സനാതനധര്‍മ്മത്തിന്റെ ഈ പുണ്യഭൂമിയില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതികള്‍ അവതരിച്ചിട്ട് 90 സംവത്സരങ്ങള്‍ തികയുകയാണ്. ആ യോഗിവര്യന്റെ ഭൗതികദേഹം നമ്മളെ വിട്ടുപോയിട്ട് 18 വര്‍ഷങ്ങള്‍ കഴിഞ്ഞു. മഹത്വപൂര്‍ണ്ണമായ ആ ജീവിതം ഇന്നും പൂര്‍ണ്ണമായി രേഖപ്പെടുത്താത്ത ചരിത്രമാണ്. അത് അത്ര എളുപ്പവുമല്ല. മഹാസമുദ്രം പോലെ ആഴവും പരപ്പുമുള്ളതായിരുന്നു സ്വാമിജിയുടെ ജീവിതം. ഭാരതീയ ഗുരുപരമ്പരയിലെ ചൈതന്യവത്തായ ഒരേടാണ് ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരും സ്വാമി സത്യാനന്ദ സരസ്വതികളും തമ്മിലുള്ള ഗുരുശിഷ്യ ബന്ധം; ശ്രീരാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനുംഎന്നപോലെ.
ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കേരളത്തിലെ ഹൈന്ദവ നവോത്ഥാനത്തിനു തുടക്കമിട്ടത് സ്വാമിജിയായിരുന്നു. ന്യൂനപക്ഷത്തിന്റെ പേരില്‍ രാഷ്ടീയാധികാരം കൈക്കലാക്കി, സമ്പത്ത് കൊള്ളയടിച്ച് സമസ്ത മേഖലയിലും അവര്‍ പിടിമുറുക്കിയപ്പോള്‍ കേരളത്തിലെ ഹൈന്ദവന് അതൊക്കെ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വന്നു. അവിടെയാണ് സ്വാമിജിയുടെ സിംഹ ഗര്‍ജ്ജനം മുഴങ്ങിയത്. ആശ്രമത്തിന്റെ അതിരുകള്‍ വിട്ട് പുറത്തേക്കു വന്ന സ്വാമിജിയുടെ വാക്കുകള്‍ അധികാര കേന്ദ്രങ്ങളെ വിറപ്പിച്ചു. കേരളം ആ വാക്കുകള്‍ക്ക് കാതോര്‍ത്തു. സന്യാസിക്കെന്തു രാഷ്ട്രീയമെന്നു ചോദിച്ചവരോട്, വോട്ടുബാങ്കിന്റെ പേരില്‍ സംഘടിത ന്യൂനപക്ഷം അസംഘടിത ഭൂരിപക്ഷത്തെ ചവിട്ടിമെതിക്കുന്നത് കണ്ടു നില്‍ക്കാനാവില്ല എന്ന് സ്വാമിജി പ്രതികരിച്ചു. അന്നുവരെ രാഷ്ട്രീയമായി പാര്‍ശ്വവത്ക്കരിക്കപ്പെട്ടിരുന്ന കേരളത്തിലെ ഹിന്ദുവിന്റെ ആത്മാഭിമാനം ആകാശത്തോളം ഉയര്‍ത്തുന്നതായിരുന്നു ആ വാക്കുകള്‍. സ്വത്വബോധം വീണ്ടെടുത്ത ഹൈന്ദവര്‍ സ്വാമിജിയുടെ പിന്നില്‍ മനസ്സാ വാചാ കര്‍മ്മണാ അണിനിരക്കുന്നതാണ് പിന്നീട് കേരളം കണ്ടത്.
പാലുകാച്ചിമലയില്‍ തുടങ്ങിയ സമരകാഹളം നിലയ്ക്കല്‍ പ്രക്ഷോഭത്തിലൂടെ, ശംഖുംമുഖം പാപ്പാവേദി പ്രക്ഷോഭത്തിലൂടെ കടന്നുപോയപ്പോള്‍ അതു ഹൈന്ദവ മുന്നേറ്റത്തിന്റെ അജയ്യമായ ചരിത്രമായി മാറുകയായിരുന്നു.
പൂന്തുറയില്‍ ഏകപക്ഷീയമായി ഹിന്ദു ഭവനങ്ങള്‍ തീവച്ചു കൊണ്ട് മുസ്ലീങ്ങള്‍ നടത്തിയ കലാപം കേരളത്തിന്റെ മനഃസാക്ഷിയെ മുറിവേല്പിച്ച സംഭവമാണ്. കേരള ചരിത്രത്തിലെ പൊറുക്കാനാവാത്ത ഈ കറുത്ത ഏടാണ് സ്വാമിജിയുടെ നേതൃത്ത്വത്തില്‍ ഹിന്ദുഐക്യവേദിക്കു രൂപം കൊടുക്കുന്നതിന് ഇടയായത്. ഇന്ന് അത് കേരളത്തില്‍ ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞു.
അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരുമെന്ന് സ്വാമിജിക്ക് ഉറപ്പുണ്ടായിരുന്നു. ഇക്കാര്യം അശോക് സിംഗാള്‍ ഉള്‍പ്പെടെയുള്ള വിശ്വഹിന്ദു പരിഷത്ത് നേതാക്കളുമായി അദ്ദേഹം പങ്കുവച്ചിരുന്നു. സ്വാമിജി തുടങ്ങി വച്ച ‘പുണ്യഭൂമി’ അന്തര്‍ദ്ദേശീയ സനാതന ദിനപത്രം, മറ്റു പ്രമുഖ പത്രങ്ങളില്‍ ഹിന്ദുവിന്റെ ശബ്ദത്തിനും ഇടം നല്‍കുന്നതിനു പ്രേരകമായി. സ്വാമിജിയുടെ മറ്റൊരു സ്വപ്നമായിരുന്നു ‘ഹിന്ദുബാങ്ക്’.
ഹിന്ദുവിന്റെ ആത്മീയവും ഭൗതികവുമായ സമഗ്ര വികസനത്തിന് നിരവധി പദ്ധതികള്‍ സ്വാമിജിക്കുണ്ടായിരുന്നു. അതു യാഥാര്‍ത്ഥ്യമാക്കുക എന്ന വലിയ ദൗത്യമാണ് സ്വാമിജിയുടെ പാത പിന്തുടരുന്നവര്‍ക്കു മുന്നിലുള്ളത്. ജ്യോതിക്ഷേത്രം അതിന്റെ സമ്പൂര്‍ണ്ണതയില്‍ എത്തിക്കുക എന്നതാണ് നമുക്കു മുന്നിലുള്ള പ്രഥമ കര്‍മ്മം. സ്വാമിജി ഭൗതികമായി ഇല്ലെങ്കിലും ആ യതിവര്യന്റെ സൂക്ഷ്മ സാന്നിദ്ധ്യം എപ്പോഴും നമുക്കൊപ്പമുണ്ട്. ആത്മീയമായ ആ വെളിച്ചം വഴികാട്ടിയായി എപ്പോഴുമുണ്ടാകും. ഈ പുണ്യദിനത്തില്‍ ജഗദ്ഗുരുവിന്റെ പാദാരവിന്ദങ്ങളില്‍ ‘പുണ്യഭൂമി’യുടെ ആത്മപ്രണാമം.