കൊച്ചി: ശബരിമലയില്‍ അയ്യപ്പസേവാസമാജം നിര്‍മ്മിക്കുന്ന അന്നദാന മണ്ഡപത്തിന്റെ പണി നിര്‍ത്തിവെപ്പിച്ചതിനു പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഹോട്ടല്‍ ലോബിയും ദേവസ്വം കരാറുകാരും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് അയ്യപ്പസേവാസമാജം അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ എസ്. സുദര്‍ശന്‍ റെഡ്ഡി പത്രസമ്മേളനത്തില്‍ പറഞ്ഞു. മണ്ഡപം നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കരാറുകള്‍ക്ക് വിരുദ്ധമായാണ് ദേവസ്വം ബോര്‍ഡ് പണി നിര്‍ത്തിവെപ്പിച്ചത്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും എസ്. സുദര്‍ശന്‍ റെഡ്ഡി വിശദീകരിച്ചു. മൂന്നു നിലയില്‍ 36000 ചതുരശ്രയടി വരുന്ന അന്നദാന മണ്ഡപം നിര്‍മ്മിക്കുന്നതിനാണ് കരാറുണ്ടാക്കിയിരുന്നത്. കൂടാതെ ആറ് നിലകളില്‍ 96 മുറികളുള്ള പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കാനും കരാറില്‍ അനുമതിയുണ്ട്. 18 കോടിയോളം വരുന്ന കെട്ടിടങ്ങള്‍ സംഭാവന സ്വീകരിച്ച് നിര്‍മ്മിക്കാനും സംഭാവന നല്‍കിയവരുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കാനും വ്യവസ്ഥയുണ്ടായിരുന്നു. 2013 ആഗസ്ത് 21ന് ഭൂമിപൂജ നടത്തി. അടിത്തറ കെട്ടി നിര്‍മ്മാണം പുരോഗമിക്കുമ്പോഴാണ് നിര്‍ത്തിവെയ്ക്കാ ന്‍ ഉത്തരവ് വന്നത്. കെട്ടിടം നിര്‍മ്മിക്കാന്‍ സംഭാവന സ്വീകരിച്ചുവെന്നാണ് ആരോപണം. ഭക്തരില്‍ നിന്നും സംഭാവന സ്വീകരിക്കാന്‍ കരാറില്‍ തന്നെ വ്യവസ്ഥയുണ്ടെന്ന് സേവാസമാജം ഭാരവാഹികള്‍ പറഞ്ഞു.രണ്ട് അന്നദാന കേന്ദ്രങ്ങള്‍ വഴി മണ്ഡല-മകരവിളക്ക് കാലത്ത് ദിവസം 18000 പേര്‍ക്ക് അന്നദാനം നടത്തുന്നുണ്ട്. ഇത് ഹോട്ടലുകള്‍ക്ക് തിരിച്ചടിയായിരുന്നു. അന്നദാന മണ്ഡപം പണി മാത്രം കരാര്‍ നല്‍കി കുറഞ്ഞചെലവിലാണ് നിര്‍മ്മിക്കുന്നത്. ഇതിന്റെ നിര്‍മ്മാണം ദേവസ്വം കരാറുകാര്‍ക്ക് നല്‍കാതിരുന്നതിനാല്‍ ചിലര്‍ക്ക് വൈരാഗ്യമുണ്ട്. ചതുരശ്രയടിക്ക് 1400 രൂപ നിരക്കിലാണ് മണ്ഡപം നിര്‍മ്മിക്കുന്നത്. കൂടിയ നിരക്കില്‍ നിര്‍മാണം നടത്തുന്ന ദേവസ്വം കരാറുകാര്‍ക്ക് ഇത് പ്രശ്‌നമാകും. കുറഞ്ഞ നിരക്കില്‍ താമസസൗകര്യം വരുന്നതും ഹോട്ടലുകള്‍ക്ക് താല്പര്യമില്ല. ഇത്തരക്കാര്‍ ചേര്‍ന്നാണ് പദ്ധതിക്കെതിരെ ഗൂഢാലോചന നടത്തിയത്.ഇതു സംബന്ധിച്ച് കേരള മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതി ദേവസ്വം ഓംബുഡ്‌സ്മാന് കൈമാറി. ഇതിന്റെ ഹിയറിംഗ് വ്യാഴാഴ്ച നടന്നപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ഹാജരായില്ലെന്നും സേവാസമാജം കുറ്റപ്പെടുത്തി.കോടിക്കണക്കിന് ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാകാത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ പ്രതിഷേധമുണ്ട്. ഭക്തരുടെ ബുദ്ധിമുട്ടുകള്‍ തെളിവു സഹിതം സി.ഡി.യിലാക്കി ദേവസ്വം ഓംബുഡ്‌സ്മാന് കൈമാറിയിട്ടുണ്ട്. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചാല്‍ ഭക്തര്‍ക്ക് ഗുണകരമാകുമെന്നും സുദര്‍ശന്‍ റെഡ്ഡി പറഞ്ഞു. സമാജത്തിന്റെ കര്‍ണാടക സംസ്ഥാന ജന. സെക്രട്ടറി ബി. ജയപ്രകാശ്, ഖജാന്‍ജി എസ്. വിനോദ് എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Discussion about this post