ആലപ്പുഴ: കാട്ടൂരില്‍ മാര്‍ച്ച് ഒന്നിന് പൊലീസ് ഔട്ട് പോസ്റ്റ് ആരംഭിക്കുമെന്ന് ആഭ്യന്തര-വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാട്ടൂര്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച സ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള രണ്ടു പൊലീസ് സ്റ്റേഷനുകളും കാട്ടൂരില്‍ നിന്ന് വളരെ അകലെയായതിനാല്‍ ഇവിടെ ഔട്ട് പോസ്റ്റ് വേണമെന്ന മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. സ്നേഹജന്റെയും ആലപ്പുഴ രൂപത കോര്‍പറേറ്റ് മാനേജര്‍ റവ. ഫാ. സേവ്യര്‍ കുടിയാംശ്ശേരിയുടെയും അഭ്യര്‍ത്ഥയെ തുടര്‍ന്നാണ് ഔട്ട് പോസ്റ്റ് അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് നല്‍കുന്ന സ്ഥലത്ത് ഔട്ട് പോസ്റ്റ് ആരംഭിക്കും. കലവൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അവിടെ നിന്നുള്ള പൊലീസുകാരുടെ സേവനം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ കുട്ടികളില്‍ ദേശസ്നേഹവും പൗരബോധവും അച്ചടക്കവും വളര്‍ത്താനും സേവസന്നദ്ധത ഊട്ടിയുറപ്പിക്കാനുമായി സംസ്ഥാനത്ത് ആവിഷ്കരിച്ച സ്റുഡന്റ് പൊലീസ് പദ്ധതി വന്‍ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകം, ഒഡിഷ തുടങ്ങിയ സംസ്ഥാങ്ങള്‍ ഇക്കാര്യത്തില്‍ കേരളത്തെ മാതൃകയാക്കുകയാണ്. സേനാംഗങ്ങളുടെ കുറവാണ് പദ്ധതി നേരിടുന്ന ഏക പ്രശ്നം. ഇതു പരിഹരിച്ച് ഭാവിയില്‍ കൂടുതല്‍ സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. സ്നേഹജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഉമാ മീണ, ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ കെ.ജി. രാജേശ്വരി, ജില്ലാ പഞ്ചായത്തംഗം പി.പി. സംഗീത, ഫാ. സേവ്യര്‍ കുടിയാംശ്ശേരി, സ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡിവൈ.എസ്.പി. ജോര്‍ജ് ചെറിയാന്‍, ചേര്‍ത്തല ഡിവൈ.എസ്.പി. എ.ജി ലാല്‍, മദര്‍ ലീല ജോസ്, ബ്ളോക്ക് പഞ്ചായത്തംഗം എ.എം. കുഞ്ഞച്ചന്‍, വാര്‍ഡംഗം പി.വി. ശശിധരന്‍, ആലപ്പുഴ നഗരസഭാംഗം റീഗോ രാജു, ചേര്‍ത്തല എ.ഇ.ഒ. വി. അശോകന്‍, പ്രിന്‍സിപ്പാള്‍ കെ.വി. റൊമാള്‍ഡ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ വി.ബി. മേരിക്കുട്ടി, പി.ടി.എ. പ്രസിഡന്റ് വി.ഡി. മധു, പി.ആര്‍. യേശുദാസ്, സുഭാഷ്, പ്രീമാ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post