തിരുവനന്തപുരം: തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്‍സിനറേറ്റര്‍, തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ അംഗപരിമിതര്‍ക്കായി ഇലക്‌ട്രിക് കാര്‍ തുടങ്ങി വിവിധ പദ്ധതികള്‍ വൈകാതെ ജില്ലയില്‍ നടപ്പായേക്കും. ആഗസ്റ്റ് 21-ന് കളക്‌ടറേറ്റില്‍ നടന്ന എംപിമാരുടെ പ്രാദേശികവികസനഫണ്ടുപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിലാണ് ടി എന്‍ സീമ, എം പി അച്യുതന്‍, സി പി നാരായണന്‍ എന്നീ എംപിമാരുടെ ഈ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്‌തത്.
എംപിമാരുടെ പ്രാദേശികവികസനഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് നടപ്പാക്കുന്ന ഈ പദ്ധതികള്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഇന്‍സിനറേറ്റര്‍, പൂജപ്പുര ജയിലില്‍ ജര്‍മന്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള മഴവെള്ള സംഭരണി തുടങ്ങിയ പദ്ധതികള്‍ക്കായി 2013-14 വര്‍ഷത്തില്‍ എം പി അച്യുതന്‍ എംപി യാണ് പദ്ധതിരേഖ സമര്‍പ്പിച്ചിട്ടുള്ളത്. അഞ്ച് ലക്ഷം രൂപയും പത്ത് ലക്ഷം രൂപയുമാണ് യഥാക്രമം ഈ പദ്ധതികള്‍ക്കായി മാറ്റിവച്ചിട്ടുള്ളത്. ആറര ലക്ഷം രൂപ ഉപയോഗിച്ച് തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ അംഗപരിമിതര്‍ക്കായി ഇലക്‌ട്രിക് കാര്‍, പത്ത് ലക്ഷം രൂപയ്‌ക്ക് മണക്കാട് ഗവ. ടിടിഐ യില്‍ ഡിജിറ്റല്‍ ലൈബ്രറി എന്നിവ ഉള്‍പ്പെടെ വിവിധപദ്ധതികളാണ് ടി എന്‍ സീമ എംപിയുടെ ഫണ്ടുപയോഗിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
ജില്ലയിലെ വിവിധസ്‌കൂളുകളുടെ പശ്ചാത്തലവികസനമാണ് സിപി നാരായണന്‍ എംപി ഊന്നല്‍ നല്‌കുന്ന പദ്ധതികള്‍. ഈ എംപിമാരുടെ മറ്റ് ജില്ലകളില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. നിര്‍വഹണഉദേ്യാഗസ്ഥര്‍ സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും അവയുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍ നിര്‍ദേശിച്ചു. ജില്ലാ പ്‌ളാനിംഗ് ഓഫീസര്‍ എന്‍ പ്രസന്നകുമാരി, വിവിധവകുപ്പുദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post