തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് നോര്‍ക്കറൂട്ട്‌സ് കാനറാബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയുടെ ധാരണാപത്രം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഒപ്പിട്ടു. പദ്ധതിവഴി നല്‍കുന്ന ബാങ്ക് വായ്പാ പലിശയില്‍ സബ്‌സിഡി നല്‍കുമെന്ന് ഗ്രാമവികസന പ്രവാസികാര്യ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.
സബ്‌സിഡി സംബന്ധിച്ച തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. പ്രവാസി പുനരധിവാസത്തിനുള്ള സമഗ്ര പദ്ധതിയുടെ തുടക്കമാണിത്. ഒഡെപെക് പോലുള്ള സ്ഥാപനങ്ങള്‍ വിദേശത്ത് തൊഴില്‍ തേടുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ തുടങ്ങിയത്. എന്നാല്‍ തൊഴില്‍ നല്‍കുന്നതിലുപരി മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനാണ് ഈയിടെ കൂടുതല്‍ ശ്രദ്ധ വേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിതാഖത്ത് കാരണം മടങ്ങിയെത്തിയവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. ഇറാഖില്‍ നിന്നും മടങ്ങിയെത്തിയ നേഴ്‌സുമാരെ എങ്ങനെ സഹായിക്കാമെന്ന് ആലോചിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയാണ് പ്രവാസികളില്‍ നിന്നും നിക്ഷേപമായി ബാങ്കുകളിലെത്തുന്നത്. മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് കാനറാ ബാങ്കുമായി സഹകരിച്ച് 250 വാഹനങ്ങള്‍ നല്‍കി. പ്രവാസി ക്ഷേമത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിവരുന്നതെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് നോര്‍ക്കാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.സുദീപ് കാനറാ ബാങ്ക് ജനറല്‍ മാനേജര്‍ കെ.ആര്‍.ബാലചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം ഒപ്പുവച്ചു. നോര്‍ക്ക ജനറല്‍ മാനേജര്‍ ജോര്‍ജ്ജ് മാത്യുവും സന്നിഹിതനായിരുന്നു.
Discussion about this post