തിരുവനന്തപുരം: കൊള്ളപ്പലിശയ്ക്കു പണം കടമെടുത്തു ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ‘ഋണമുക്തി’ എന്ന പേരില്‍ പുതിയ വായ്പാ പദ്ധതി ആരംഭിക്കാന്‍ ബാങ്കുകളുടെ ഉന്നതതല യോഗം തീരുമാനിച്ചു. അന്‍പതിനായിരം രൂപ വരെയാണു വായ്പ നല്‍കുന്നത്. ബാങ്കുകള്‍ സാധാരണ നിരക്കിലുള്ള പലിശമാത്രമേ ഋണമുക്തി വായ്പയ്ക്കായി ഈടാക്കൂ. ഉദാരമായ വ്യവസ്ഥയിലായിരിക്കും വായ്പ ലഭ്യമാക്കുകയെന്നും കനറാ ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആര്‍.കെ. ദുബേ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷമാണു വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി. ബാങ്കുകളില്‍ നിന്നു ലഭിക്കുന്ന വായ്പാ സഹായങ്ങളെ സംബന്ധിച്ചു സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ബോധവത്കരണ പരിപാടികള്‍ ആരംഭിക്കുമെന്നും ദുബേ വ്യക്തമാക്കി.
കര്‍ഷകരെ സഹായിക്കുന്നതിനു വളരെ കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ നല്‍കിവരുന്ന ബാങ്ക് വായ്പയുടെ തുക ഇരട്ടിപ്പിക്കും. കര്‍ഷകരായിട്ടുള്ള എല്ലാവര്‍ക്കും കിസാന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തു ബാങ്കുകളുടെ സേവനം ലഭ്യമല്ലാത്ത പഞ്ചായത്തുകളില്‍ ബാങ്ക് ശാഖകള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസവായ്പ കൂടുതലായി ലഭ്യമാക്കാനുള്ള നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്നു ധനമന്ത്രി കെ.എം. മാണി യോഗത്തില്‍ ആവശ്യപ്പെട്ടതായി ദുബേ പറഞ്ഞു. മാനേജ്‌മെന്റ് ക്വോട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്കും വിദ്യാഭ്യാസ വായ്പ അനുവദിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.












