തപസ്സുകൊണ്ട് ബ്രഹ്മജ്ഞാനം നേടുകയും കര്‍മ്മം കൊണ്ട് ബ്രാഹ്മണ്യം ആര്‍ജ്ജിക്കുകയും ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ ജയന്തിയാണ് ഇന്ന്. സന്യാസിമാര്‍ സ്വന്തം മോക്ഷമാര്‍ഗം തേടുകയും അതിലേക്കുള്ള മാര്‍ഗം അനുയായികള്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിലാണ് ജീവിതസ്പര്‍ശിയായ വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമിയുമൊക്കെ കേരളത്തിന്റെ സാമൂഹികജീവിതത്തില്‍ കാലാതിവര്‍ത്തിയായ പരിവര്‍ത്തനത്തിനു തുടക്കം കുറിച്ചത്.
‘തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍’ എന്നു മഹാകവി കുമാരനാശാന്‍ കുറിച്ചിട്ട വരികളെക്കാള്‍ ഭീകരമായിരുന്ന കേരളത്തിന്റെ അന്നത്തെ അവസ്ഥ. വര്‍ണവ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന് മൃഗങ്ങള്‍ക്കുള്ള സ്ഥാനം പോലും നല്‍കാതിരുന്ന ഒരുകാലഘട്ടത്തില്‍ നിന്ന് ആധുനികകേരളത്തിന്റെ പരിവര്‍ത്തനത്തിലേക്ക് മണ്ണൊരുക്കിയത് ശ്രീനാരായണഗുരുദേവനാണ്. ആ മണ്ണിലാണ് പുരോഗമന പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് ചിന്തകളുമൊക്കെ വിത്തുവിതച്ച് ഇന്നത്തെ കേരളം രൂപപ്പെടുത്തിയത്. പക്ഷേ ആ വളര്‍ച്ചയില്‍ നിന്ന് ഇന്നത്തെ കേരളത്തിന്റെ, മൂല്യങ്ങളും ധാര്‍മികതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയ്ക്കു കാരണവും അദ്ദേഹത്തെ ഉപയോഗപ്പെടുത്തിയവര്‍ തന്നെയാണ്. ശ്രീനാരായണ ഗുരുദേവന്റെ മണ്ണൊരുക്കത്തെ ഉപയോഗിച്ചവര്‍ പിന്നീട് അദ്ദേഹത്തിന്റെയും മറ്റുനവോത്ഥാന നായകരുടെയും ചിന്തകളെ ഹൈന്ദവമെന്ന പേരില്‍ തള്ളിക്കൊണ്ട് മുന്നോട്ടുപോവുകയായിരുന്നു. പുരോഗമനമെന്നുവച്ചാല്‍ ഹൈന്ദവ ആദര്‍ശങ്ങളുടെ നിഷേധമാണെന്ന ചിന്ത രൂപപ്പെടുത്തുകയും ഒരു ഫാഷനായി ചിലതലമുറകള്‍ അതുകൊണ്ടുനടക്കുകയും ചെയ്തു. അതിന്റെ പ്രതിഫലനം കേരളത്തിലെ എഴുത്തുകാരുടെ കൃതികളിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലുമുണ്ടായി. ഇപ്പോള്‍ ശ്രീനാരായണ ഗുരുവിനെ എന്തിനും ഏതിനും കൂട്ടുപിടിക്കുന്ന ഒരുകാലത്തെ പുരോഗമന ചിന്താഗതിക്കാര്‍ അന്ന് അതൊക്കെ മറന്നുകൊണ്ട് മുന്നോട്ടുപോയതാണ് കേരളം ഇന്നു വന്നുപെട്ട മൂല്യച്യുതിക്ക് പ്രധാനകാരണം.
