തിരുവനന്തപുരം: കര്‍ഷകര്‍ നേരിടുന്ന കനത്ത വെല്ലുവിളിയായ വിലയിടിവ് തടയാന്‍ പുതിയ വിള ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.പി. മോഹനന് നിയമസഭയില്‍ വ്യക്തമാക്കി. കാര്‍ഷികദിനമായ ചിങ്ങം ഒന്നിനു മുമ്പ് പദ്ധതി നടപ്പാക്കും. ഇടിമിന്നലേറ്റുള്ള അപകടത്തിനു പോലും സുരക്ഷ ലഭിക്കുന്നതാണു പദ്ധതി. കൃഷ്ണന്‍കുട്ടി കമ്മീഷന് ശിപാര്‍ശകള്‍ നടപ്പാക്കും. ഇനി കര്‍ഷക ആത്മഹത്യ ഉണ്ടാകരുതെന്നാണു സര്‍ക്കാരിന്റെ താത്പര്യം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം 51 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.
റബര്‍ കൃഷി ഇതുവരെ കൃഷിയായി അംഗീകരിക്കാത്തതിനാല്‍ കൃഷിവകുപ്പിനു സഹായിക്കാന്‍ കഴിയില്ല. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ മൈക്രോഫിനാന്‍സിന് നാലുശതമാനം പലിശയ്ക്ക് നല്കുന്ന വായ്പ കര്ഷകരിലെത്തുമ്പോള് 22 ശതമാനംവരെ പലിശ ഈടാക്കുന്നു. ഇക്കാര്യത്തില്‍ ബാങ്കുകളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്ത് അനുകൂല നടപടി കൈക്കൊള്ളും..
കേരളത്തില്‍ കടാശ്വാസ കമ്മീഷന് കര്‍ഷകരുടെ വായ്പ എഴുതിത്തള്ളിയിട്ടും ബാങ്കുകള്‍ ഈടുവച്ച രേഖകള്‍ നല്കാതിരിക്കുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ബാങ്കുകളുടെമേല്‍ സമ്മര്‍ദം ചെലുത്തും.
വിലയിടിവു മൂലമുള്ള കര്‍ഷക ആത്മഹത്യ തടയുന്നതിന് വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി ഉത്പാദനച്ചെലവിന് ഉപരിയായി ന്യായമായ ലാഭം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.
സംസ്ഥാനത്ത് 1550 ഹെക്ടര്‍ തരിശുഭൂമിയില്‍ ഹെക്ടറിന് 15,000 രൂപ സബ്സിഡി നിരക്കില്‍ നെല്‍കൃഷി ചെയ്യുന്നതിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു.
കുടുംബശ്രീ, ജനശ്രീ, സ്വാശ്രയസംഘങ്ങള്‍, തരിശുഭൂമിയുടെ ഉടമകള്‍, ഭൂരഹിത കര്‍ഷകര്‍, കര്‍ഷകഗ്രൂപ്പുകള്‍ എന്നിവ കൂടാതെ കൃഷി താത്പര്യമുള്ള എല്ലാവര്ക്കും പദ്ധതിയില്‍ പങ്കാളിയാകാം. കര്‍ഷകര്‍ക്ക് ആവശ്യമായ വിത്തുകള്‍, തൈകള്‍ എന്നിവ കൃഷിവകുപ്പിന്റെ ഫാമുകള്‍ കേരള കാര്‍ഷിക സര്‍വകലാശാല, വിഎഫ്പിസികെ എന്നിവടങ്ങളില്‍ നിന്നു വാങ്ങാം.
സംസ്ഥാനത്ത് നെല്ലൊഴിച്ചുള്ള കാര്‍ഷിക വിളകള്‍ക്കൊന്നും ഉത്പാദനത്തില്‍ കുറവ് വന്നിട്ടില്ല. എന്നാല്‍, ഉത്പാദനക്ഷമത വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രി കെ.പി. മോഹനന് പറഞ്ഞു. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യും. അമിതമായ രാസവളപ്രയോഗം കാരണം കൃഷിഭൂമിയില്‍ അമ്ലാംശം കൂടുതലായതിനാല്‍ മണ്ണില്‍ കുമ്മായം ചേര്‍ക്കാന്‍ കര്‍ഷകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ ബോധവത്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post