തിരുവനന്തപുരം: നിര്‍ദ്ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 3050 മീറ്റര്‍ റണ്‍വേയാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുക. ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ നിര്‍മ്മാണം മേയില്‍ തുടങ്ങും. 2015 ഡിസംബര്‍ 31-ന് ആദ്യ വിമാനം കണ്ണൂരില്‍ നിന്നും പറന്നുയരുമെന്നാണ് പ്രതീക്ഷയെന്ന് ഏവിയേഷന്‍ മന്ത്രി കെ. ബാബു പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ കരാര്‍ കൈമാറല്‍, സൈറ്റ് ഹാന്റ് ഓവറിംഗ് എന്നിവ സംബന്ധിച്ച് പി.ആര്‍ ചേംബറില്‍ ഔദ്യോഗികമായി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുബൈ ആസ്ഥാനമായുള്ള ലാര്‍സന്‍ ആന്റ് ടൂബ്രോ ലിമിറ്റഡ് കമ്പനി സമര്‍പ്പിച്ച ടെണ്ടറിനാണ് റണ്‍വേ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി ലഭിച്ചത്. എല്‍ & ടി കമ്പനിയ്ക്കു വേണ്ടി ജനറല്‍ മാനേജര്‍ കെ.വി. പ്രവീണ്‍, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജി. ചന്ദ്രമൗലി എന്നിവരാണ് കരാറുകള്‍ കൈമാറിയത്. ഈ കരാറുകള്‍ പ്രകാരം 694 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പദ്ധതി പ്രദേശത്ത് നടക്കുക. റണ്‍വേ നിര്‍മ്മാണം, എര്‍ത്ത് വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികളാണ് ടെന്‍ഡര്‍ പ്രകാരം നടക്കുക. സാങ്കേതികമായുള്ള ടെന്‍ഡര്‍ പരിശോധനയില്‍ð നാലു കമ്പനികളാണ് യോഗ്യത നേടിയത്. ലാര്‍സന്‍ ആന്റ് ടൂബ്രോ ലിമിറ്റഡ്, സാന്‍ജോസ്-ഗാമണ്‍, ജി.എം.ആര്‍-ലിമാക് കണ്‍സോര്‍ഷ്യം, ഐ.റ്റി.ഡി. സിമെന്റേഷന്‍ എന്നിവയാണ് യോഗ്യത നേടിയ കമ്പനികള്‍. ഇവരില്‍ð നിന്നും ഫിനാന്‍ഷ്യല്‍ð ബിഡ് പരിശോധിച്ചപ്പോള്‍ ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍ നല്‍കിയ ലാര്‍സന്‍ ആന്റ് ടൂബ്രോ ലിമിറ്റഡിനെ തെരഞ്ഞെടുക്കുകയായിരുന്നു, മന്ത്രി കെ. ബാബു പറഞ്ഞു. ഭൂമി ഉള്‍പ്പെടെ ആകെ 1800 കോടി രൂപയുടെ പദ്ധതിയാണിത്. ടെര്‍മിനല്‍ ബില്‍ഡിംഗ് നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികളാരംഭിച്ചു. ഇതിനായി ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു. ജനുവരിയില്‍ ടെണ്ടര്‍ വിളിക്കും. ഏപ്രിലില്‍ ടെക്‌നിക്കല്‍ ബിഡും മേയില്‍ ഫിനാന്‍ഷ്യല്‍ ബിഡും തുറക്കും. മേയ് മാസത്തില്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 2013 ജൂലൈ 19 നാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പദ്ധതിയ്ക്ക് പാരിസ്ഥിതിക അനുമതി നല്‍കിയത്. പദ്ധതിയ്ക്കായി ഇതുവരെ 1277.93 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. ഇനി 785.45 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കാനുണ്ട്. ഇതിനായുളള നടപടികള്‍ അന്തിമ ഘട്ടത്തിലാണ് എസ്.ബി.ഐ. കാപ്‌സിന് പദ്ധതിയുടെ ഫിനാന്‍ഷ്യല്‍ അഡൈ്വസറായി നിയമിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉള്‍പ്പെടെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും പദ്ധതിയില്‍ പണം നിക്ഷേപിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് 25 കോടിയുടെ ഷെയര്‍ എടുക്കുന്ന കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ സൗകര്യം ഏര്‍പ്പെടുത്തും. സംസ്ഥാന സര്‍ക്കാരിന് പദ്ധതിയിലുള്ള ഓഹരി 26 ശതമാനമാണ്. 49 ശതമാനം ഷെയറുകള്‍ പ്രൈവറ്റ് ഷെയറുകളായി നീക്കി വച്ചിട്ടുണ്ട്. നിലവില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്‍. (173 കോടി), കെ.എം.എം.എല്‍. (5 കോടി), കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ (5 കോടി), കെ.എസ്.ഐ.ഇ. (10 ലക്ഷം) എന്നീ സംസ്ഥാന സംരംഭങ്ങളും കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ മുതല്‍ð മുടക്കിയിട്ടുണ്ട്, മന്ത്രി കെ. ബാബു പറഞ്ഞു. ചടങ്ങില്‍ കണ്ണൂര്‍ വിമാനത്താവളം കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജി. ചന്ദ്രമൗലി, എയ്‌കോം വൈസ് പ്രസിഡന്റ് ജോണ്‍ മെനിസ്, എല്‍.& ടി. ജനറല്‍ മാനേജര്‍ കെ.വി. പ്രവീണ്‍, കണ്ണൂര്‍ വിമാനത്താവളം കമ്പനി ചീഫ് പ്രോജക്ട് മാനേജര്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.













Discussion about this post