിക്കുന്നു. ജനനവേളയിലാണ് ശിശു ആദ്യമായി മൗനം ഭഞ്ജിക്കുന്നത്, ഇങ്ങനെ ചെയ്യുന്നത് അകാരോച്ചാരണത്തോടെയാണല്ലോ, ആകയാല്‍ ഭാഷയിലെ അക്ഷരമാല അകാരപൂര്‍വ്വമായിരിക്കുന്നതിന്റെ ഔചിത്യം കണ്ടുകൊള്‍ക. ഗര്‍ഭക്ലേശങ്ങളില്‍ നിന്ന് വിമുക്തിലഭിച്ചശേഷം സന്തോഷഭരിതമായ ഹൃദയത്തിന്റെ വ്യാപാരം സാമാന്യം ഒരു ചിരിയുടെ രൂപത്തില്‍ പ്രസരിക്കുന്നതിന്റെ ഫലമായി ഇകാരോച്ചാരണം ഉണ്ടാകുന്നു. പിന്നീട് ശിശുക്കള്‍ക്ക് ഉണ്ടാകുന്നത് ബാഹ്യപ്രകൃതിയിലെ ശബ്ദാദികളില്‍ നിന്ന് ഉണ്ടാകുന്ന ഭയമാണ്, അതുകൊണ്ട് ശിശു ഞെട്ടുകയും അതിന്റ ശബ്ദനിര്‍ഗമനം ഉകാരോച്ചാരണമായിത്തീരുകയും ചെയ്യുന്നു.’ ഈ വ്യാഖ്യാനം കേട്ട് ആശ്ചര്യഭരിതനായ പണ്ഡിതന്‍ സ്വാമി തിരുവടികളെ ആദരപൂര്‍വ്വം നമസ്‌കരിച്ച് യാത്ര തിരിച്ചു.
ഇത്രയെല്ലാമായാലും ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ജീവിതസന്ദേശം സ്‌നേഹവാത്സല്യ കരുണാധിഷ്ഠിതമായ അഹിംസയാണ്.
അഖിലലോകപ്രശസ്തി നേടിയ സനാതന ധര്‍മ്മപ്രവാചകനായ സ്വാമി ചിന്മയാന്ദജി തന്റെ ആത്മീയമായ വളര്‍ച്ചയില്‍ ശ്രീ വിദ്യാധിരാജ സ്വാമി തിരുവടികള്‍ക്കുള്ള പ്രമുഖമായ സ്ഥാനത്തെ സാഹ്ലാദം രേഖപ്പെടുത്തിയിട്ടുണ്ട്. ചിന്മയാനന്ദജിയുടെ ശൈശവകാലഘട്ടത്തില്‍ ഒരിക്കല്‍ സ്വാമിതിരുവടികള്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ ചെല്ലാന്‍ ഇടയായി. ആ ശിശുവിനെ സ്വാമികള്‍ തന്റെ മടിയില്‍ ഇരുത്തുകയും രണ്ട് കൈകള്‍ കൊണ്ടും താലോലിക്കുകയും ചെയ്തു. ജന്മാന്തരസുകൃതം കൊണ്ട് ലഭ്യമായ ഈ അപൂര്‍വ്വ ഭാഗ്യമാണ് തനിക്ക് പില്‍ക്കാലത്ത് ഉണ്ടായ ആദ്ധ്യാത്മിക വളര്‍ച്ചക്ക് നിദാനമായി ഭവിച്ചത് എന്ന് സ്വാമി ചിന്മയാനന്ദജി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതില്‍ നിന്നെല്ലാം ചട്ടമ്പിസ്വാമികള്‍ ആരായിരുന്നു. അദ്ദേഹത്തിന്റെ മഹത്വം എങ്ങനെ ഉള്ളതായിരുന്നു. അദ്ദേഹത്തെ എന്തിന് വേണ്ടി പ്രകീര്‍ത്തിക്കുന്നു എന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം. ഇതിനെപ്പറ്റി ഇനിയും എത്രവേണമെങ്കിലും എഴുതികൊണ്ടേയിരിക്കാം.
ദര്‍ശനം, ബ്രഹ്മശ്രീ ചിത്സ്വരൂപതീര്‍ത്ഥപാദസ്വാമികള്‍ 1989ല്‍ എഴുതി. ‘സര്‍വ്വചരാചരങ്ങളെയും അദൈ്വതഭാവനയില്‍ ഒന്നായിക്കണ്ട, ആ ദര്‍ശനത്തെ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിക്കാണിച്ച്, ആകാശത്തിന്റെ വിശാലതയും ആഴക്കടലിന്റെ ഗാംഭീര്യവും പ്രകാശിപ്പിച്ചുകൊണ്ട് കേരളഭൂമിയെ ധന്യമാക്കിയ പരമഭട്ടാരകനെ മനസാവാചാകര്‍മണാ ഉപാസിച്ച് പോരുന്ന ആ ‘ദര്‍ശനം’ എന്ന സംഘടന മറ്റ് വിദ്യാധിരാജാ പ്രസ്ഥാനങ്ങളില്‍ വെച്ച് തികച്ചും ഭിന്നമാണ്. മറ്റ് പക്ഷികളേക്കാള്‍ എത്രയോ ഉയരേ പറക്കുന്ന വൈനതേയനെപ്പോലെയാണ് ഇത്. ഗരുഢന്റെ ചിറകടിയൊച്ചയില്‍ സാമഗാനം മുഴങ്ങികേള്‍ക്കുന്നതുപോലെ, ദര്‍ശനത്തിന്റെ പ്രവര്‍ത്തനചലനധ്വനികളില്‍ ഭട്ടാരകപ്രേമഭാവനയുടെ മധുരഗീതം ഉയര്‍ന്ന് കേള്‍ക്കുന്നു’.
ദര്‍ശനത്തെക്കുറിച്ച് പറയുമ്പോള്‍ 2000 മാര്‍ച്ച് 31-ാംനു ദിവംഗതനായ ദര്‍ശനാചാര്യന്‍ പ്രൊഫസര്‍ എ.വി.ശങ്കര്‍ജിയെ സ്മരിക്കാതെ ഇരിക്കുവാന്‍ സാദ്ധ്യമല്ല. തന്റെ നിസ്തന്ദ്രമായ പ്രവര്‍ത്തനവും ആത്മാര്‍പ്പണവ്യഗ്രതയുംകൊണ്ട് പരമഭട്ടാരകചട്ടമ്പിസ്വാമികളെ ആധാരമാക്കി 60,000 സംസ്‌കൃതശ്ലോകങ്ങള്‍ അടങ്ങിയ തീര്‍ത്ഥപാദപുരാണം അദ്ദേഹം രചിച്ചിട്ടുണ്ട്.
ഹരിഃഓം. ശ്രീ സദ്ഗുരുഭ്യോനമഃ
Discussion about this post