വിഴിഞ്ഞം: കോവളത്ത് വംശനാശം നേരിടുന്നതും അപൂര്‍വയിനത്തിലുംപെട്ട ശംഖുവിഭാഗങ്ങളുടെ വില്പന തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥ അധികൃതരെ വിളിച്ചു വരുത്തി പരിശോധന നടത്തി. സംഘടിച്ചെത്തിയ വ്യാപാരികള്‍ റെയ്ഡിനെ പ്രതിരോധിച്ചെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് കേന്ദ്ര വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയിലെ സ്പെഷല്‍ ഓഫീസര്‍ ഗൌരി മൊളാക്കിയുടെ നേതൃത്വത്തില്‍ അപ്രതീക്ഷിത ശംഖുവേട്ട. പരിസ്ഥിതി പ്രവര്‍ത്തക മേനക ഗാന്ധി എംപി യോടൊപ്പം തലസ്ഥാനത്തെത്തിയതായിരുന്നു മൊളാക്കി. ബീച്ച് കറങ്ങിയടിക്കുന്നതിനിടയില്‍ സമീപത്തെ കടല്‍ കൌതുക വസ്തു വില്പന കേന്ദ്രത്തില്‍ കയറി കൌതുകവസ്തുക്കളോടൊപ്പം വ്യത്യസ്ത തരത്തില്‍പ്പെട്ട ശംഖുകളെ കണ്ട ഉദ്യോഗസ്ഥ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഗ്രോ ബീച്ചിലെ രണ്ടു കടകളില്‍ നടന്ന പരിശോധനയില്‍ വന്യജീവി സംരക്ഷണ വിഭാഗം ഷെഡ്യുള്‍ ഒന്ന് വിഭാഗത്തില്‍പ്പെട്ട ഹോണ്ട് ഹെല്‍മറ്റ് ശംഖുകള്‍ ഏഴും, ഷെഡ്യുള്‍ നാലില്‍ പ്പെട്ട 18 സ്പൈഡര്‍ കൊഞ്ച് ശംഖുകളും പിടിച്ചെടുത്തു. നൂറില്‍പ്പരം വ്യത്യസ്ത കടല്‍ ഉത്പന്നങ്ങള്‍ ഇവിടെയുണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു. പരിശോധനയറിഞ്ഞ് സംഘടിച്ചെത്തിയ വ്യാപാരികളെ നിയന്ത്രിക്കാന്‍ കോവളം പോലീസും രംഗത്തെത്തി. വംശനാശം നേരിടുന്ന കടല്‍ ജീവികളെ പിടികൂടാനോ, വില്‍ക്കാനോ സൂക്ഷിക്കാനോ പാടില്ലെന്ന വിശദീകരണം പ്രതിഷേധക്കാരെ ശാന്തരാക്കി. തമിഴ്നാട്ടില്‍നിന്നാണ് ശംഖുകള്‍ വാങ്ങിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇത്തരം വസ്തുക്കള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിയമം 1972 ല്‍ പ്രാബല്യത്തിലായെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ ഇതേക്കുറിച്ച് യാതൊരു അറിവും തങ്ങള്‍ക്കില്ലെന്ന് വ്യാപാരികളും പറയുന്നു. പരുത്തിപള്ളി റെയ്ഞ്ചിന്റെ പരിധിയില്‍ വരുന്നതിനാല്‍ തുടര്‍ അന്വേഷണത്തിന് കേസ് അങ്ങോട്ടു കൈമാറുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപൂര്‍വയിനം ശംഖുകളുടെ വില്‍പന നിരോധിച്ചിട്ടുണ്ട്.













Discussion about this post