തിരുവനന്തപുരം: തൃശ്ശൂരിലുള്ള കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ, ഹെല്‍ത്ത് പോളിസി ആന്റ് പ്ലാനിംഗ് സെന്റര്‍ ജനറല്‍ ആശുപത്രിക്കുസമീപം കോണ്‍വന്റ് റോഡ് പരിസരത്തുള്ള കെട്ടിടത്തില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യനയരൂപീകരണം, ആസൂത്രണം, പരിപാലനം മുതലായ മേഖലകളില്‍, ശാസ്ത്രീയമായ പഠനം നടത്തി സര്‍ക്കാരിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയാണ് സെന്ററിന്റെ മുഖ്യലക്ഷ്യമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു അറിയിച്ചു.
സര്‍വകലാശാലയുടെ മേഖലാ ഓഫീസായും ഇത് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡുമായും സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്, അച്ച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് മുതലായ അക്കാഡമിക് സ്ഥാപനങ്ങളുമായും സഹകരിച്ചാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. ജനങ്ങളുടെ ആരോഗ്യ സംബന്ധമായ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ച് ഇവിടെ വിശകലനവിധേയമാക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന പകര്‍ച്ചവ്യാധിവ്യാപനം വിശകലനം ചെയ്ത് അതതിടങ്ങളില്‍ ഉടനടി ചെയ്യേണ്ടുന്ന ആരോഗ്യപരിപാലന സംവിധാനങ്ങളെക്കുറിച്ച് സര്‍ക്കാരിന് മാര്‍ഗ്ഗരേഖ സമര്‍പ്പിക്കും. ആരോഗ്യമേഖലയുടെ എല്ലാ രംഗങ്ങള്‍ക്കും ആവശ്യമായ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും. സെന്ററില്‍ പി.എച്ച്.ഡി പ്രോഗ്രാമുകള്‍ ആരംഭിക്കുവാനും പദ്ധതിയുണ്ടെന്ന് മന്ത്രി അറിയിച്ചു. സെന്ററിന്റെ പ്രാരംഭച്ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സ്വന്തം കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം മുഴുവന്‍ പ്രവര്‍ത്തനപരിധിയുള്ള ഏക സര്‍വ്വകലാശാലയായ കുഹാസിന്റെ ആദ്യത്തെ സെന്ററാണ് ഇത്. എല്ലാ ജില്ലകളിലുമായി 250 കോളേജുകള്‍ ഇപ്പോള്‍ ഈ സര്‍വ്വകലാശാലക്കുകീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2009 ഡിസംബര്‍ ഏഴിനാണ് ആരോഗ്യസര്‍വ്വകലാശാല ആരംഭിച്ചത്. നാലര വര്‍ഷത്തെ കാലയളവില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സര്‍വ്വകലാശാലയ്ക്ക് സാധിച്ചു. ആസ്ഥാന മന്ദിരത്തിനുവേണ്ടി 36 കോടി രൂപ ചെലവില്‍ എട്ട് നിലകളിലായി നിര്‍മ്മിച്ച കെട്ടിടം ഇക്കഴിഞ്ഞ ജൂണ്‍ 22 നാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം, ഈ സര്‍വ്വകലാശാലയുടെ ആവിര്‍ഭാവത്തോടെ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. പരീക്ഷാ സമ്പ്രദായം കുറ്റമറ്റതായി. പരിശീലന രംഗം മികച്ച നിലവാരത്തിലെത്തി. അദ്ധ്യാപക പരിശീലനത്തിനായി അക്കാഡമിക് സ്റ്റാഫ് കോളേജ് ആരംഭിച്ചു. ആരോഗ്യ മേഖലയിലെ ഗവേഷണരംഗം അഭിവൃദ്ധി പ്രാപിച്ചു. ഇന്‍ഡ്യയ്ക്കകത്തും പുറത്തുമുള്ള സര്‍വ്വകലാശാലകളുമായും സംഘടനകളുമായും സഹകരിച്ചുള്ള പ്രവര്‍ത്തനം കേരളത്തിന്റെ ആരോഗ്യേമേഖലയ്ക്ക് പുത്തനുണര്‍വു പകര്‍ന്നു. ഡോ. ശശി തരൂര്‍ എം.പി യുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എംഎല്‍എ, മുന്‍ എംപി തലേക്കുന്നില്‍ ബഷീര്‍, യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഐപ്പ് വര്‍ഗ്ഗീസ്, കൗണ്‍സിലര്‍ പി.എസ്. സരോജം എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post