ന്യൂഡല്‍ഹി: റെയില്‍വേ നിരക്കു കൂടുന്നതിനു പിന്നാലെ പാചകവാതക വില കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു. ഗാര്‍ഹിക ഉപയോഗത്തിനു സബ്സിഡി നിരക്കിലുള്ള പാചക വാതക സിലിണ്ടറിന്റെ വില ഓരോ മാസം പത്തു രൂപ വീതം കൂട്ടാനാണു നീക്കം നടക്കുന്നത്. റെയില്‍വേ നിരക്കു വര്‍ദ്ധന വ്യാപക പ്രതിഷേധത്തിനിടെയാണു കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന ഗ്യാസ് വിലക്കയറ്റവും വരുന്നത്. ഇതു സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. പെട്രോളിയം മന്ത്രാലയത്തിലെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനലൈസ് സെല്‍ നല്കിയ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. മാസം തോറും വില കൂട്ടി ഘട്ടംഘട്ടമായി പാചകവാതക സബ്സിഡി എടുത്തുകളയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതേസമയം ഇറാഖിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്നു കൊണ്ടേയിരിക്കുകയാണ്.
പാചകവാതക വിലയില്‍ പ്രതിമാസ വര്‍ധന ഏര്‍പ്പെടുത്തി സബ്സിഡി ചെലവില്‍ ഖജനാവിന് കൂടുതല്‍ ആശ്വാസമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണു കേന്ദ്രസര്‍ക്കാര്‍. 432 രൂപയാണ് പാചക വാതക സിലിണ്ടറിനു കേന്ദ്രം എണ്ണക്കമ്പനികള്‍ക്കു നല്കുന്ന സബ്സിഡി തുക. ഈ നഷ്ടം നികത്തുന്നതു വരെ പ്രതിമാസമുള്ള വില വര്‍ധന തുടരാനായിരിക്കും സര്‍ക്കാര്‍ നീക്കം. ഈ തീരുമാനം ലാഭകരമാകണമെങ്കില്‍ പാചക വാതകത്തിന്റെ വില മൂന്നര വര്‍ഷത്തോളം എല്ലാ മാസവും പത്തു രൂപ വീതം കൂട്ടണം. നിലവിലെ ക്രൂഡ് ഓയില്‍ വില അനുസരിച്ചുള്ള കണക്കുകളാണിത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നപക്ഷം പ്രതിമാസ വര്‍ധന പിന്നെയും തുടരും.
Discussion about this post