തിരുവനന്തപുരം : ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാവിലെ ഏഴിന് ദര്‍ശനം നടത്തി. ശ്രീപത്മനാഭസ്വാമിക്ക് തുളസീഹാരവും നരസിംഹസ്വാമിക്ക് നെയ് വിളക്കും അദ്ദേഹം സമര്‍പ്പിച്ചു. ക്ഷേത്രത്തില്‍ നിന്ന് പ്രസാദമായി അവലും പൂവും കളഭവും നല്‍കി. തുടര്‍ന്നു ചുറ്റമ്പലം വലംവച്ച് ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങി. ശ്രീപത്മനാഭസ്വാമിയുടെ ചിത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഭുവനേന്ദ്രന്‍നായര്‍ മോഡിക്ക് സമ്മാനിച്ചു. തുടര്‍ന്ന് മോഡി കാറില്‍ കയറിയ അദ്ദേഹം കാറിലിരുന്ന് സന്ദര്‍ശക ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തി. രാവിലെ 6.45ന് വടക്കേനടയിലെത്തിയ മോഡിയെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ ഭുവനേന്ദ്രന്‍നായര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എ.ജയശേഖരന്‍നായര്‍, കീഴ്ശാന്തി ഗോശാല വിഷ്ണുനമ്പൂതിരി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
മോഡി അരമണിക്കൂറോളം ക്ഷേത്രത്തിനുള്ളില്‍ ചെലവഴിച്ചു. ബിജെപി സംഘടനാ സെക്രട്ടറി രാംലാല്‍, വൈസ് പ്രസിഡന്റ് ബംഗാരു ദത്തത്രയ, സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ജില്ലാ സെക്രട്ടറി അഡ്വ. എസ്. സുരേഷ് തുടങ്ങിയവരും ക്ഷേത്രദര്‍ശനത്തിന് അനുഗമിച്ചു. മോഡിയുടെ സന്ദര്‍ശനം പ്രമാണിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ക്ഷേത്രപരിസരവും കമാന്‍ഡോകളുടെ സുരക്ഷാ വലയത്തിലായിരുന്നു. പുലര്‍ച്ചെ നാലുമുതല്‍ ക്ഷേത്രപരിസരം പോലീസ് വലയത്തിലായി. രാവിലെ ആറരയോടെ മറ്റുള്ളവരുടെ ക്ഷേത്ര ദര്‍ശനം നിര്‍ത്തിവച്ചു. വടക്കേനടയിലെ മതിലകം ഓഫീസിനടുത്ത് പോലീസ് എയ്ഡ് പോസ്റ്റുമുതല്‍ സുരക്ഷാ വലയമൊരുക്കി. പോലീസ് എയ്ഡ് പോസ്റ്റിനു സമീപം മാധ്യമപ്രവര്‍ത്തകര്‍ക്കുമാത്രം പ്രവേശനം നല്‍കി. സിറ്റി പോലീസ് കമ്മിഷണര്‍ പി. വിജയന്‍, ശ്രീപത്മനാഭസ്വമി ക്ഷേത്രത്തിന്റെ ചുമതലയുള്ള എസ്.പി വിജയകുമാര്‍, ഫോര്‍ട്ട് എസി കെ. സുരേഷ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.













Discussion about this post