തിരുവനന്തപുരം: ഈ വര്‍ഷത്തെ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന്റെ തത്സമയ സംപ്രേഷണം കേരളത്തിലെ എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളെ കാണിക്കുവാന്‍വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയര്‍സെക്കണ്ടറി വകുപ്പ്, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വകുപ്പ്, ഐ.ടി. അറ്റ് സ്‌കൂള്‍, സര്‍വശിക്ഷാ അഭിയാന്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ സ്‌കൂളുകളില്‍ ടെലിവിഷന്‍, ഇന്റര്‍നെറ്റ്, റേഡിയോ എന്നിവ വഴിയാണ് അഭിസംബോധന. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും എല്ലാ പ്രധാനാധ്യാപകര്‍ക്കും നല്‍കിയിട്ടുളളതായും ഡയറക്ടര്‍ അറിയിച്ചു.












