ലാല്‍ജിത്.ടി.കെ
ഭാരതീയ ശാസ്ത്ര പൈതൃകത്തിന്റെ അതിവിശിഷ്ട സംഭാവനയാണ് യോഗ. അതിനാലാണ് ലോകമെമ്പാടും യോഗയുടെ പ്രചാരം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത്. ആരോഗ്യപരിപാലനം എന്ന പ്രഥമതലം മുതല്‍ പടിപടിയായി ഉയര്‍ന്ന് ഈശ്വര സാക്ഷാത്കാരം എന്ന അത്യാനന്ദതലവും കടന്ന് ബ്രഹ്മജ്ഞാനത്തില്‍ എത്തിച്ചേരുവാന്‍ സഹായിക്കുന്ന രീതിയില്‍ സഹസ്രാബ്ദങ്ങളിലെ ശ്രമങ്ങളിലൂടെ നമ്മുടെ ഋഷിവര്യന്മാര്‍ ചിട്ടപ്പെടുത്തിയ ജീവിതചര്യയാണ് യോഗ. പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രത്തില്‍ ‘യോഗഃ ചിത്തവൃത്തി നിരോധനഃ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. യോഗ എന്ന പദത്തിന് യോജിപ്പിക്കുന്നത് എന്നാണ് അര്‍ത്ഥം.
വിവിധ കാലഘട്ടങ്ങളിലൂടെ കടന്ന് ഇപ്പോള്‍ യോഗ അത്യാധുനിക ഘട്ടത്തിലെത്തി നില്‍ക്കുന്നു. ജാതി മത വര്‍ണ്ണ വൈവിധ്യങ്ങള്‍ക്ക് അതീതമായി ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും സുഖത്തിനും സ്വസ്ഥതയ്ക്കും ഉതകുന്ന രീതിയിലാണ് ഇതിന്റെ ചിട്ടപ്പെടുത്തല്‍.
അമിത ഭക്ഷണവും വ്യായാമമില്ലായ്മയും ജീവിതശൈലി രോഗങ്ങളിലേക്ക് ഒരു സമൂഹത്തെ തള്ളിവിടുന്ന വര്‍ത്തമാനകാലത്ത് അവയെ നേരിടാന്‍ യോഗാഭ്യാസവും യോഗയുടെ പ്രാപഞ്ചിക വീക്ഷണവും എത്രത്തോളം സഹായകരമാണെന്ന് നോക്കാം.
ലോകത്താകമാനം ജീവിതശൈലി രോഗങ്ങള്‍ പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പിടിക്കുകയാണ്. ടൈപ്പ് ടു പ്രമേഹം, അമിതവണ്ണം, പിസി ഒഡി, കൊളസ്‌ട്രോള്‍, രക്താദിസമ്മര്‍ദ്ദം തുടങ്ങിയവ പ്രധാനപ്പെട്ട ജീവിതശൈലി രോഗങ്ങളില്‍ പെടുന്നു. 2050 ആകുമ്പോള്‍ ഇന്ത്യ പ്രമേഹ രോഗത്തിന്റെ തലസ്ഥാനമായി അറിയപ്പെടുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ചിട്ടയായ യോഗ പരിശീലനം പ്രമേഹത്തെ നിയന്ത്രിക്കുന്നു. ഏകദേശം 150 ഓളം പ്രമേഹരോഗികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് മൂന്നു മാസക്കാലം നടത്തിയ പഠനത്തില്‍ പ്രമേഹം നിയന്ത്രിക്കുന്നതിന് യോഗയുടെ പ്രാധാന്യം മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. യോഗസനങ്ങള്‍ പ്രമേഹരോഗ നിയന്ത്രണത്തിന് സഹായിക്കുന്നു.
