ന്യൂഡല്‍ഹി: കേന്ദ്ര ഗ്രാമവികസനമന്ത്രി ഗോപിനാഥ് മുണ്ടെ (64) വാഹനാപകടത്തില്‍ മരിച്ചു. ഡല്‍ഹി വിമാനത്താവളത്തിലേക്ക് പോകുംവഴി രാവിലെ 6.20 ന് അദ്ദേഹത്തിന്റെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ എയിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 7.20 ന് ആയിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയില്‍ നടക്കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു മുണ്ടെ.
ഗോപിനാഥ് മുണ്ടെ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ആസ്പത്രിയില്‍ എത്തിച്ചപ്പോള്‍ത്തന്നെ ശ്വാസോഛ്വാസവും ഹൃദയത്തിന്റെ പ്രവര്‍ത്തനവും ഏതാണ്ട് നിലച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മരണകാരണം ഹൃദയാഘാതവും ആന്തരിക രക്തസ്രാവവുമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
അപകട വിവരമറിഞ്ഞ് കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും ഹര്‍ഷവര്‍ധനും ആസ്പത്രിയില്‍ എത്തിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് മുണ്ടെയുടെ മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. മൃതദേഹം ന്യൂഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചശേഷം ജന്മദേശമായ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകും.
അന്തരിച്ച മുതിര്‍ന്ന ബി ജെ പി നേതാവ് പ്രമോദ് മഹാജന്റെ സഹോദരി പ്രാധാന്യയാണ് മുണ്ടെയുടെ ഭാര്യ. നിയമസഭാംഗമായ പങ്കജ, പ്രീതം (ഡോക്ടര്‍), യശശ്രീ (നിയമവിദ്യാര്‍ത്ഥിനി) എന്നിവരാണ് മക്കള്‍.












