തിരുവനന്തപുരം: സൗദി അറേബ്യയിലും മറ്റു ചില ഗള്‍ഫ് രാഷ്ട്രങ്ങളിലും മെര്‍സ് കൊറോണ വൈറസ് രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് രോഗനിരീക്ഷണത്തിനും പ്രതിരോധത്തിനും ചികിത്സക്കുമുളള തയാറെടുപ്പുകള്‍ ശക്തിപ്പെടുത്തി. നിലവില്‍ സംസ്ഥാനത്ത് ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് സംസ്ഥാനത്ത് എത്തുന്നവരില്‍ ശക്തമായ പനി, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉളളവരെ പ്രത്യേകം നിരീക്ഷിക്കുന്നതിനും ചികിത്സക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മറ്റോ ഉപയോഗിച്ച് വായും മൂക്കും മൂടുന്നത് മെര്‍സ് അടക്കമുളള ശ്വാസകോശരോഗങ്ങള്‍ പകരുന്നത് തടയും. കൂടാതെ രോഗക്ഷണങ്ങളുളളവരുമായി അടുത്ത് ഇടപഴകുന്നവര്‍ ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ച് കൈകള്‍ കഴുകണം. നിലവില്‍ സംസ്ഥാനത്ത് ഈ രോഗത്തെ കുറിച്ച് ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജമീല അറിയിച്ചു.
Discussion about this post