തിരുവനന്തപുരം: ഡോക്ടര്‍മാര്‍ മരുന്നിനുള്ള കുറിപ്പുകള്‍ ഇംഗ്ലീഷ് വലിയക്ഷരത്തില്‍ (കാപ്പിറ്റല്‍ ലെറ്റര്‍) വ്യക്തമായി എഴുതിനല്‍കണമെന്ന് നിര്‍ദ്ദേശം വരുന്നു. ആശുപത്രിക്ക് പുറത്തേക്ക് മരുന്നെഴുതി കൊടുക്കുന്ന ഡോക്ടര്‍മാരെയും പിടികൂടാനുള്ള നടപടികളും ആരോഗ്യവകുപ്പ് ആരംഭിച്ചു.
കുറിപ്പുകള്‍ വ്യക്തമായി എഴുതി നല്കണമെന്ന് മെഡിക്കല്‍ കൗണ്‍സിലും ഡ്രഗ്‌സ് കണ്‍ട്രോളറും ലോകാരോഗ്യ സംഘടനയും മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ആരും പാലിക്കാറില്ല. ഡോക്ടര്‍മാര്‍ ഇംഗ്ലീഷ് കൂട്ടക്ഷരത്തില്‍ എഴുതി നല്കുന്ന മരുന്നു കുറിപ്പുകള്‍ വായിക്കാന്‍ കഴിയാത്തതിനാല്‍ മരുന്നുമാറിപ്പോകുന്ന സംഭവങ്ങള്‍ പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറിപ്പുകള്‍ വ്യക്തമായി എഴുതി നല്കണമെന്ന് സംസ്ഥാന സര്‍ക്കാരും നിര്‍ദ്ദേശം നല്കിയിട്ടുണ്ടെങ്കിലും പല ഡോക്ടര്‍മാരും പാലിക്കാറില്ല. ഇതേത്തുടര്‍ന്നാണ് വീഴ്ചവരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.
മരുന്നുകളുടെ ജനറിക് നാമം മാത്രമേ എഴുതി നല്കാവൂവെന്ന് പുതിയ ഉത്തരവില്‍ വീണ്ടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ചില മരുന്നുകള്‍ക്ക് ആവശ്യമായ സാഹചര്യത്തില്‍ ഒന്നോ രണ്ടോ വാണിജ്യനാമങ്ങളും എഴുതി നല്കാം. ഡോക്ടര്‍മാര്‍ മരുന്നുകമ്പനികളെ പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കാനാണ് മരുന്നില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുന്ന ജനറിക് നാമം എഴുതി നല്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നത്. ഇത് കൂടുതല്‍ കര്‍ക്കശമാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സര്‍ജിക്കല്‍ ഉപകരണങ്ങളുടെയും ഇംപ്ലാന്റുകളുടെയും കാര്യത്തില്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശമൊന്നുമില്ലെങ്കിലും ഗുണനിലവാരം ഉറപ്പാക്കാന്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ നിന്ന് എഴുതി നല്കുന്ന കുറിപ്പടി സ്‌റ്റോര്‍ ഓഫീസര്‍ പരിശോധിച്ച് മരുന്ന് ആശുപത്രിയില്‍ ലഭ്യമല്ലെന്ന് കുറിച്ചുനല്കിയാല്‍ മാത്രമേ രോഗിയെ പുറത്തേക്ക് അയക്കേണ്ടതുള്ളൂ. ഇതോടെ സൗജന്യമരുന്നുവിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
ആശുപത്രിയില്‍ ലഭ്യമല്ലാത്ത വിലകൂടിയ മരുന്നുകളുടെ വിവരം ആശുപത്രി സൂപ്രണ്ട് എഴുതി പ്രദര്‍ശിപ്പിക്കണം. ആഴ്ച തോറും ഈ വിവരം അതാത് യൂണിറ്റ് തലവന്‍മാരെ അറിയിക്കുകയും വേണം. അടിയന്തരഘട്ടത്തില്‍ മരുന്നുവാങ്ങാനായി ആശുപത്രികളിലെ പേയിങ് കൗണ്ടറുകള്‍, നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍, കാരുണ്യ ഔട്ട്‌ലറ്റുകള്‍ എന്നിവയുമായി കരാര്‍ ഉണ്ടാക്കുകയും പുറത്തുനിന്ന് മരുന്നുവാങ്ങുന്നത് ഒഴിവാക്കുകയും വേണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മരുന്നുവിതരണം നിരീക്ഷിക്കാനായി ആശുപത്രി സൂപ്രണ്ട് നിരീക്ഷണ സമിതി രൂപവത്കരിക്കണം. മാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് വിലയിരുത്തണമെന്നും ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
Discussion about this post