കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ സാമ്പത്തിക സ്രോതസ് എന്താണെന്ന് ഹൈക്കോടതി ആരാഞ്ഞു. പോലീസ് കോണ്‍സ്റബിളായ സലിംരാജിന് കോടികളുടെ ഭൂമിയിടപാടിനുള്ള പണം ലഭിക്കുന്നത് എവിടെ നിന്നാണ്. സലിംരാജ് ആരുടെ ബിനാമിയാണെന്നും കോടതി ചോദിച്ചു. സലിംരാജിനെതിരായ തിരുവനന്തപുരത്തെ ഭൂമിയിടപാട് കേസ് പരിഗണിക്കുമ്പോള്‍ ജസ്റിസ് ഹാറുണ്‍ അല്‍ റഷീദാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്. അതേസമയം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസിലേക്ക് സലിം രാജിന്റെ ഭാര്യയെ സ്ഥലം മാറ്റിയത് അവരുടെ അപേക്ഷ പ്രകാരമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സലിം രാജ് പ്രതിയായ ഭൂമി തട്ടിപ്പു കേസില്‍ സഹായം നല്‍കിയത് ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ യുഡി ക്ളര്‍ക്കായ ഭാര്യ ഷംസാദാണെന്ന് പരാതിയുണ്ടായിരുന്നു.
ദേശീയ പാതയ്ക്ക് സമീപം 25 കോടി വിലമതിക്കുന്ന 1 ഏക്കര്‍ 16 സെന്റ് ഭൂമി വ്യാജരേഖകള്‍ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസിന്റെ വിചാരണയ്ക്കിടെ സലിം രാജിന്റെ ഭാര്യയുടെ സ്ഥലം മാറ്റം സംബന്ധിച്ച് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. റവന്യൂ രേഖകളില്‍ കൃത്രിമം കാണിക്കാന്‍ ഷംസാദ് സ്വാധീനം ചെലുത്തിയെന്ന വാദം ശരിവെക്കുന്ന രേഖകള്‍ പരാതിക്കാരനായ നാസര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് നിയമനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടത്.













Discussion about this post