ന്യൂഡല്‍ഹി: ഇറാഖില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ സുന്നി വിമതര്‍ മനുഷ്യകവചമായി ഉപയോഗിക്കുമെന്ന് സൂചന. ബന്ദികളില്‍ നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെട്ട ഹര്‍ജീത് സിംഗ് ഇതുസംബന്ധിച്ച് നിര്‍ണായകവിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി പങ്കുവച്ചു. ഇറാഖില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യാക്കാര്‍ സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും കാര്യങ്ങള്‍ എളുപ്പമല്ലെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കയുടെയും ഇറാഖിന്റെയും ഭാഗത്ത് നിന്ന് സൈനികാക്രമണം ഉണ്ടായാല്‍ ബന്ദികളായ 39 ഇന്ത്യക്കാരെ മുന്‍നിരയില്‍ നിര്‍ത്തി പ്രതിരോധം തീര്‍ക്കാനാണ് സുന്നി വിമതരുടെ നീക്കം. മനുഷ്യകവചമായി ഇന്ത്യക്കാരെ ഉപയോഗിക്കാനുളള സാധ്യത അധികൃതര്‍ തള്ളികളയുന്നില്ല. ഇറാഖിലെ മനുഷ്യാവകാശസംഘടനയായ റെഡ് ക്രസന്റും ഇതേ ആശങ്ക അറിയിച്ചു.
ബന്ദികളെ ഉപയോഗിച്ച് സുന്നി വിമതര്‍ കഠിനമായ ജോലികള്‍ ചെയ്യിക്കുന്നതായി ഹര്‍ജീത് വെളിപ്പെടുത്തി. സുന്നി വിമതര്‍ ബന്ദികളുടെ താമസസ്ഥലം നിരന്തരം മാറ്റുന്നതായി സര്‍ക്കാരിന് വിവരം ലഭിച്ചു. മൊസൂളിലും പരിസരപ്രദേശങ്ങളിലുമായാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നതെന്നാണ് സൂചന. നിലവിലെ അവസ്ഥ കൂടുതല്‍ വഷളാക്കാതെ സൗദി അറേബ്യയുടെ സഹായത്തോടെ സുന്നി വിമതരെ അനുനയിപ്പിച്ച് ബന്ദികളെ രക്ഷപ്പെടുത്താനാണ് ഇന്ത്യന്‍ നീക്കം.
Discussion about this post