തിരുവനന്തപുരം: വിവാദമായ കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ അന്നത്തെ പ്രോ വൈസ്‌ചാന്‍സലര്‍ ഡോ.ജയപ്രകാശ് നശിപ്പിച്ചതായി ജസ്റ്റിസ് സുകുമാരന്‍ കമ്മിഷന്‍ കണ്ടെത്തി. അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ഹൈദ്രാബാദിലെ മൂല്യനിര്‍ണ്ണയ കേന്ദ്രത്തില്‍ നിന്നും സര്‍വ്വകലശാലയ്ക്ക് അയച്ചു കൊടുത്തിരുന്നു. ഈ ഉത്തരക്കടലാസുകള്‍ അന്നത്തെ പ്രോ വൈസ്ചാന്‍സലര്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാലിവ കണ്ടെത്താനായിട്ടില്ല.
ഉത്തരക്കടലാസുകള്‍ കാണാത്തതിന് പിന്നില്‍ പി.വി.സി തന്നെ അത് നശിപ്പിച്ചിരിക്കാം. ഈ സംഭവത്തില്‍ അന്നത്തെ വൈസ് ചാന്‍സലര്‍ രാമചന്ദ്രന്‍ നായര്‍ക്കും പങ്കുണ്ടെന്നും സുകുമാരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരക്കടലാസുകള്‍ ഇപ്പോള്‍ എവിടെയാണെന്നതിനെക്കുറിച്ച് ഒരു ഊഹവുമില്ല. ഇത് കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു. സര്‍വ്വകലാശാല നോണ്‍ ടീച്ചിങ് വിഭാഗക്കാരുടെ നിയമനം പി.എസ്.സിയെ ഏല്‍പ്പിക്കണമെന്നും സുകുമാരന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു. അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ചട്ടപ്രകാരമായിരുന്നില്ല നിയമനം നടത്തിയതെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post