കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഫോണ്‍വിളി വിവാദമുണ്ടായ കോഴിക്കോട് ജില്ലാ ജയിലിനുള്ളില്‍നിന്നു മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ആധുനിക സൌകര്യങ്ങളൊന്നുമില്ലാത്ത ഒരു ഫോണാണ്, ടി.പി കേസിലെ പ്രതികള്‍ ഉപയോഗിക്കുന്ന പൊതുടോയ്ലറ്റിന്റെ ടാങ്കിലെ പൈപ്പില്‍നിന്നു കണ്ടെത്തുകയായിരുന്നു. രണ്ടു സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫോണ്‍ സിമ്മുകളും ബാറ്ററിയും മാറ്റിയ നിലയിലായിരുന്നു. ജയില്‍ അധികൃതര്‍ ഫോണ്‍ പോലീസിനു കൈമാറി. ഫോണ്‍ വിവാദത്തെത്തുടര്‍ന്ന് അധികൃതര്‍ ദിവസങ്ങളോളം പരിശോധന നടത്തിയെങ്കിലും മൊബൈല്‍ ഫോണുകള്‍ കണ്െടത്തിയിരുന്നില്ല.
ഫോണ്‍വിളിയെച്ചൊല്ലിയുള്ള വിവാദവും റെയ്ഡും ഭയന്ന് ഉപേക്ഷിച്ചതാകാനാണു സാധ്യത. ഇതിനിടെ, ടി.പി കേസിലെ പ്രതികളുടെ ഫോണ്‍വിളി സംബന്ധിച്ച വിശദ വിവരങ്ങളടങ്ങിയ രേഖകള്‍(സിഡിആര്‍) ഇന്നലെ ഉച്ചയോടുകൂടി ലഭിച്ചു. ഇതോടെ അന്വേഷണം ഊര്‍ജിതമാക്കിയതായി സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ അറിയിച്ചു. നാലു നമ്പറുകളാണു നിലവില്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ ഫോണുകളിലേക്കു വന്നതും പുറത്തേക്കു പോയതുമായ കോളുകള്‍ ആരുടേതാണെന്നു തിരിച്ചറിയാനുള്ള ശ്രമത്തിലാണു പോലീസ്.
മൊത്തം 11 സിം കാര്‍ഡുകള്‍ ഉപയോഗിച്ചിട്ടുണ്െടന്നാണു തിരിച്ചറിഞ്ഞത്. ഇവരെ താമസിയാതെ ചോദ്യംചെയ്യുമെന്നു പോലീസ് അറിയിച്ചു. തിരിച്ചറിഞ്ഞ ചില സിമ്മുകള്‍ക്ക് ഒരു വര്‍ഷത്തെ പഴക്കമുണ്ട്. മുഴുവന്‍ സമയവും ജയില്‍ പരിധിക്കുള്ളില്‍ മാത്രമല്ല ഇവ ഉപയോഗിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്. ജയിലിനു പുറത്തേക്കും സിമ്മുകള്‍ കൊണ്ടുപോയിട്ടുണ്ട്. എളുപ്പം തിരിച്ചറിയാതിരിക്കാന്‍ ആറു തവണ സര്‍വീസ് ദാതാവിനെ മാറ്റിയ നമ്പറുകളും ഇക്കൂട്ടത്തിലുണ്െടന്നും കണ്െടത്തി.
ജയിലില്‍ ഉപയോഗിച്ചുവെന്നു പറയുന്ന നാലു നമ്പറുകളിലൊന്നു കിര്‍മാണി മനോജിന്റേതാണ്. ചന്ദ്രശേഖരനെ വധിക്കുന്നതിനുള്ള ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച ഫോണ്‍ നമ്പര്‍തന്നെയാണ് ഇയാള്‍ ജയിലിലും ഉപയോഗിച്ചതെന്നു പോലീസ് നേരത്തേ കണ്െടത്തിയിരുന്നു. വധഗൂഢാലോചനയ്ക്കുപയോഗിച്ചത് 9847562679 എന്ന നമ്പറിലുള്ള ഫോണ്‍ ആയിരുന്നു.
ഈ സിം കാര്‍ഡ് മാഹി സ്വദേശി അജേഷിന്റ പേരിലുള്ളതാണ്. കൊലയ്ക്കുശേഷം ഇത് ഉപേക്ഷിച്ചുവെന്നായിരുന്നു പ്രതി പോലീസിനു മൊഴി നല്‍കിയിരുന്നത്. വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതു പ്രവര്‍ത്തനരഹിതമാണെന്നാണു പോലീസ് അറിയിച്ചത്. ആയഞ്ചേരി സ്വദേശി അഹമ്മദിന്റെ പേരിലെടുത്ത 9946691814 നമ്പറിലുള്ള സിം കാര്‍ഡാണു മൂന്നാം പ്രതി കൊടി സുനി ഉപയോഗിച്ചിരുന്നത്.
അഞ്ചാം പ്രതി കെ.കെ മുഹമ്മദ് ഷാഫി 9562945872, 9947438653 നമ്പറിലുള്ള രണ്ടു സിം കാര്‍ഡുകളാണു ജയിലില്‍ ഉപയോഗിച്ചിരുന്നത്. ഇതില്‍ ആദ്യത്തെ നമ്പര്‍ ന്യൂ മാഹി സ്വദേശി പി.പി ഫൈസലിന്റെ പേരിലുള്ളതാണ്. ആ നാലു നമ്പറുകള്‍ സംബന്ധിച്ച വിവരങ്ങളാണു പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. ഇവയ്ക്കു പുറമേയാണു പല ഘട്ടങ്ങളിലായി പ്രതികള്‍ 11 സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നുവെന്നു ട്രൂകോളര്‍ സംവിധാനം ഉപയോഗിച്ചു പോലീസ് കണ്െടത്തിയിട്ടുണ്ട്. അതേസമയം, ഫേസ് ബുക്കില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത ഐപി അഡ്രസ് കാലിഫോര്‍ണിയയിലെ ഫേസ്ബുക്ക് ആസ്ഥാനത്തുനിന്നു താമസിയാതെ ലഭിക്കുമെന്നാണു പ്രതിക്ഷയെന്നു സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഇതു ലഭിച്ചു കഴിഞ്ഞാല്‍ എവിടെനിന്നാണ്, ആരാണു ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തതെന്നു വ്യക്തമാകും.













Discussion about this post