തിരുവനന്തപുരം: കേരളത്തിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുളള ഭക്ഷ്യധാന്യ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ.വി.തോമസുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പു ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നിയന്ത്രണം നീക്കണമെന്നും കേന്ദ്രം അനുവദിച്ച ഒരു ലക്ഷത്തി മുപ്പത്തൊമ്പതിനായിരം ടണ്‍ ഭക്ഷ്യധാന്യവും ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ സംസ്ഥാനത്തിന് അനുമതി തരണമെന്നും കേന്ദ്രമന്ത്രിയോട് മന്ത്രി അനൂപ് ജേക്കബ് ആവശ്യപ്പെട്ടപ്പോഴാണ് ഈ ഉറപ്പ് ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിക്കുന്ന ഭക്ഷ്യധാന്യ വിഹിതം അടിസ്ഥാനമാക്കി ബി.പി.എല്‍., എ.എ.വൈ വിഭാത്തിലുള്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് 35 കിലോഗ്രാം ഭക്ഷ്യധാന്യം ലഭിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യം. ഇതില്‍ എ.എ.വൈ. വിഭാഗത്തിലെ കാര്‍ഡുടമകള്‍ക്ക് 35 കിലോഗ്രാം നിരക്കില്‍ അരി വിതരണം ചെയ്യുന്നതിന് മതിയായ സ്റ്റോക്ക് കേന്ദ്രം അനുവദിച്ചിട്ടുണ്ടെങ്കിലും, ബി.പി.എല്‍. വിഭാഗത്തിലെ കാര്‍ഡുടമകള്‍ക്ക് 18 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും വിതരണം ചെയ്യാനുളള സ്റ്റോക്ക് മാത്രമേ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നുളളൂ.
സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി നടത്തിയ നിവേദനങ്ങളുടെ ഫലമായി ബി.പിഎല്‍. കാര്‍ഡുകാര്‍ക്ക് വിതരണത്തിന് അഡ്‌ഹോക്ക് വിഹിതമായി പ്രതിമാസം 12140 ടണ്‍ അരിയും 4884 ടണ്‍ ഗോതമ്പും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഈ സ്റ്റോക്ക് ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ സംസ്ഥാന സര്‍ക്കാരിനുമേല്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബി.പി.എല്‍. കാര്‍ഡുകാര്‍ക്ക് അനുവദിച്ച ഈ അഡ്‌ഹോക്ക് വിഹിതമുള്‍പ്പെടെ ഒരു ലക്ഷത്തി മുപ്പത്തൊമ്പതിനായിരം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. എന്നാല്‍ ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ മാത്രമേ ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുളളൂ.
ഈ സാഹചര്യത്തില്‍ ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് 25 കിലോഗ്രാം അരിവിതരണം ഉറപ്പാക്കണമെന്ന സര്‍ക്കാര്‍ നയം നടപ്പാക്കുന്നതിനുമായി എ.പി.എല്‍. വിഭാഗത്തിന് അനുവദിച്ചിട്ടുളള ഗോതമ്പ് വിഹിതത്തില്‍നിന്ന് പതിനായിരം ടണ്‍ ഗോതമ്പ് ഒഴിവാക്കി തത്തുല്യമായ അളവ് അരി ഏറ്റെടുത്തു ബി.പി.എല്‍. കുടുംബങ്ങള്‍ക്കുളള അരിവിതരണം 25 കിലോഗ്രാമായി നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഈ സാഹചര്യങ്ങള്‍ കേന്ദ്രമന്ത്രിയെ നേരിട്ട് ബോദ്ധ്യപ്പെടുത്താന്‍ ചര്‍ച്ചയിലൂടെ കഴിഞ്ഞതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതു പുന:സ്ഥാപിച്ചു കിട്ടുമ്പോള്‍ എ.പി.എല്‍. കാര്‍ഡുകാര്‍ക്ക് വീണ്ടും ഗോതമ്പ് പുന:സ്ഥാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.













Discussion about this post