ന്യൂഡല്‍ഹി: പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ്‌ബെല്‍റ്റു ധരിക്കണമെന്ന വിഷയം സംബന്ധിച്ച് സംസ്ഥാനത്ത് വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റുബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ കേരളത്തില്‍ ഗതാഗത മന്ത്രിയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും വിരുദ്ധ നിലപാടുകളെടുത്തിരിക്കുന്ന സാഹചര്യത്തിലാണു കേന്ദ്രം നിലപാടറിയിച്ചത്. പിന്‍സീറ്റിലായാലും മുന്‍സീറ്റിലായാലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചിരുന്നെങ്കില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടേയുടേതുള്‍പ്പെടെ ആയിരക്കണക്കിനു പേരുടെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നു. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ആരോഗ്യമന്ത്രാലയം കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിക്കു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി ആവശ്യമെങ്കില്‍ അടിയന്തരമായി അതിനു വേണ്ടതു ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 10 വയസിനു മുകളിലുള്ള എല്ലാ വാഹനയാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നാണു ലോക ആരോഗ്യസംഘടനയുടെ നിര്‍ദേശം. നിയമം പ്രാബല്യത്തില്‍ വരുംമുമ്പുതന്നെ സ്വയം ശീലമാക്കാന്‍ യാത്രക്കാര്‍ തയാറാവേണ്ടതാണ്. മുന്‍സീറ്റിലും പിന്‍സീറ്റിലുമായി യാത്ര ചെയ്യുന്നവരെല്ലാം സീറ്റ് ബെല്‍റ്റ് ധരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാവൂ എന്നു വാഹനമോടിക്കുന്നവര്‍ക്കു നിര്‍ദേശം നല്‍കണം. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെ എത്തുന്നവരുടെ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നതു തടയാന്‍ പമ്പുടമകളുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post