ചെങ്കല്‍സുധാകരന്‍
ദ്വാരകാഗമനകഥ
രുക്മിണീസ്വയംവരാനന്തരം ശ്രീകൃഷ്ണന്‍ സത്യഭാമ മുതലായ പ്രധാന മഹിഷിമാരേയും ഭൗമാസുരന്റെ അധീനത്തില്‍നിന്നു മോചിപ്പിച്ച പതിനാറായിരത്തി ഒരുനൂറ് സ്ത്രീകളേയും വേട്ടു. ഈ കഥകള്‍ കേട്ട് ബഹുലാശ്വമഹാരാജാവ് അത്ഭുതാധീനനായി. പിന്നീടദ്ദേഹം ദ്വാരകാ പട്ടണത്തിന്റെ മാഹാത്മ്യമറിയാന്‍ തല്പരനായി. അതിന്റെ ദിവ്യത്വവും ഉല്പത്തിവൃത്താന്തവും അറിയിക്കണമെന്ന് ശ്രീ നാരദനോട് അഭ്യര്‍ത്ഥിച്ചു.
‘ശ്രീഷു ലോകേഷു വിഖ്യാതാ
ധന്യാ വൈ ദ്വാരകാപുരീ
പരിപൂര്‍ണ്ണതമഃ സാക്ഷാത്
ശ്രീകൃഷ്‌ണോ യത്ര വാസകൃത്
ശ്രീകൃഷ്ണസ്യാംഗ സംഭൂതാ
പുരീ ദ്വാരാവതീ ശ്രുതാ
കസ്മാദിഹാഗതാ ബ്രഹ്മന്‍
കസ്മിന്‍ കാലേ വദപ്രഭോ!’
(ത്രിലോക പ്രസിദ്ധവും ശ്രീകൃഷ്ണഭഗവാന്റെ വാസസ്ഥാനവും ഭഗവദംഗസംഭൂതവുമാണ് ദ്വാരക! മഹാമുനേ, അവിടുന്ന്, അതെപ്പോള്‍ എങ്ങനെ ആവര്‍ഭവിച്ചു എന്നു പറഞ്ഞുതന്നാലും.) ഈ അഭ്യര്‍ത്ഥന നാരദനെ ആനന്ദിപ്പിച്ചു. അദ്ദേഹം ബഹുലാശ്വനോടു പറഞ്ഞു:- ‘രാജേവേ, അങ്ങു ചോദിച്ചതു നന്നായി. ദ്വാരകോത്ഭവകഥ കേള്‍ക്കുന്നവരുടെ പാപങ്ങളെല്ലാം നശിക്കും. അങ്ങ് ആ ദിവ്യകഥ കേട്ടാലും.’ എന്നു ചൊല്ലിയശേഷം നാരദന്‍ ദ്വാരകാഗമനചരിതം വിശദീകരിച്ചുതുടങ്ങി.
‘പണ്ട് മനുവിന്റെ പുത്രനായി ശര്യാതി എന്നൊരു ചക്രവര്‍ത്തിയുണ്ടായിരുന്നു. അദ്ദേഹം ധര്‍മ്മനിരതനായി പതിനായിരം വര്‍ഷം രാജ്യം ഭരിച്ചു. അദ്ദേഹത്തിന് ധര്‍മ്മിഷ്ഠരായ മൂന്നു പുത്രന്മാരുണ്ടായിരുന്നു. ഉത്താനബര്‍ഹി, ആനര്‍ത്തന്‍, ഭൂരിഷേണന്‍ എന്നീ പേരുകളില്‍. പ്രാപ്തരായ പുത്രന്മാര്‍ക്ക്, രാജാവ്, തന്റെ രാജ്യം വീതിച്ചു നല്‍കി. രാജ്യത്തിന്റെ കിഴക്കുഭാഗം ഉത്താനബര്‍ഹിക്കും തെക്കുഭാഗം ഭൂരിക്ഷേണനും പടിഞ്ഞാറുഭാഗം ആനര്‍ത്തനും നല്‍കി. മക്കളെ രാജ്യഭാരമേല്‍പ്പിച്ചുകൊണ്ട് ശര്യാതി പറഞ്ഞു.
‘മമേയം ഹി മഹീകൃത്സനം
മായാധര്‍മ്മേണ പാലിനാ
ബലാര്‍ജ്ജിതാ ബലിഷ്‌ഠേന
യൂയം തം പാലയിഷ്യഥ!’
