ഛപ്ര: ബിഹാറിലെ ഛപ്രയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ചുപേര്‍ മരിച്ചു. ഡല്‍ഹി ദിബ്രുഗഡ് രാജധാനി എക്‌സ്പ്രസാണ് പാളം തെറ്റിയത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് ട്രെയിന്‍ ഛപ്ര സ്റ്റേഷനില്‍ നിന്നു തിരിച്ച ഉടനാണ് അപകടമുണ്ടായത്. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. ഡല്‍ഹിയില്‍ നിന്ന് ദിബ്രുഗഡിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് ട്രെയിനിന്റെ 11 ബോഗികള്‍ പാളംതെറ്റി. ബി-ഒന്നു മുതല്‍ ബി-നാലു വരെയുള്ള ബോഗികളും പാന്‍ട്രി കാറും പാളംതെറ്റി മറിഞ്ഞു.
ഛാബ്ര മാവോയിസ്റ്റ് സ്വാധീന മേഖലയായതിനാല്‍ അട്ടിമറി സംശയിക്കുന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് റെയില്‍വേ രണ്ടുലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നിസാരപരിക്കേറ്റവര്‍ക്ക് 20,000 രൂപ വീതവും നല്കും. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദഗൗഡ നിര്‍ദേശം നല്കി.












