തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രഥമാധ്യാപികയെ സ്ഥലംമാറ്റിയതുമായി ബന്ധപ്പെട്ട വിഷയത്തെ തെറ്റിദ്ധരിപ്പിക്കുന്നരീതിയില്‍ വ്യാഖ്യാനിച്ചതും വിഭാഗീയത സൃഷ്ടിക്കുന്ന തലത്തിലേക്കു ചിലര്‍ വളര്‍ത്താന്‍ ശ്രമിച്ചതും അപലപനീയവും ദൗര്‍ഭാഗ്യകരവുമാണെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് എഡിപിഐ നടത്തിയ അന്വേഷണത്തില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലെ ഹെഡമിസ്ട്രസ് കെ.കെ. ഊര്‍മിളാദേവിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണു ശിപാര്‍ശ നല്‍കിയത്. മാനുഷിക പരിഗണന വച്ചും സ്ത്രീയായതിനാലും സ്ഥലംമാറ്റിയാല്‍ മതിയെന്ന് താന്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇനി ഇതുമായി ബന്ധപ്പെട്ട ഒരു വിവാദത്തിനും താനില്ല.
ഇംഗ്ലീഷ് ഭാഷാ നിലവാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മികച്ച ഇംഗ്ലീഷ് ക്ലബ്ബിനുള്ള പുരസ്‌കാരം ഈ വര്‍ഷം കോട്ടണ്‍ഹില്‍ സ്‌കൂളിനാണു ലഭിച്ചത്. സ്ഥാപനാധികൃതര്‍ നിര്‍ബന്ധിച്ചതുകൊണ്ടും തലസ്ഥാനത്തെ പ്രസിദ്ധ വിദ്യാലയമായതിനാലുമാണു പരിപാടിയില്‍ പങ്കെടുക്കാമെന്നു സമ്മതിച്ചത്. രാവിലെ പതിനൊന്നിനായിരുന്നു പുരസ്‌കാര സമര്‍പ്പണം. ചടങ്ങിന്റെ നോട്ടീസില്‍ അതു വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ 12 മണിക്കുശേഷമേ സ്‌കൂളില്‍ എത്താന്‍ കഴിഞ്ഞുള്ളൂവെന്നു സംഘാടകരെ അറിയിച്ചിരുന്നു.
സ്‌കൂളില്‍ എത്തിയപ്പോള്‍ ഗേറ്റ് അടഞ്ഞുകിടക്കുന്നതാണു കണ്ടത്. മുമ്പ് ഇതേ സ്‌കൂളിലെ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. അപ്പോഴൊന്നും ഗേറ്റ് അടഞ്ഞുകിടക്കുന്നതായി കണ്ടിട്ടില്ല. കുറച്ചുസമയം കാത്തു കിടന്നശേഷം തന്റെ ഗണ്‍മാനാണു ഗേറ്റ് തുറന്നത്. ഈ സമയം ഹെഡ്മിസ്ട്രസ് മദര്‍ പിടിഎയുമായി ബന്ധപ്പെട്ട് ഓഫീസില്‍ മറ്റൊരു മീറ്റിംഗ് സംഘടിപ്പിച്ചിരുന്നുവെന്ന് എഡിപിഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിമൂലം ക്ലാസ് നടന്നില്ല എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
Discussion about this post