(ഈ രാജ്യം എന്റേതാണ്. ബലത്താല്‍ സമ്പാദിച്ച ആ രാജ്യം, ഞാന്‍, ധര്‍മ്മാനുസൃതം പാലിച്ചു. ഇനി നിങ്ങള്‍ ഭരിക്കുക. )
പിതാവിന്റെ വാക്കുകള്‍ മദ്ധ്യമപുത്രനായ ആനര്‍ത്തന് ഇഷ്ടമായില്ല. ജ്ഞാനിയായ അദ്ദേഹം അച്ഛനോടിങ്ങനെ പറഞ്ഞു:- ‘പിതാവേ, ഈ ഭൂമി അങ്ങയുടേതല്ല. അവിടുന്ന് പരിപാലിച്ചിട്ടുമില്ല. ഇതു ലഭിച്ചതും അങ്ങയുടെ ബലത്താലല്ല. ഈശ്വരബലത്താലാണ്. ഭൂമിശ്രീകൃഷ്ണ ഭഗവാന്റേതാണ്. അദ്ദേഹമാണിതിനെ പരിപാലിച്ചതും. ശ്രീഹരിക്കുതുല്യം ബലവാനായി മറ്റാരുമില്ല. ഭഗവാന്‍ ഭൂമിസൃഷ്ടിക്കുന്നു. ഭരിക്കുന്നു. സംഹരിക്കുന്നു. കാലവും കര്‍ത്താവുമെല്ലാം സര്‍വ്വേശ്വരന്‍ തന്നെയാണ്. അച്ഛാ, ആരെഭയന്നാണോ വായു ചലിക്കുന്നത്, സൂര്യന്‍തപിക്കുന്നത്, ദേവകള്‍ മഴപെയ്യിക്കുന്നത്, ആ പരിപൂര്‍ണ്ണതമനായ ശ്രീകൃഷ്ണനെ അഹങ്കാരലേശമെന്യേ ഭജിച്ചാലും.’
ജ്ഞാനസഹിതമായ ഈ വാക്കുകള്‍ ശര്യാതിക്ക് സമ്മതമായില്ല. പുത്രന്‍ ഉപദേശരൂപത്തില്‍ തന്നോടുചൊല്ലിയതില്‍ അദ്ദേഹം ക്രുദ്ധനായി. എന്നിട്ട് ആനര്‍ത്തനോടിങ്ങനെ പറഞ്ഞു. ‘ഹേ, സദ്ബുദ്ധിയില്ലാത്തവനേ! നീ ഗുരുവിനെപ്പോലെ സംസാരിക്കുന്നുവോ? ഇനിമേല്‍ നീ എന്റെ രാജ്യത്തില്‍ വസിക്കരുത്. എവിടെയെങ്കിലും പൊയ്‌ക്കൊള്‍ക!’ താനിനി അച്ഛന്റെ രാജ്യത്തില്‍ വസിക്കുന്നില്ലെന്നു പറഞ്ഞ് ആനര്‍ത്തന്‍ സ്ഥലം വിട്ടു. സമുദ്രതീരത്തില്‍ ചെന്ന് ദീര്‍ഘകാലം ജലതപസ്സ് ചെയ്തു. ആ തപസ്സില്‍ സന്തുഷ്ടനായി ശ്രീകൃഷ്ണഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. തപസ്സില്‍ നിന്നുണര്‍ന്ന ആനര്‍ത്തന്‍ എഴുന്നേറ്റ് ഭഗവാനെ വണങ്ങി. പ്രാര്‍ത്ഥനാരൂപത്തില്‍ ജഗദീശനോടിങ്ങനെ പറഞ്ഞു:- ‘അച്ഛന്‍ എന്നെ സ്വന്തം രാജ്യത്തില്‍ നിന്ന് നിഷ്‌കാസിതനാക്കി. ഇനി ഭവാനല്ലാതെ മറ്റാരുമെനിക്കാശ്രയമില്ല. ‘ദേഹി മഹ്യം ഭൂമിമന്യം യത്രവാസോ ഹി മേ ഭവേത്’ (എനിക്കു വസിക്കാന്‍ ഉചിതമായ ഒരു സ്ഥലം തന്നാലും). മുമ്പ് ധ്രുവന്‍ അങ്ങയോടിരന്ന് സര്‍വ്വോത്തമമമായ ധര്‍മ്മപദം നേടിയാല്ലോ? ആര്‍ത്തത്രാണ പരായണനായ അങ്ങയെ ഞാന്‍ നമസ്‌കരിക്കുന്നു.’ ഈവിധം പ്രാര്‍ത്ഥിച്ചുകൊണ്ട് ആനര്‍ത്തന്‍, ഭഗവാനെ വീണ്ടും വീണ്ടും നമസ്‌ക്കരിച്ചു.
ഭക്തനില്‍ മനസ്സലിഞ്ഞ ശ്രീകൃഷ്ണഭഗവാന്‍ ആനര്‍ത്തനോട് ഘനഗംഭീരസ്വരത്തില്‍ പറഞ്ഞു:-‘ ഞാന്‍ ഇപ്പോഴെന്തുചെയ്യാനാണ്? നിനക്കുതരാന്‍, ഭൂമിയില്‍, വേറെ സ്ഥലമില്ലല്ലോ? വരംനല്‍കാമെന്ന എന്റെ വാക്കും തെറ്റിച്ചുകൂടാ. അതുകൊണ്ട്,
‘തസ്മാ ദ്ദേവസ്യ ലോകസ്യ
വൈകുണ്ഠസ്യ പരന്തപ!
