1. പശ്ചാത്തലം
ഇന്നത്തെ കേരളത്തില്‍, സ്വാതന്ത്ര്യത്തിനു മുമ്പ് ഉപഭരണപ്രദേശങ്ങള്‍ ഉണ്ടായിരുന്നു. രാജഭരണം നടന്നിരുന്ന തിരുവിതാംകൂറും കൊച്ചിയും നാട്ടുരാജ്യങ്ങളായിരുന്നു. മലബാറില്‍ ടിപ്പുവിന്റെ പടയോട്ടം വിജയമായിരുന്നുവെങ്കിലും ആലുവാപ്പുഴയില്‍ വച്ച് മൈസൂര്‍ സൈന്യത്തെ തിരുവിതാംകൂര്‍ തിരിച്ചോടിച്ചതിനു ശേഷം (1790) തത്തമംഗലം മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശം ബ്രിട്ടീഷ് നിയന്ത്രണത്തിലുളള മലബാര്‍ ജില്ലയായി. ശ്രീരംഗപട്ടണം ഉടമ്പടിപ്രകാരം 1792-ല്‍ ടിപ്പു താന്‍ കീഴടക്കിയ മലബാര്‍ പ്രദേശങ്ങള്‍ മുഴുവന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് നല്‍കുകയും അതിന്റെ ഭരണം ബോംബെ ഗവര്‍ണറുടെ നിയന്ത്രണത്തിലാകുകയും ചെയ്തു. 1800-ല്‍ മാത്രമാണ് മലബാര്‍ ജില്ല, മദിരാശി പ്രവിശ്യയില്‍ ഉള്‍പ്പെടുത്തപ്പെട്ടത്.
കഴിഞ്ഞ നൂറ്റാണ്ടില്‍ ഐക്യകേരള പ്രസ്ഥാനം ശക്തിപ്പെട്ടപ്പോള്‍ ആദ്യം നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും സംയോജനം നടന്നു (1949). അതോടെ രാജഭരണം അവസാനിച്ചു. സ്വാതന്ത്ര്യാനന്തര നാട്ടുരാജ്യങ്ങളുടെ സംയോജന ചുമതല കേന്ദ്രമന്ത്രി സര്‍ദാര്‍ പട്ടേലിനായിരുന്നു.
അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന വി.പി.മേനോന്‍ എന്ന മലയാളിയായിരുന്നു, നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നതും. കൊച്ചിരാജാവ് തനിക്ക് ഒരു പഞ്ചാംഗം മാത്രം വര്‍ഷംതോറും തന്നാല്‍ മതിയെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ ഇന്ത്യയോട് ചേര്‍ക്കുന്നതിനുള്ള സമ്മതപത്രം നല്‍കി. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയെ (1931-1947)യെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖനാക്കി. അതോടെ തിരുവിതാംകൂറും ഇന്ത്യയുടെ ഭാഗമായി. 1949-ല്‍ കൊച്ചി സംയോജനം നിലവില്‍ വന്നു.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ രൂപീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ തിരുകൊച്ചിയോട് മലബാര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു (1956). തമിഴ്ഭാഷ സംസാരിക്കുന്നവരുടെ ചെങ്കോട്ടയും കന്യാകുമാരി ജില്ലയും തമിഴ്‌നാട്ടിനോടും ഗൂഡലൂര്‍ കര്‍ണ്ണാടകത്തോടും ഇപ്രകാരം കൂട്ടിച്ചേര്‍ക്കപ്പെട്ടു. പുതിയ കേരള സംസ്ഥാനത്തിന് പുതിയ ഗവര്‍ണര്‍ വന്നതോടെ രാജപ്രമുഖസ്ഥാനം ഇല്ലാതായി. എന്നാല്‍ അദ്ദേഹം ഇഹലോകംവിട്ട 1991 ജൂലൈ 19വരെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കാരണവരായും, ശ്രീപത്മനാഭസ്വാമി ക്ഷേത്രട്രസ്റ്റിന്റെ അദ്ധ്യക്ഷനായും തുടര്‍ന്നു.
