മദ്ധ്യപ്രദേശിലെ രത്തന്‍ഗഡ് ക്ഷേത്രത്തില്‍ ദുര്‍ഗ്ഗാപൂജയ്ക്കിടെയുണ്ടായ ദുരന്തം സമീപകാലത്ത് ഭാരതം ദര്‍ശിച്ച ഏറ്റവും വലുതാണ്്. മുപ്പത്തിയെട്ടു സ്ത്രീകളും പതിനേഴു കുട്ടികളും ഉള്‍പ്പെടെ നൂറ്റിപ്പതിനഞ്ചുപേര്‍ മരണമടഞ്ഞതായാണ് ഔദ്യോഗിക കണക്ക്. പലരും നദിയില്‍ ചാടിയതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും പറയപ്പെടുന്നു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ലക്ഷത്തോളം പേരാണ് ദുര്‍ഗ്ഗാപൂജയില്‍ പങ്കെടുക്കാന്‍ ഇവിടെയെത്തിയത്. 2006-ല്‍ സമാനമായ ഒരു ദുരന്തത്തില്‍ ഇവിടെ അമ്പതുപേര്‍ മരണമടഞ്ഞിരുന്നു. എന്നിട്ടും വേണ്ട മുന്‍കരുതല്‍ എടുത്തിരുന്നില്ല എന്നാണ് ഈ ദുരന്തം തെളിയിക്കുന്നത്.
സിന്ധ് നദിക്കു കുറുകെയുള്ള ഇടുങ്ങിയ പാലത്തിലൂടെയാണ് ക്ഷേത്രത്തിലെത്തേണ്ടത്. 2006ലെ ദുരന്തത്തിനു ശേഷം പുതുക്കിപ്പണിഞ്ഞ പാലമാണിത്. ആളുകള്‍ നിറഞ്ഞുനിന്നപ്പോള്‍ പാലം തകരാന്‍ പോകുന്നുവെന്ന് അഭ്യൂഹം പരന്നതാണ് ദുരന്തത്തിന് ഇടയായതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. എന്നാല്‍ ക്യൂ തെറ്റിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് ലാത്തി വീശിയതാണ് ദുരന്തത്തിനു കാരണമെന്നും പറയുന്നുണ്ടെങ്കിലും പോലീസ് ഇത് നിഷേധിച്ചിട്ടുണ്ട്.
ഒരിക്കല്‍ ദുരന്തമുണ്ടായപ്പോള്‍ പാലം പുതുക്കിപ്പണിതിട്ടും അതിനു വേണ്ടത്ര വീതി ഉണ്ടായിരുന്നില്ല എന്നാണ് വീണ്ടും ദുരന്തം ഉണ്ടായതില്‍നിന്ന് തെളിയുന്നത്. മാത്രമല്ല ഇതുപോലെ ലക്ഷക്കണക്കിനു ഭക്തര്‍ ഒരുമിച്ചുവരുന്ന സ്ഥലങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ആസൂത്രിതമായ നിലയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് ഇത്രയും വലിയ ദുരന്തമുണ്ടാകാന്‍ കാരണം. പാലത്തിലേക്ക് ഭക്തരെ കയറ്റിവിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഏത് അഭ്യൂഹമുണ്ടായാലും പോലീസിന് അവരെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു.
ഭാരതത്തില്‍ ഭീകരര്‍ ഇതുപോലെ ഭക്തജനങ്ങള്‍ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങള്‍ നോട്ടമിട്ട് ദുരന്തം വിതയ്ക്കാന്‍ കാത്തിരിക്കുകയാണ്. അവരുടെ ആസൂത്രിതമായ നീക്കം ഈ ദുരന്തത്തിനു പിന്നിലുണ്ടോയെന്നും സംശയമുണ്ട്. ആള്‍ക്കൂട്ടത്തില്‍ അഭ്യൂഹം പരത്തി ദുരന്തം സൃഷ്ടിക്കുന്നതിന് ഇത്തരക്കാര്‍ക്ക് വളരെയെളുപ്പം കഴിയും. ആനിലയില്‍ അന്വേഷണത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അന്വേഷണവുമായി ഇറങ്ങിയിട്ട് എന്തെങ്കിലും കാര്യമുണ്ടെന്നു തോന്നുന്നില്ല. അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഭരണസിരാകേന്ദ്രങ്ങളിലെ അലമാരകളില്‍ ഇരുന്ന് പൊടിയടിക്കാറാണ് പതിവ്. അതുകൊണ്ട് ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആസൂത്രിതവും ശ്രദ്ധാപൂര്‍വ്വവുമായ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തേണ്ടത്. ഭക്തജനങ്ങളുടെ എണ്ണമനുസരിച്ച് ഇതിന് ഏറെനാളത്തെ ആസൂത്രണം ആവശ്യമാണ്.
രത്തന്‍ഘട്ട് ക്ഷേത്രദുരന്തം അധികൃതരുടെ അലംഭാവത്തിന്റെ ബാക്കിപത്രമാണ്. ഒരിക്കലുണ്ടായ ദുരന്തത്തില്‍നിന്ന് പാഠം പഠിച്ചില്ലെന്നാണ് ഇത് തെളിയിക്കുന്നത്. മിക്കപ്പോഴും ഇത്തരം ദുരന്തങ്ങള്‍ക്കിരയാകുന്നത് പാവപ്പെട്ടവരാണ്. കുടുംബത്തിന്റെ അത്താണി നഷ്ടപ്പെടുന്നതോടെ കുടുംബം തന്നെ അനാഥത്വത്തിലാകും. നഷ്ടപ്പെട്ട ജീവന് എന്തു നല്‍കിയാലും പകരമാവില്ല. ഇതുപോലെ ലക്ഷക്കണക്കിനു ഭക്തര്‍വരുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ മനുഷ്യസാധ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കുന്ന കാര്യത്തില്‍ അണുകിടപോലും വിട്ടുവീഴ്ചയരുത്. ഈ ദുരന്തത്തിന് കാരണക്കാരായവര്‍ക്കുനേരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം.
Discussion about this post