ഭൂഖണ്ഡം യോജന ശതം
ദദാമി വിമലം ശുഭം!’
(ദേവലോകവും വിശുദ്ധവും ശുഭസ്ഥാനവുമായ വൈകുണ്ഠത്തില്‍നിന്ന് നൂറുയോജനസ്ഥലം, ഞാന്‍, നിനക്കായി തരുന്നതാണ്.) ഭക്തവത്സലനായ ഭഗവാന്‍, ഉടന്‍തന്നെ, വൈകുണ്ഠത്തില്‍നിന്ന് നൂറുയോജന സ്ഥലം എടുത്ത് ഭീമനാദിനിയായ സമുദ്രമദ്ധ്യത്തില്‍ സ്ഥാപിച്ചു. ആ ദിവ്യസ്ഥാനത്തില്‍ ആനര്‍ത്തന്‍ പുത്രപൗത്രസമേതം ലക്ഷം വര്‍ഷം സസന്തോഷം വാണു. ആനര്‍ത്തന്‍ ഭരിച്ച ആ ദിവ്യദേശം ആനര്‍ത്തം എന്നറിയപ്പെട്ടു.
ആനര്‍ത്തപുത്രനായ രേവതന്‍ ശ്രീശൈലസുതനായ ശ്രേഷ്ഠപര്‍വ്വതത്തെ എടുത്തുകൊണ്ടുവന്ന് അവിടെ സ്ഥാപിച്ചു. രേവതന്‍ സ്ഥാപിച്ചതിനാല്‍ ആ ഗിരിശ്രേഷ്ഠന്‍ രൈവതം എന്നറിയപ്പെട്ടു. രേവതന്‍ ആനര്‍ത്തത്തില്‍ കുശസ്ഥലീപട്ടണം നിര്‍മ്മിച്ച് രാജ്യഭാരം ചെയ്തു. ജരാസന്ധനെ കബളിപ്പിച്ച്, ശ്രീകൃഷ്ണഭഗവാന്‍, ഈ കുശസ്ഥലിയിലാണ് ദ്വാരകാപുരി സൃഷ്ടിച്ചത്! ഭഗവദിച്ഛയാ വിരചിതമായ ആ നഗരം മോക്ഷദ്വാരം (മോക്ഷമാര്‍ഗ്ഗം) എന്ന് പ്രസിദ്ധമായി.
മറ്റെല്ലാകഥകളിലുമെന്നപോലെ ദ്വാരകാഗമനകഥയിലും ചില സൂക്ഷ്മതത്ത്വങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. അതന്വേഷിക്കുന്നതിനുമുമ്പ് ഇക്കഥയുടെ പ്രാരംഭത്തില്‍ സൂചിപ്പിച്ച കൃഷ്ണവിവാഹപരമ്പരിയിലെ സൂചിതം വിശദീകരിക്കാം. പതിനായിരത്തി ഒരുനൂറ്റിയെട്ട് പത്‌നിമാരൊത്ത്, സുഖസൗഭാഗ്യങ്ങളോടെ, ഭഗവാന്‍ കഴിഞ്ഞു എന്ന സൂചനയിലെ സത്യമെന്തെന്നാണാദ്യം ആലോചിക്കേണ്ടത്.
ശ്രീകൃഷ്ണഭഗവാന് പട്ടമഹിഷിമാര്‍ എട്ടുപേരാണ്. രുക്മിണി, സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ, സത്യ, ഭദ്ര, ലക്ഷ്മണ എന്നിവര്‍! ആരാണിവര്‍? വെറും പത്‌നിമാരോ? അല്ല. ‘പത്‌നി, സഹധര്‍മ്മിണിയാണ്.’ ഈ പട്ടറാണിമാര്‍ ശ്രീകൃഷ്ണന്റെ ‘സഹധര്‍മ്മിണി’ മാരായിരുന്നു. അവതാരലീലയിലെ സഹായികള്‍! ഒരാളുടെ ധര്‍മ്മം കര്‍മ്മരൂപമായി പ്രകടമാകുമ്പോള്‍ പ്രവൃത്തിയെ സഹായിക്കുന്ന എട്ടെണ്ണം അഷ്ടയോഗക്രമങ്ങളാണ്. ഓരോന്നും ധര്‍മ്മപത്‌നിയെപ്പോലെ ‘ഭര്‍ത്താവി’നെ അനുസരിക്കും. യമം, നിയമം തുടങ്ങിയ അഷ്ടാംഗയോഗങ്ങളെ പട്ടറാണിമാരായി കണക്കാക്കിയാല്‍ മതി. ധര്‍മ്മ സംസ്ഥാപനത്തിനായവതരിച്ച ഭഗവാനെ, യമനിയമാദ്യഷ്ടമാര്‍ഗ്ഗങ്ങള്‍, കര്‍മ്മചോദകശക്തികളായി സഹകരിച്ചു എന്നുസാരം!
Discussion about this post