തിരുവനന്തപുരം: ആറ്റുകാലും പരിസര പ്രദേശങ്ങളും ഉള്‍പ്പെടുന്ന 29 നഗരസഭാ വാര്‍ഡുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ടുളള ആറ്റുകാല്‍ ടൗണ്‍ഷിപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ആറ്റുകാല്‍ ക്ഷേത്രത്തില്‍ ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രിഡ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതി പ്രകാരം മണക്കാട്-ചിറമുക്ക്- കാലടി, ചിറമുക്ക്-കൊഞ്ചിറവിള – അമ്പലത്തറ, മണക്കാട്-കളിപ്പാന്‍കുളം എന്നീ റോഡുകള്‍ വീതി കൂട്ടി വികസിപ്പിക്കും. ഓടകളും സിവറേജ് സംവിധാനങ്ങളും വിപുലപ്പെടുത്തും. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പാര്‍ക്കിങ് സൗകര്യം വിപുലപ്പെടുത്തും. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ആറ്റുകാല്‍ ശബരിമല ഇടത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. റവന്യൂ വകുപ്പ് പോലീസ്, അഗ്നിശമനസേന എന്നിവ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. കെ.എസ്.ആര്‍.ടി. സി. ആവശ്യാനുസരണം ബസ് സര്‍വ്വീസുകള്‍ നടത്തും. ഇടത്താവളത്തിലെ അടിസ്ഥാന സൗകര്യത്തിനായി വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് എയ്ഡ് പോസ്റ്റിന്റെയും ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് 80 ലക്ഷം രൂപ ചെലവില്‍ സജ്ജമാക്കിയ ടൊയ്‌ലറ്റ് ബ്ലോക്കുകളുടെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ മേയര്‍ കെ.ചന്ദ്രിക, കൗണ്‍സിലര്‍മാരായ പി.പത്മകുമാര്‍, ആറ്റുകാല്‍ ജയന്‍, എസ്.ഉദയലക്ഷ്മി, പി.എസ്.നായര്‍, ആര്‍.ഹരികുമാര്‍, മോഹനന്‍ നായര്‍, എസ്.വിജയകുമാര്‍, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, എ.ഡി.എം. വി.ആര്‍. വിനോദ്, പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എസ്.സുരേഷ് കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.വൈ. സുരേഷ്, ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍, ചെയര്‍മാന്‍ കെ.പി.രാമചന്ദ്രന്‍ നായര്‍, സെക്രട്ടറി എം.എസ്.ജ്യോതിഷ്, സുബാഷ് ബോസ്, കൈമനം പ്രഭാകരന്‍, പാളയം ഉദയന്‍, കുര്യാത്തി സുരേന്ദ്രന്‍, അനന്തപുരി മണികണ്ഠന്‍, പാടശ്ശേരി ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.













Discussion about this post