ദൈവനിഷേധത്തിന്റെ തത്വശാസ്ത്രവുമായി രൂപംകൊണ്ട ദ്രാവിഡപ്രസ്ഥാനമാണ് എത്രയോകാലമായി നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട് ഭരിക്കുന്നത്. ഇ.വി.രാമസ്വാമി നായ്ക്കര്‍ രൂപംകൊടുത്ത ദ്രാവിഡകഴകം പിന്നീട് ദ്രാവിഡമുന്നേറ്റ കഴകമായി. ആ പ്രസ്ഥാനത്തിലൂടെ അണ്ണാദുരൈ എന്ന ജനനായകന്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്തം അവസാനിപ്പിച്ചുകൊണ്ട് അധികാരത്തിലേറി. പിന്നീട് കരുണാനിധിയും എംജിആറും ജയലളിതയുമൊക്കെ ആ പ്രസ്ഥാനത്തെ പങ്കിട്ടെുടുത്ത് അധികാരത്തിലേറുകയും ചെയ്തു. എന്നാല്‍ തമിഴ്‌നാടിന്റെ കുറേഭാഗങ്ങളിലെങ്കിലുമുള്ള സാമൂഹ്യാവസ്ഥ ശ്രീനാരായണഗുരു ജീവിച്ചിരുന്ന കാലത്തിലേതിന് തുല്യമാണ്. സ്വാതന്ത്ര്യം കിട്ടി ആറരപതിറ്റാണ്ടു പിന്നിട്ടിട്ടും അയിത്തത്തിന്റെ പേരില്‍ മനുഷ്യന്‍ പീഡിപ്പിക്കപ്പെടുന്ന സാമൂഹികചുറ്റുപാട് അവിടെ നിലനില്‍ക്കുന്നു. പിന്നോക്ക ജാതിക്കാര്‍ താമസിക്കുന്ന പ്രദേശത്തെ മതിലുകെട്ടിത്തിരിച്ചുകൊണ്ട് അയിത്താചരണത്തിന്റെ കൊടിയുയര്‍ത്തുകയായിരുന്നു. ദളിതര്‍ക്ക് മുന്നോക്കക്കാരുടെ പ്രദേശത്തേക്ക് കാലുകുത്താന്‍പോലും അവസരം നിഷേധിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ചില രാഷട്രീയ പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി ആ മതില്‍ പൊളിക്കാനായത്. അവിടെ ഇന്നും ദളിത് സമൂഹത്തിന് കയറാന്‍ കഴിയാത്ത ചായക്കടകളും ബാര്‍ബര്‍ഷോപ്പുകളും ഉണ്ടെന്നു പറഞ്ഞാല്‍ നാം സ്വതന്ത്രഭാരതത്തിലാണോ ജീവിക്കുന്നതെന്ന സംശയമുണ്ടാകും. തീണ്ടല്‍ പോലുള്ള ദുരാചാരങ്ങള്‍ കേവലം നിയമംകൊണ്ടുമാത്രം മാറ്റിയെടുക്കാനാവില്ല. മറിച്ച് സമൂഹ്യപരിവര്‍ത്തനത്തിന് ശ്രീനാരായണഗുരുദേവനെ പോലുള്ള യതിവര്യന്‍മാരുടെ വാക്കുകളും പ്രവര്‍ത്തനവും ആവശ്യമാണെന്നുള്ളതാണ് ഇത് സൂചിപ്പിക്കുന്നത്. ഇവിടെയാണ് കേരളം എത്ര സുകൃതമാണെന്ന് നാം ഓര്‍ക്കേണ്ടത്.
‘അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം’എന്ന ശ്രീനാരായണ സൂക്തം ധര്‍മ്മത്തിന്റെ പൊരുള്‍ വിളംബരം ചെയ്യുന്നതാണ്. മനുഷ്യസ്‌നേഹത്തിന്റെ സുഗന്ധം പൊതിഞ്ഞു നില്‍ക്കുന്നതാണ് ആ വരികള്‍. മനുഷ്യനെ സേവിക്കുന്നതിലൂടെയാണ് ഈശ്വരസേവ എന്ന് ഗുരുദേവന്‍ പറയാതെ പറഞ്ഞു. നന്മചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും തിന്മ അരുത് എന്നുമുള്ള സന്ദേശം അദ്ദേഹത്തിന്റെ കവിതകളിലും അന്തര്‍ധാരയായി ഒഴുകുന്നുണ്ട്.
‘മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന് നാരായണഗുരു ഉദ്‌ഘോഷിച്ചതിലൂടെ അദ്ദേഹം വിശ്വവന്ദ്യനായി തീരുകയായിരുന്നു. മനുഷ്യകുലത്തിന്റെ ഉയര്‍ച്ചയും നന്മയും ആഗ്രഹിച്ച ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ഉള്‍ക്കൊണ്ട് ജീവിതം പരിവര്‍ത്തനപ്പെടുത്തുക എന്നതാണ് ഈ ജയന്തിദിനത്തില്‍ ഓരോരുത്തരും പ്രതിജ്ഞയെടുക്കേണ്ടത്. ജയന്തിദിനാഘോഷങ്ങളുടെ പകിട്ടില്‍ ഇക്കാര്യം മറന്നുപോയാല്‍ അതാകും ശ്രീനാരായണഗുരുവിനോടുള്ള അനാദരവ്.
Discussion about this post