നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 10 കിലോഗ്രാം സ്വര്‍ണാഭരണങ്ങളുമായി 28 സ്ത്രീകളും 14 പുരുഷന്‍മാരും ഉള്‍പ്പെട്ട 42 ശ്രീലങ്കന്‍ സ്വദേശികളെ എയര്‍ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റുചെയ്തു.
വിപണിയില്‍ മൂന്നു കോടി രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങളാണു പിടിച്ചത്. കൊളംബോയില്‍നിന്നു കൊച്ചിയിലേക്കുവന്ന ശ്രീലങ്കന്‍ എയര്‍ലന്‍സിന്റെ യുഎല്‍ -165-ാം നമ്പര്‍ ഫ്ളൈറ്റിലാണ് 42 പേരും വന്നത്. ഇവരുടെ കൈവശം 300 മുതല്‍ 600 ഗ്രാംവരെ തൂക്കമുള്ള സ്വര്‍ണാഭരണങ്ങളാണ് ഉണ്ടായിരുന്നത്.
ഇവര്‍ സ്ഥിരമായി യാത്ര ചെയ്തിരുന്നവരാണെന്നു പാസ്പോര്‍ട്ടില്‍നിന്നു വ്യക്തമായിട്ടുണ്ട്. കൊളംബോയില്‍നിന്നു ദക്ഷിണേന്ത്യയിലെ ഏതെങ്കിലും വിമാനത്താവളത്തില്‍ വന്നിറങ്ങി അതേ ദിവസമോ തൊട്ടടുത്ത ദിവസമോ തിരിച്ചു പോയിട്ടുള്ളതായി പാസ്പോര്‍ട്ടില്‍നിന്നു മനസിലാക്കാനായിട്ടുണ്ട്. ഗ്രൂപ്പായിട്ടാണ് ഇവര്‍ യാത്ര ചെയ്തിരുന്നതെന്നു കസ്റംസ് കമ്മീഷണര്‍ ഡോ.കെ.എന്‍. രാഘവന്‍ പറഞ്ഞു.
കൊളംബോ, ചെന്നൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘമാണു സ്വര്‍ണക്കടത്തിനു പിന്നിലെന്നു സംശയിക്കുന്നതായി കസ്റംസ് അധികൃതര്‍ അറിയിച്ചു. ഇവര്‍ യാത്രക്കാരെ പാട്ടിലാക്കി സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുകയാണു ചെയ്യുന്നത്. കടത്തുന്ന സ്വര്‍ണത്തിന് അനുസൃതമായാണ് ഇവര്‍ക്കു സംഘങ്ങള്‍ പ്രതിഫലം നല്‍കുന്നത്. കൂടാതെ വിമാന ടിക്കറ്റും നല്കും. തിരിച്ചുള്ള യാത്രയില്‍ ഇവര്‍ വിലകൂടിയ തുണിത്തരങ്ങളുമായാണു മടങ്ങുന്നത്. ഇതു കൂടിയ തുകയ്ക്കു ശ്രീലങ്കയില്‍ വില്‍ക്കും.
വിദേശികള്‍ക്ക് ഇന്ത്യയിലേക്കു സ്വര്‍ണം കൊണ്ടുവരാന്‍ അനുവാദമില്ലെന്നു ഡോ. കെ.എന്‍. രാഘവന്‍ അറിയിച്ചു. വിദേശത്തുനിന്നു വരുന്ന ഇന്ത്യക്കാര്‍ക്കു പുരുഷന് 50,000 രൂപയുടെയും സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെയും സ്വര്‍ണം ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാം. ഒരു കിലോഗ്രാം സ്വര്‍ണാഭരണം വിദേശത്തുനിന്നു കൊണ്ടുവരുമ്പോള്‍ 2,69,923 രൂപ കസ്റംസ് ഡ്യൂട്ടിയായി കൊടുക്കണം. ശ്രീലങ്കന്‍ പൌരന്മാരുടെ സ്വര്‍ണക്കടത്ത് ഒറ്റപ്പെട്ട സംഭവമല്ലെന്നു വ്യക്തമായിട്ടുണ്ട്.
ഗള്‍ഫ് മേഖലയില്‍നിന്നു കൊ ച്ചി വഴിയുള്ള സ്വര്‍ണക്കടത്ത് കുറഞ്ഞപ്പോഴാണു പുതിയ മാര്‍ഗം തുടങ്ങിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗള്‍ഫില്‍നിന്നു കൊണ്ടുവന്ന 43 കിലോഗ്രാം സ്വര്‍ണമാണു കൊച്ചിയില്‍ പിടിച്ചത്.
കൊച്ചിയിലേക്കുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ചതിനേപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നു കസ്റംസ് അധികൃതര്‍ അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.എ.എസ്. നവാസ്, ജി. അജിത്കൃഷ്ണന്‍, കെ.എസ്.ബിജുമോന്‍, ഇ.പി. ശിവരാമന്‍, കെ.എക്സ്. ലാല്‍ഫി ജോസഫ്, ജിമ്മി ജോസഫ് എന്നിവരടങ്ങുന്ന സംഘമാണു സ്വര്‍ണം പിടിച്ചത്.













Discussion about this post