ന്യൂഡല്‍ഹി: ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജാമ്യത്തിനായി മദനി കള്ളം പറയുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മദനിക്ക് എല്ലാ വിദഗ്ധ ചികിത്സയും ഉറപ്പുവരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. മദനിക്കു ജാമ്യം നല്കിയാല്‍ ബാംഗളൂര്‍ സ്‌ഫോടനക്കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
മദനിയുടെ ചികിത്സയ്ക്കായി ഇതുവരെ നാലുലക്ഷം രൂപ സര്‍ക്കാര്‍ ചെലവാക്കി. മദനിയുടെ നേത്രചികിത്സയടക്കമുള്ള മറ്റു ചികിത്സകളുടെ രേഖകളും സര്‍ക്കാര്‍ സുപ്രീം കോടതിക്കു കൈമാറി. തനിക്ക് ചികിത്സ നല്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നു കാട്ടി മദനി പരാതി നല്കുകയായിരുന്നു. ഇതിനു മറുപടിയായാണ് കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം നല്കിയത്.
Discussion about this post