തിരുവനന്തപുരം: കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിലെ വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആഗസ്റ്റ് 12 (ചൊവ്വ) വൈകിട്ട് 3.30 ന് വ്യവസായ-ഐടിവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ചേംബറില്‍ ഉന്നതതല യോഗം ചേരും. വ്യവസായ, ആഭ്യന്തര, തൊഴില്‍വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
ആഗസ്റ്റ് ആറിന് ഇതുസംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ-ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യനെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു. അന്നുതന്നെ പി.എച്ച്.കുര്യന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. പിറ്റേദിവസം, ആഗസ്റ്റ് 7 ന് കെ.എം.എം.എല്‍ മാനേജിംഗ് ഡയറക്ടറെ വിളിച്ചുവരുത്തി നേരില്‍ വിശദീകരണവും വാങ്ങി. ഇതിനിടെയാണ് വീണ്ടും കുട്ടികള്‍ ആശുപത്രിയിലായി എന്നും സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടെന്നും വാര്‍ത്തകള്‍ വന്നത്. ഉടന്‍തന്നെ എംഡിയെ കമ്പനിയിലേക്ക് എത്താന്‍ നിര്‍ദ്ദേശിച്ച് മടക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ബന്ധപ്പെട്ട് അടിയന്തര അന്വേഷണം ആവശ്യപ്പെട്ടു. പോലീസിന് പുറമെ കൊച്ചിന്‍ റിഫൈനറിയിലെ രണ്ട് വിദഗ്ധര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കമ്പനിയിലെ ആഭ്യന്തര അന്വേഷണ വിഭാഗം, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ കമ്പനിയില്‍ പരിശോധന നടത്തിയിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് 12 ന് ഉന്നതതല യോഗം വിളിച്ചതെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായെന്ന് തെളിഞ്ഞാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനങ്ങളുടെ, പ്രത്യേകിച്ച് പ്രദേശവാസികളുടെ പൂര്‍ണസഹകരണത്തോടെ കെ.എം.എം.എല്ലിന്റെ പുരോഗതി ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.ഇക്കാര്യത്തില്‍ ജനങ്ങളും ജീവനക്കാരും ട്രേഡ് യൂണിയനുകളും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി അഭ്യര്‍ത്ഥിച്ചു.
Discussion about this post