ഇപ്പോള്‍ ഈ സ്ഥാനങ്ങള്‍ വഹിക്കുന്നത് ഈയ്യിടെ നവതി ആഘോഷിച്ച (22 മാര്‍ച്ച് 2012) ദേശരത്‌ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുമനസ്സാണ്. കേരള പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവതി ആഘോഷിക്കുകയും അദ്ദേഹത്തിന് ലാസ്റ്റ് ഫെയ്‌സ് ഓഫ് മൊണാര്‍ക്കി എന്ന ഗ്രന്ഥം (ടി.പി.ശങ്കരന്‍കുട്ടി നായര്‍ എഡിറ്റ് ചെയ്തത്) സമര്‍പ്പിക്കുകയും ചെയ്തു. ചിത്തിരതിരുനാളിന്റെയും ഉത്രാടം തിരുനാളിന്റെയും ഏക സഹോദരിയായിരുന്നു പരേതയായ കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടി. കാര്‍ത്തികതിരുനാളിന്റെ മക്കളാണ് പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതിഭായി തമ്പുരാട്ടിയും അശ്വതി തിരുനാള്‍ ലക്ഷ്മിഭായി തമ്പുരാട്ടിയും മൂലം തിരുനാള്‍ രാമവര്‍മ്മത്തമ്പുരാനും. കേണല്‍ ജി. വി.രാജയായിരുന്നു ഇവരുടെ അച്ഛന്‍.
മരുമക്കത്തായ സംവിധാനം നിലനിന്നിരുന്നതിനാല്‍ തലമുറകള്‍ നിലനിര്‍ത്തുന്നതിന് കാലാകാലങ്ങളില്‍ ദത്തെടുക്കുന്ന സമ്പ്രദായം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ ഉണ്ടായിരുന്നു. ആറ്റിങ്ങല്‍ മൂത്ത തമ്പുരാട്ടിയുടെ നിശ്ചയപ്രകാരം തൃപ്പാപ്പൂര്‍സ്വരൂപത്തിലേക്ക് ദത്തെടുക്കുന്നതിനുള്ള ആലോചനകള്‍ ഭരണാധികാരിയായ ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ (1885-1924) നടത്തിയിരുന്നു. ഇംഗ്ലീഷ് സര്‍ക്കാരിന്റെ അനുമതിയും വേണമായിരുന്നു. 1899-ല്‍ നല്‍കിയ കത്തുപ്രകാരം ഇംഗ്ലീഷ് റസിഡന്റ് ജി.റ്റി.മെക്കന്‍സി മദ്രാസ് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ദിവാന്‍ കെ.കൃഷ്ണസ്വാമി റാവുവിനെഴുതി.
ഇതുപ്രകാരം 1900 ആഗസ്റ്റ് 31-ന് ദത്തെടുക്കല്‍ നടത്താനും ജ്യോതിഷികള്‍ സമയം കുറിച്ചു. അഞ്ചുവയസ്സുള്ള ലക്ഷ്മിഭായിയേയും നാലുവയസ്സുള്ള പാര്‍വ്വതിഭായിയേയും ദത്തെടുത്തു. ലക്ഷ്മിഭായിയെ 1906 മെയ് ആറിന് അനന്തപുരം കൊട്ടാരത്തിലെ രാമവര്‍മ്മകോയില്‍ തമ്പുരാനും പാര്‍വ്വതിഭായിയെ 1907 ഏപ്രില്‍ 24-ന് കിളിമാനൂരെ രവിവര്‍മ്മ കൊച്ചുകോയില്‍ തമ്പുരാനും പള്ളിക്കെട്ട് നടത്തി.
സേതുപാര്‍വ്വതി ഭായി 1912 നവംബര്‍ ഏഴിന് (ദീപാവലി ദിവസം) ചിത്തിരതിരുനാളിനെയും 1916 സെപ്റ്റംബര്‍ 17ന് കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടിയെയും 1922 മാര്‍ച്ച് 22-ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയേയും പ്രസവിച്ചു കോട്ടയ്ക്കകം സുന്ദരവിലാസം കൊട്ടാരത്തില്‍വച്ച്. ഇതെല്ലാം കുടുംബപാരമ്പര്യം നിലനിര്‍ത്താന്‍ സഹായകരമായി.
Discussion about this post