തിരുവനന്തപുരം: സംസ്ഥാനത്ത് അര്‍ഹരായ എല്ലാപേര്‍ക്കും ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഉറപ്പാക്കാന്‍ മാവേലി റേഷന്‍ കടകള്‍ വരുന്നു. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ തുടക്കമെന്ന നിലയില്‍ ഈ വര്‍ഷം 140 മാവേലി റേഷന്‍ കടകള്‍ തുറക്കുമെന്ന് ലോകഭക്ഷ്യദിനം പ്രമാണിച്ചു നല്‍കിയ സന്ദേശത്തില്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബ് പറഞ്ഞു.
ഭക്ഷ്യസുരക്ഷയ്ക്കും പോഷകാഹാരത്തിനും സുസ്ഥിര ഭക്ഷണ സംവിധാനങ്ങള്‍ എന്ന 2013 ലെ ഭക്ഷ്യദിനസന്ദേശം കേരളം പൂര്‍ണ്ണമായും നടപ്പാക്കും. ഇതിനായി ഭക്ഷ്യസുരക്ഷാ നിയമം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 14 ലക്ഷം കുടുംബങ്ങളെക്കൂടി ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ കൊണ്ടുവരും. അന്ത്യോദയ അന്നയോജനയുടെ കീഴിലെ 5.96, ബി.പി.എല്‍. പദ്ധതിയില്‍ വരുന്ന 14 ലക്ഷം എന്നിവയ്ക്കുപുറമെയാണ് 14 ലക്ഷം കുടുംബങ്ങളെക്കൂടി ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ കൊണ്ടുവരുന്നതെന്ന് മന്ത്രി അനൂപ് വിശദീകരിച്ചു.
ഭക്ഷ്യസുരക്ഷാ പദ്ധതി പ്രാവര്‍ത്തികമാക്കുമ്പോള്‍ നിലവിലുള്ള ആരെയും ഒഴിവാക്കില്ലെന്നും മന്ത്രി അനൂപ് ജേക്കബ്ബ് പറഞ്ഞു. ഭക്ഷണത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് ഒരാള്‍ക്കും ബുദ്ധിമുട്ടുണ്ടാകരുത് എന്നതാണ് സര്‍ക്കാര്‍ നയം. അതിനാല്‍ അര്‍ഹതയുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാനുള്ള നിലവിലെ നടപടികള്‍ വിപുലീകരിക്കും. ഹോട്ടലുകളെ ആശ്രയിക്കുന്നവരെ ഉദ്ദേശിച്ച് കുടുംബശ്രീ വഴിയാണ് ഭക്ഷ്യപദ്ധതി നടപ്പിലാക്കുന്നത്. തൃപ്തി ഹോട്ടലുകള്‍ തുടങ്ങാന്‍ കുടുംബശ്രീയ്ക്ക് അഞ്ചുലക്ഷം രൂപവരെ നല്‍കും. സൗജന്യനിരക്കില്‍ അരിയും പലവ്യഞ്ജനങ്ങളും ലഭ്യമാക്കും. ഹോര്‍ട്ടികോര്‍പ്പിലൂടെ പച്ചക്കറിയും മത്സ്യഫെഡിലൂടെ മീനും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കുറയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ കൃത്യമായ നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തും. അതിനുമുന്നോടിയായി എല്ലാ റേഷന്‍ കടകളും കമ്പ്യൂട്ടര്‍വത്കരിക്കും. ഭക്ഷ്യധാന്യങ്ങളുടെ ഗുണ നിലവാരം ഉറപ്പുവരുത്തും. റേഷന്‍ സാധനങ്ങളുടെയും മില്ലിലെ കുത്തരിയുടേയും തിരിമറി ഒഴിവാക്കാന്‍ റേഡിയോ ടാഗിംഗ്, ബാര്‍കോഡ് തുടങ്ങിയ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസാധനങ്ങളുടെ ദുരുപയോഗവും പാഴാക്കലും ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും സന്ദേശത്തില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു













Discussion about this post