തിരുവനന്തപുരം: ഭക്ഷ്യ-പൊതുവിതരണരംഗത്തെ ക്രമക്കേടുകള്‍ കണ്ടെത്തി പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് സംസ്ഥാന വ്യാപകമായി 1346 കടകളില്‍ പരിശോധന നടത്തി. ഇതില്‍ 742 കടകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് പിഴ, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങി തുടര്‍നടപടികളും സ്വീകരിച്ചു.
86 റേഷന്‍ മൊത്ത വിതരണ ഡിപ്പോകളിലും 572 ചില്ലറ വിതരണ ഡിപ്പോകളിലും പരിശോധന നടന്നു. ഇവയില്‍ 49 മൊത്ത വിതരണ ഡിപ്പോകളിലും 381 ചില്ലറ വിതരണ ഡിപ്പോകളിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പൊതുവിപണിയില്‍ 607 കടകളില്‍ പരിശോധനയുണ്ടായി. ഇവയില്‍ 256 കടകളില്‍ ക്രമക്കേട് കണ്ടുപിടിച്ചു. പരിശോധന നടന്ന 81 എല്‍.പി.ജി. ഔട്ട്‌ലെറ്റുകളില്‍ 56 എണ്ണത്തില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് നടപടികള്‍ സ്വീകരിച്ചു. ഓണക്കാലത്ത് അത്യാവശ്യ സാധനങ്ങള്‍ക്ക് കൃത്രിമ ദൗര്‍ലഭ്യവും വിലക്കയറ്റവും സൃഷ്ടിക്കുന്നതിനുള്ള പ്രവണതകള്‍ അനുവദിക്കില്ലെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിപണിയിലെ അനഭിലഷണീയ പ്രവണതകള്‍ക്കെതിരെ തുടര്‍ന്നും കര്‍ശനമായ നിയമ നടപടികള്‍ ഉണ്ടാകുമെന്നറിയിച്ച മന്ത്രി സുസ്ഥിരവും സജീവവുമായ ഓണവിപണിയുടെ പരിപാലനത്തിന് വ്യാപാരി സമൂഹം ക്രിയാത്മകമായി സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
Discussion about this post