ബാംഗ്ലൂര്‍: ജിഎസ്‌എല്‍വി വിക്ഷേപണ പരാജയം ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൌത്യത്തിനെ ബാധിക്കില്ല എന്ന് ഐഎസ്‌ആര്‍ഒ. 2013-ല്‍ നിശ്ചിത സമയത്ത് തന്നെ ചന്ദ്രയാന്‍ ദൌത്യം നടക്കുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അറിയിച്ചു.
ജിഎസ്‌എല്‍വി വിക്ഷേപണ പരാജയം ചാന്ദ്ര ദൌത്യത്തെ ബാധിക്കുമെന്ന ആശങ്ക നിലനിക്കെയാണ് ചെയര്‍മാന്റെ വിശദീകരണം വന്നിരിക്കുന്നത്. ഐഎസ്‌ആര്‍ഒയിലെ തന്നെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ വിക്ഷേപണ പരാജയം ചന്ദ്രയാനെ ബാധിച്ചേക്കുമെന്ന് പറഞ്ഞിരുന്നു.
റഷ്യന്‍ നിര്‍മ്മിത ക്രയോജനിക് എഞ്ചിന്റെ സഹായത്തോടെയാവും ചന്ദ്രയാന്‍-2 ബഹിരാകാശത്തേക്ക് കുതിക്കുക. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളാണ് ദൌത്യത്തിനുണ്ടാവുക. ഇതില്‍, റോവറും ഓര്‍ബിറ്ററും ഇന്ത്യയും ലാന്‍ഡര്‍ റഷ്യയും വികസിപ്പിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ചന്ദ്രയാന്‍-2 വിക്ഷേപിക്കുക. ബഹിരാകാശ വാഹനത്തിന് 2,650 കിലോഗ്രാം ഭാരമുണ്ടായിരിക്കും. ഓര്‍ബിറ്ററിന് 1,400 കിലോഗ്രാം ഭാരവും ലാന്‍ഡറിന് 1,250 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കും.
Discussion about this post