കൊച്ചി: ഇന്ത്യ തദ്ദേശീയമായ നിര്‍മിച്ച ആദ്യ വിമാന വാഹനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ഇന്നു നീറ്റിലിറക്കും. ഒരേ സമയം 30 യുദ്ധ വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കപ്പല്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയാണു നീറ്റിലിറക്കുന്നത്. കൊച്ചി കപ്പല്‍ ശാലയിലാണ് ചടങ്ങ് നടക്കുന്നത്.
മിഗ് 29 ഉള്‍പ്പെടെയുള്ള യുദ്ധ വിമാനങ്ങള്‍ വഹിക്കാനുള്ള ശേഷി ഐഎന്‍എസ് വിക്രാന്തിനുണ്ട്. രണ്ടു റണ്‍വേകളുള്ള കപ്പലില്‍ ഒരേ സമയം രണ്ടു വിമാനങ്ങള്‍ക്കു പറന്നുയരാനും ഒരു വിമാനത്തിന് ഇറങ്ങാനുമുള്ള സൗകര്യവുമുണ്ട്. 260 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള ഐഎന്‍എസ് വിക്രാന്തിന് 40,000 ടണ്ണിലധികം ഭാരം വഹിക്കാന്‍ കഴിയും.
കപ്പല്‍ നീറ്റിലിറക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി മുഖ്യാതിഥിയാകും. ഐഎന്‍എസ് വിക്രാന്ത് നീരണിയുന്നതോടെ തദ്ദേശീയമായി യുദ്ധക്കപ്പല്‍ നിര്‍മിച്ച എട്ടാമത്തെ രാജ്യമാകും ഇന്ത്യ. കപ്പല്‍ പൂര്‍ണ സജ്ജമാകാന്‍ 2018 വരെ കാത്തിരിക്കേണ്ടിവരും. നീറ്റിലിറക്കിയശേഷമാണു ശേഷിക്കുന്ന പണികള്‍ നടത്തും.
പ്രൊജക്ട് 71 എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് 3260 കോടി രൂപയാണു ചെലവ് കണക്കാക്കിയിരിക്കുന്നത്. വിക്രാന്ത് കൂടി വെള്ളത്തിലിറങ്ങുന്നതോടെ ഇന്ത്യന്‍ നാവിക സേനയുടെ വിമാന വാഹനി കപ്പലുകളുടെ എണ്ണം മൂന്നാകും.
ഇന്ത്യന്‍ നേവിയുടെ ഷിപ്പ് ഡിസൈനിങ് വിഭാഗമാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തത്. കൊച്ചി കപ്പല്‍ശാലയ്ക്കാണ് ഇതിന്റെ നിര്‍മാണ ചുമതല. കപ്പലിന്റെ രണ്ടാംഘട്ട നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. നീറ്റിലിറക്കിയതിനു ശേഷമായിരിക്കും മൂന്നാംഘട്ടം നിര്‍മാണം. കപ്പലിന്റെ കടലിലെ പരീക്ഷണങ്ങള്‍ 2016ല്‍ പൂര്‍ത്തീകരിക്കും. 2018 ല്‍ കപ്പല്‍ നാവികസേനയുടെ ഭാഗമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രമുഖ സ്ഥാപനമായ സ്റ്റീല്‍ അഥോറിറ്റി ഒഫ് ഇന്ത്യയാണ് കപ്പലിനാവശ്യമായ ഹൈ ഗ്രേഡ് വാര്‍ഷിപ്പ് സ്റ്റീല്‍ നിര്‍മിച്ചു നല്‍കിയത്. മിഗ് 29 പോര്‍ വിമാനങ്ങള്‍, യുദ്ധത്തിനുപയോഗിക്കുന്ന ചെറു വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ലോങ് റേഞ്ച് മിസൈലുകള്‍ എന്നിവ വഹിക്കാനുള്ള ശേഷി കപ്പലിനുണ്ട്. വ്യോമാക്രമണങ്ങള്‍ സംബന്ധിച്ചു മുന്നറിയിപ്പ് നല്‍കുന്ന റഡാര്‍ സംവിധാവും കപ്പലിലുണ്ട്.
2006ലാണു കൊച്ചി കപ്പല്‍ശാലയില്‍ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 24 മെഗാവാട്ട് കപാസിറ്റിയുള്ള ജനറേറ്ററുകളും ഗ്യാസ് ടര്‍ബൈനുകളുമാണു കപ്പലിനാവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നത്.
Discussion about this post