ഭാരതത്തിന്റെ പൂര്‍വ്വകാല മഹിമയുടെ തേജോമയമായ സ്മരണകള്‍ ഈ പുണ്യഭൂമിയില്‍ പിറന്ന ഏതൊരു മനുഷ്യനെയും പുളകംകൊള്ളിക്കുന്നതാണ്. എന്നോ നമുക്കു നഷ്ടപ്പെട്ടുപോയ ഈ മണ്ണിന്റെ പരമവൈഭവം വീണ്ടെടുക്കുക എന്നത് ഇവിടെ ജന്മമെടുത്ത ഓരോരുത്തരുടെയും നിയോഗമാണ്. ലോകവും കാലവും ഇന്ന് ഭാരതത്തെ കാതോര്‍ക്കുകയാണ്. മാനവരാശി തന്നെ വലിയൊരു സ്വത്വപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിന്റെ ഉത്തരം തേടി ലോകത്തിന്റെ കണ്ണുകള്‍ ഭാരതത്തിലേക്കു പ്രാര്‍ത്ഥനാപൂര്‍വ്വം നോക്കി നില്‍ക്കുന്നു. നിര്‍ണ്ണായകമായ ഈ സാഹചര്യത്തിലാണ് ഭാരതം ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. ഇത്തവണയും മോദി തന്നെ അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം. കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷത്തിലായിരിക്കും തുടര്‍ച്ചയായി മൂന്നാമത് ബി.ജെ.പി അധികാരത്തില്‍ എത്തുക എന്നത് നിസ്തര്‍ക്കമാണ്.
പത്തു വര്‍ഷത്തെ ബി.ജെ.പിയുടെ ഭരണം കൊണ്ട് ഭാരതം ലോകത്ത് അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നു. ഈ കാലഘട്ടത്തില്‍ 25 കോടിയിലേറെപ്പേരെ ദാരിദ്ര്യരേഖയ്ക്കു മുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു. അടിസ്ഥാനസൗകര്യ മേഖലയില്‍ കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ് മാറ്റങ്ങളുണ്ടായത്. ഇതൊക്കെ ഭാരതത്തിനകത്തു മാത്രമല്ല പുറത്തും അസൂയാലുക്കളായ ശത്രുക്കളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭാരതം ലോക ശക്തിയായി വളരുമെന്ന അസൂയയാണ് പുറത്തുള്ളവരുടെ ശത്രുതയ്ക്കു കാരണം ബിജെപിയുടെ കൈകളില്‍ വീണ്ടും അധികാരത്തിന്റെ ചെങ്കോല്‍ എത്തിയാല്‍ തങ്ങളുടെയൊക്കെ അധികാരത്തിലേക്കുള്ള യാത്ര വിദൂരസ്വപ്നമായി അവശേഷിക്കുമെന്ന തിരിച്ചറിവാണ് പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയൊക്കെ ഉറക്കം കെടുത്തുന്നത്. ഈ യാഥാര്‍ത്ഥ്യം വലിയൊരു തിരിച്ചറിവാകണം. നാം യുദ്ധസജ്ജരായിത്തന്നെ മുന്നോട്ടു പോകണം. അതു കാലത്തിന്റെ അനിവാര്യതയാണ്. ഭാരതാംബയുടെ പരമവൈഭവം വീണ്ടെടുക്കാനുള്ള ദൗത്യത്തില്‍ ഈ തെരഞ്ഞെടുപ്പിനു ചരിത്ര പ്രാധാന്യമുണ്ട്. നിങ്ങള്‍ നല്‍കുന്ന ഓരോ വോട്ടിനും വിലമതിക്കാനാവാത്ത വിലയാണ്. നമ്മള്‍ ഓരോരുത്തര്‍ക്കും വഴികാട്ടിയാവേണ്ടത് ആ ധര്‍മ്മബോധമാണ്.
Discussion about this post