അടുത്തകാലത്തായി കൂടിവരുന്ന മറ്റൊരു ജീവിതശൈലി രോഗമാണ് പിസിഒഡി. ഭൂരിഭാഗം പെണ്‍കുട്ടികളിലും സ്ത്രീകളിലും ഇത് കണ്ടുവരുന്നു. പിസിഒഡി ഉള്ളവരില്‍ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ക്രമം തെറ്റിയുള്ള ആര്‍ത്തവം. ഇത്തരത്തിലുള്ള 20നും 30നും മധ്യേ പ്രായമുള്ള യുവതികളെ ഉള്‍പ്പെടുത്തി യോഗാസനകള്‍ അഭ്യസിച്ച ശേഷം പുരോഗതിയുള്ള ആരോഗ്യാവസ്ഥ കൈവരിക്കാന്‍ സാധിച്ചതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
മുതിര്‍ന്നവരിലും കുട്ടികളിലും കണ്ടുവരുന്ന ഓര്‍മ്മക്കുറവ്, ഉത്കണ്ഠ തുടങ്ങിയവയും യോഗ പരിശീലനത്തിലൂടെ ഇല്ലാതാക്കുവാന്‍ കഴിയും. മാനസിക പിരിമുറുക്കം ഇന്ന് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ സമസ്ത മേഖലയെയും സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. ഇത് ഏറ്റവും കൂടുതല്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തന്നെയാണുള്ളത്. അടുത്തകാലത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഒരു പഠനം നടത്തിയിരുന്നു. സൂര്യനമസ്‌കാരം, വൃക്ഷാസനം, നടരാജാസനം എന്നിവ ഇവരില്‍ പരിശീലിപ്പിച്ചിരുന്നു. പ്രാണായാമ പരിശീലനവും നല്‍കുകയുണ്ടായി. ഏകദേശം 90 ദിവസം കൊണ്ട് ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും നിശേഷം മാറിയതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. യോഗ പരിശീലന ശേഷം പേഴ്‌സിസറ്റന്‍സ് സ്‌കെയില്‍ പരിശോധിച്ചതിന്‍ പ്രകാരം സ്‌കോര്‍ നല്ല കുറവ് കാണിച്ചതായും ഓര്‍മ്മശേഷി വര്‍ദ്ധിച്ചതായും മനസ്സിലാക്കി.
വര്‍ത്തമാനകാലത്ത് ലോക ജനതയെ മുള്‍മുനയില്‍ നിര്‍ത്തിയ കോവിഡ് മഹാമാരിയില്‍ കോവിഡ് ബാധിച്ചവരില്‍ യോഗാഭ്യാസം ശീലമാക്കിയവരില്‍ കാണപ്പെട്ട പ്രതിരോധശേഷി യോഗയുടെ പ്രസക്തി വ്യക്തമാക്കുന്നതാണ്. ശ്വാസകോശങ്ങളിലെ അണുബാധയ്ക്ക് ശശാങ്കാസനം, ജലനേതി, സഹജപ്രാണായാമം മുതലായവയിലൂടെ ശ്വാസഗതി പൂര്‍വസ്ഥിതിയിലേക്ക് എത്തിച്ച് ആരോഗ്യം വീണ്ടെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ അവസരത്തില്‍ ഭാരതത്തിന്റെ പാരമ്പര്യശാസ്ത്രമായ യോഗശാസ്ത്രത്തിന് മികച്ച മൂല്യം കൈവന്നിരുന്നു.
ഗര്‍ഭകാല യോഗാസനങ്ങളില്‍ അനന്തശയനാസനം, ബദ്ധകോണാസനം, ഭ്രമരി പ്രാണായാമം, ശീതളി പ്രാണായാമം, ഉദ്ഘാടാസനം, മാര്‍ജാരാസനം, വീരഭദ്രാസനം എന്നിവയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ശ്വസന വ്യായാമക്രമം ഗര്‍ഭിണികളില്‍ എല്ലാ രീതിയിലും സുഖം പ്രദാനം ചെയ്യുന്നു. ആസ്ത്മ രോഗികളിലും യോഗയിലൂടെ രോഗശമനം സാധ്യമായിട്ടുണ്ട്. ദിനചര്യയുടെ ഭാഗമായി യോഗയെ ദര്‍ശിക്കുന്നത് ആരോഗ്യകരമായ ജീവിതം നയിക്കുവാന്‍ സഹായിക്കുന്നു.
അശാസ്ത്രീയമായ ഭക്ഷണക്രമം ജീവിതശൈലി രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. അമിത ഭക്ഷണം യോഗസാധനയ്ക്ക് ഒരിക്കലും അനുയോജ്യമല്ല. അരവയര്‍ ആഹാരം, കാല്‍വയര്‍ വെള്ളം, ബാക്കി കാല്‍വയര്‍ ഭാഗം ഒഴിഞ്ഞിരിക്കണം എന്നാണ് പ്രമാണം.
കേവലം ഒരു അഭ്യാസമുറ മാത്രമായി യോഗയെ കണ്ടിരുന്ന പൊതുസമൂഹം ഇന്ന് അതിന്റെ മൂല്യം തിരിച്ചറിഞ്ഞ് പരിശീലനത്തിനായി മുന്നോട്ട് വന്നത് ഇതിന്റെ പ്രപഞ്ച വീക്ഷണത്തില്‍ സംഭവിച്ച മാറ്റമായി കാണാം. ഭാരതത്തിന്റെ പൈതൃക സ്വത്തായ യോഗശാസ്ത്രത്തിന് ലോകരാഷ്ട്രങ്ങള്‍ നല്‍കുന്ന അംഗീകാരം വളരെ കൂടുതലാണ്. സമസ്ത മേഖലയിലും ആരോഗ്യമുള്ള വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതിന് യോഗ മികച്ച സംഭാവന നല്‍കുമെന്നുള്ളതില്‍ സംശയമില്ല.
Discussion about this post