തിരുവനന്തപുരം: പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിന് സര്‍ക്കാരോ നീതിന്യായ സംവിധാനങ്ങളോ എന്തെങ്കിലും പ്രസക്തിയോ പ്രാധാന്യമോ കല്‍പ്പിക്കുന്നുണ്ടെങ്കില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയും പട്ടികവിഭാഗക്കാരിയുമായ കെ.കെ.ഊര്‍മിളാദേവിയെ മാനസികമായി പീഡിപ്പിക്കുകയും പരസ്യമായി തേജോവധം ചെയ്തു ശിക്ഷിക്കുകയും അവഹേളിക്കുകയും ചെയ്ത വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനും ബന്ധപ്പെട്ടവര്‍ക്കുമെതിരെ പട്ടികവിഭാഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് അഖിലേന്ത്യാ സമതാ സൈനികദള്‍ ദേശീയ സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഊക്കോട് ഗോപാലന്‍ ആവശ്യപ്പെട്ടു.
പ്രധാന അധ്യാപിക പട്ടിക വിഭാഗക്കാരിയല്ല മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഇത്തരം നടപടിക്ക് മന്ത്രി ഒരുമ്പെടുമായിരുന്നോ ? അധ്യാപികയുടെ മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യത്തോട് മന്ത്രിയുടെ അല്പത്തരം അങ്ങേയറ്റം അപലപനീയമാണ്. ദളിത് വിഭാഗക്കാരോട് ഏറെ ആഭിമുഖ്യവും അനുഭാവവും പ്രകടിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഊറ്റംകൊള്ളുന്ന മുസ്ലീംലീഗും മന്ത്രിയും ദളിതരെ തൊട്ടുകളിക്കരുത്. ദളിത് പീഡനത്തിനെതിരെ എന്തെങ്കിലുമുരിയാടാന്‍ കഴിയാത്ത സംവരണ സാമാജികരെയോര്‍ത്ത് ദളിത് സമുദായം ലജ്ജിക്കണം. നൂറുകണക്കിനു വിദ്യാര്‍ത്ഥികളെ മൂന്നുമണിക്കൂറോളം വഴിയാധാരമാക്കി വൈകിയെത്തിയ മന്ത്രിക്ക് അധ്യാപകര്‍ക്കെതിരെ ഒരക്ഷരം ഉരിയാടാന്‍ ധാര്‍മികമായി അവകാശമില്ലെന്നു മാത്രമല്ല മന്ത്രിയുടെ ധൃതിപിടിച്ചുള്ള നടപടി അങ്ങേയറ്റം സംശയാസ്പദവും അപലപനീയവുമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. ഇക്കാര്യത്തില്‍ ജനരോഷം ഗൗരവപൂര്‍വം കാണണമെന്നും ദളിതരോടുള്ള അനീതിക്കറുതിവരുത്തി അധ്യാപികയെ തല്‍സ്ഥാനത്ത് പുനര്‍നിയമിക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും ഊക്കോട് ഗോപാലന്‍ അഭ്യര്‍ത്ഥിച്ചു.
Discussion about this post