ഇന്ന് റാണി ചെന്നമ്മയുടെ സ്മൃതി ദിനം. ബ്രിട്ടീഷുകാരുടെ കരുത്തുറ്റ സൈന്യത്തെ നോക്കി അവർ പിന്തിരിയാതെ അത്യുത്സാഹത്തോടെയും വൈദഗ്ദ്ധ്യത്തോടെ പോരാടിയ ധീരവനിത.
ഭാരതത്തിലെ ആദ്യത്തെ വനിതാ സ്വാതന്ത്യ്ര സമര പ്രവർത്തകയായിരുന്നു റാണി ചെന്നമ്മ. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ കരുത്തോടെ അവർ ഒറ്റയ്ക്ക് നിന്നു. അവരെ തുരത്തുന്നതിൽ റാണി ചെന്നമ്മ വിജയിച്ചില്ലെങ്കിലും നിരവധി സ്ത്രീകളെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉയരാൻ അവർ പ്രേരിപ്പിച്ചു. അവർ കർണാടകയിലെ കിത്തൂർ നാട്ടുരാജ്യത്തിലെ ചെന്നമ്മ രാജ്ഞിയായിരുന്നു. ഇന്ന് അവർ കിത്തൂർ റാണി ചെന്നമ്മ എന്ന പേരിൽ അറിയപ്പെടുന്നു. റാണി ചെന്നമ്മയെക്കുറിച്ച് കൂടുതൽ അറിയുവാൻ നമുക്ക് ചരിത്രത്തിലേക്ക് കുറച്ച് ചുവടുകൾ പിന്നോട്ട് പോകാം !
ആദ്യകാല ജീവിതം
1778-ൽ ഝാൻസിയിലെ റാണി ലക്ഷ്മി ബായിയെക്കാൾ ഏകദേശം 56 വർഷം മുന്പാണ് റാണി ചെന്നമ്മ ജനിച്ചത്. ചെറുപ്പം മുതലേ കുതിര സവാരി, വാൾ യുദ്ധം, ധനുർവിദ്യ എന്നിവയിൽ പരിശീലനം നേടി. അവരുടെ നഗരത്തിലുടനീളം അവരുടെ ധീരമായ പ്രവൃത്തികൾക്ക് അവർ പ്രശസ്തയായിരുന്നു.
റാണി ചെന്നമ്മ 15-ാം വയസ്സിൽ കിട്ടുർ ഭരണാധികാരിയായിരുന്ന മല്ലസ്രാജ ദേശായിയെ വിവാഹം കഴിച്ചു. 1816-ൽ ഭർത്താവ് മരിച്ചു. ഈ വിവാഹത്തിലൂടെ അവർക്ക് ഒരു മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ വിധി അവരുടെ ജീവിതത്തിൽ ദാരുണമായ കളി കളിച്ചു. അവരുടെ മകൻ 1824-ൽ അന്ത്യശ്വാസം വലിച്ചു. അങ്ങനെ ബ്രിട്ടീഷ് ഭരണത്തിനെതിരെ അവർക്ക് ഒറ്റയ്ക്ക് പോരാടേണ്ടി വന്നു.
ബ്രിട്ടീഷ് ഭരണകാലം
ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങളിൽ ദത്തവകാശനിരോധന നയം അടിച്ചേൽപ്പിച്ചു. ഈ പ്രഖ്യാപനമനുസരിച്ച്, സ്വന്തമായി കുട്ടികളില്ലെങ്കിൽ ഒരു കുട്ടിയെ ദത്തെടുക്കാൻ തദ്ദേശീയരായ ഭരണാധികാരികൾക്ക് അനുവാദമില്ല. അങ്ങനെ, റാണി ചെന്നമ്മയുടെ പ്രദേശം യാന്ത്രികമായി ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ഭാഗമായി.
താക്കറെയുടെ ചുമതലയുള്ള ധാർവാഡ് കലക്ടർ ഒാഫീസ് ഭരണത്തിന് കീഴിലാണ് കിത്തൂർ സംസ്ഥാനം വന്നത്. ചാപ്ലിൻ അവിടത്തെ കമ്മീഷണറായിരുന്നു. രണ്ടുപേരും പുതിയ ഭരണാധികാരിയെയും റീജൻ്റിനെയും സ്വീകരിച്ചില്ല, കൂടാതെ കിത്തൂറിന് ബ്രിട്ടീഷ് ഭരണത്തെ അംഗീകരിക്കേണ്ടിവരുമെന്ന് അറിയിക്കുകയും ചെയ്തു.
ബ്രിട്ടീഷുകാർക്കെതിരായ യുദ്ധം
റാണി ചെന്നമ്മയും നാട്ടുകാരും ബ്രിട്ടീഷുകാരുടെ ഉന്നതാധികാരത്തെ ശക്തമായി എതിർത്തു. താക്കറെ കിത്തൂർ ആക്രമിച്ചു. തുടർന്നുണ്ടായ യുദ്ധത്തിൽ താക്കറെക്കൊപ്പം നൂറുകണക്കിന് ബ്രിട്ടീഷ് സൈനികരും കൊല്ലപ്പെട്ടു. ഒരു ചെറിയ ഭരണാധികാരിയുടെ കൈകളിലുണ്ടായ പരാജയത്തിൻ്റെ അപമാനം ബ്രിട്ടീഷുകാർക്ക് സഹിക്കാൻ കഴിയാത്തതിലും അപ്പുറമായിരുന്നു. അവർ മൈസൂരിൽ നിന്നും ഷോളാപൂരിൽ നിന്നും വലിയ സൈന്യങ്ങളെ കൊണ്ടുവന്ന് കിത്തൂർ വളഞ്ഞു.
യുദ്ധം ഒഴിവാക്കാൻ റാണി ചെന്നമ്മ പരമാവധി ശ്രമിച്ചു; അവർ ചാപ്ലിനുമായും ബോംബെ പ്രസിഡൻസിയുടെ ഗവർണറുമായും ചർച്ച നടത്തി. (അദ്ദേഹത്തിൻ്റെ ഭരണത്തിന് കീഴിലാണ് കിത്തൂർ വന്നത്). അതിന് ഫലമുണ്ടായില്ല. റാണി ചെന്നമ്മ യുദ്ധം പ്രഖ്യാപിക്കാൻ നിർബന്ധിതയായി. 12 ദിവസത്തോളം, ധീരയായ രാജ്ഞിയും അവരുടെ സൈനികരും അവരുടെ കോട്ടയെ സംരക്ഷിച്ചു, എന്നാൽ പൊതുവായ സ്വഭാവം പോലെ, രാജ്യദ്രോഹികൾ വെടിമരുന്നിൽ ചെളിയും ചാണകവും കലർത്തി. റാണി പരാജയപ്പെട്ടു (1824 CE). പിന്നീട് അവരെ തടവിലാക്കുകയും ജീവിതകാലം മുഴുവൻ ബൈൽഹോംഗൽ കോട്ടയിൽ പാർപ്പിക്കുകയും ചെയ്തു. 1829-ൽ മരിക്കുന്നതുവരെ അവർ ഗ്രന്ഥങ്ങൾ വായിക്കുകയും പൂജ നടത്തുകയും ചെയ്തു.
ബ്രിട്ടീഷുകാർക്കെതിരായ യുദ്ധത്തിൽ കിത്തൂർ റാണി ചെന്നമ്മയ്ക്ക് വിജയിക്കാനായില്ല, പക്ഷേ ചരിത്രത്തിൽ നിരവധി നൂറ്റാണ്ടുകളായി അവർ അവരുടെ പേര് രേഖപ്പെടുത്തി. ഒനകെ ഒബവ്വ, അബ്ബക്ക റാണി, കേളടി ചെന്നമ്മ എന്നിവരോടൊപ്പം ധീരതയുടെ പ്രതീകമായി കർണാടകയിൽ അവർ വളരെയധികം ബഹുമാനിക്കപ്പെടുന്നു.
റാണി ചെന്നമ്മ ഇതിഹാസമായി. 2007 സെപ്റ്റംബർ 11-ന് ന്യൂഡെൽഹിയിലെ പാർലമെൻ്റ് മന്ദിര വളപ്പിൽ കിട്ടൂർ റാണി ചെന്നമ്മയുടെ പ്രതിമ സ്ഥാപിച്ചുവെന്നത് ഹൃദ്യമായ വാർത്തയാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഭാരതത്തിലെ ആദ്യകാല ഭരണാധികാരിയായിരുന്ന ധീര രാജ്ഞിക്കുള്ള ഏറ്റവും ഉചിതമായ ആദരാഞ്ജലിയാണിത്.
Discussion about this post